പാലക്കാട്: സംസ്ഥാനത്തെ വിവിധ എഞ്ചിനിയറിങ് കോളേജുകളിലെ ബി.ടെക് പരീക്ഷ ഇന്നും തടസ്സപ്പെട്ടു.
പാലക്കാട് അകത്തേത്തറ എഞ്ചിനിയറിങ് കോളേജിലും ശ്രീകൃഷ്ണപുരം എഞ്ചിനിയറിങ് കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ പരീക്ഷ ബഹിഷ്‌ക്കരിക്കുകയായിരുന്നു. പരീക്ഷ മാറ്റിവെക്കാത്തതിനെ തുടര്‍ന്നായിരുന്നു വിദ്യാര്‍ത്ഥി പ്രതിഷേധം.
അതേസമയം എസ്.എഫ്.ഐയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഒന്‍പത് സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജുകളിലടക്കം 16 കോളേജുകളിലെ പരീക്ഷയാണ് തടസപ്പെട്ടത്.
പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തെ തുടര്‍ന്ന് ഇന്നലെ പല കോളേജുകളിലും പരീക്ഷ തടസ്സപ്പെട്ടിരുന്നു.
മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് ഒന്നാം സെമസ്റ്ററില്‍ തോറ്റ വിഷയം സപ്ലിമെന്ററിയായെഴുതാമെന്നിരിക്കെ തന്നെ ഒരു ദിവസം രാവിലെയും ഉച്ചക്കുമായി രണ്ട് പരീക്ഷകളും വരുന്നെന്നതായിരുന്നു ആദ്യം എതിര്‍പ്പിന് കാരണം. രണ്ട് പരീക്ഷകളുടെ ഇടയിലുള്ള അവധി പോരെന്നാണ് വിദ്യാര്‍ഥികളുടെ പരാതി.
ജനുവരിയില്‍ നടക്കുമെന്ന് കരുതിയ പരീക്ഷ ഡിസംബര്‍ 13 മുതല്‍ നടത്താന്‍ തീരുമാനിച്ചതാണ് ഇപ്പോഴത്തെ എതിര്‍പ്പിനു കാരണം.
സാങ്കേതിക സര്‍വകലാശാലക്കു കീഴിലെ എഞ്ചിനിയറിങ് മൂന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ തടസപ്പെടുത്തിയായിരുന്നു എസ്.എഫ്.ഐ പ്രതിഷേധം.സ്വകാര്യ ഏജന്‍സിയെ പരീക്ഷ നടത്തിപ്പില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ചാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ പരീക്ഷ തടസ്സപ്പെടുത്തുന്നത്.
തിരുവനന്തപുരം സി.ഇ.ടി, ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനീയറിങ് കോളജ് എന്നിവിടങ്ങളിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇന്ന് പരീക്ഷ തടസപ്പെടുത്തിയത്. തൃശൂര്‍ എഞ്ചിനിയറിങ് കോളജില്‍ പൊലീസ് സുരക്ഷയിലാണ് പരീക്ഷ നടന്നത്.