തിരുവനന്തപുരം: കേരള സർക്കാർ പത്മ പുരസ്കാരങ്ങൾക്കായി നിർദേശിച്ച മമ്മൂട്ടിയും എം.ടി വാസുദേവൻ നായരും ഉൾപ്പെടുന്ന 19 പേരുടെ ലിസ്റ്റിൽ കേന്ദ്രം പരിഗണിച്ചത് ചിത്രന്‍ നമ്പൂതിരിപ്പാടിനെ മാത്രം.
പത്മവിഭൂഷൻ പുരസ്കാരത്തിനായി എം. ടി. വാസുദേവൻ നായരെയും പത്മഭൂഷണിനായി സിനിമാനടൻ മമ്മൂട്ടിയെയുമാണ് സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നത്. സംവിധായകൻ ഷാജി. എൻ. കരുൺ, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയസ് ക്ലിമ്മീസ് കാതോലിക്കാ ബാവ കായിക രംഗത്തുനിന്ന് പി.ആർ ശ്രീജേഷ്, ഐ.എം.വിജയന്‍, മാനുവൽ ഫെഡറിക്, രഞ്ജിത് മഹേശ്വരി എന്നിവരെയും സാഹിത്യരംഗത്തുനിന്ന് സി.രാധാകൃഷ്ണൻ, ടി. പത്മനാഭൻ, എം. കെ. സാനു, ബെന്യാമിൻ എന്നിവരെയും സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ സർക്കാർ നിർദേശിച്ച ലിസ്റ്റിൽ നിന്ന് ചിത്രന്‍ നമ്പൂതിരിപ്പാട് ഒഴികെ മറ്റാരും പരിഗണിക്കപ്പെട്ടില്ല.
റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചാണ് പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, പദ്മശ്രീ ബഹുമതികൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമ ബീവി (മരണാനന്തരം), മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി.യുടെ മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാല്‍ തുടങ്ങിയവർക്ക് പദ്മഭൂഷണ്‍ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. മുൻ തിരുവിതാകൂർ രാജകുടുംബാംഗമായ ഗൗരി ലക്ഷമിഭായ് ഉൾപ്പെടയുള്ളവർക്ക് അർഹമല്ലാത്ത പത്മശ്രീ പുരസ്ക്കാരം ലഭിച്ചുവെന്ന് വ്യാപകമായി ആരോപണം ഉയർന്നിരുന്നു.
അതേ സമയം മമ്മൂട്ടി, ശ്രീകുമാരൻ തമ്പി തുടങ്ങിയവർക്ക് പത്മ പുരസ്‌ക്കാരങ്ങൾ നൽകാത്തതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത് വന്നിരുന്നു.
Content Highlight : central government did not considered the list given by Kerala state government for Padma Awards