| Friday, 29th March 2019, 2:37 pm

സംഝോത കേസ് ഹിന്ദു സമൂഹത്തിന് കളങ്കമുണ്ടാക്കി; കോണ്‍ഗ്രസ് മാപ്പു പറയണമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസ് ഹിന്ദു സമൂഹത്തിനാകെ കളങ്കമായെന്നും കോണ്‍ഗ്രസ് മാപ്പു പറയണമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയുള്ള പഞ്ചഗുള കോടതിയുടെ വിധി ന്യായം വന്നതിനു പിന്നാലെയാണ് ജെയ്റ്റ്‌ലി ഇത്തരമൊരു ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്.

രാഷ്ട്രീയ നേട്ടത്തിനായി ഹിന്ദു ഭീകരവാദം എന്ന വാക്ക് കോണ്‍ഗ്രസ് ആണ് സൃഷ്ടിച്ചത്. “ഈ തിയറി സൃഷ്ടിക്കാനായി വ്യാജ തെളിവുകളുടെ അടിസ്ഥാനത്തില്‍ അവരാണ് കേസ് ഫയല്‍ ചെയ്തത്. പക്ഷേ കോടതി അതില്‍ തീരുമാനമെടുത്തു. യാതൊരു തെളിവുമില്ലാത്ത കേസാണ് സംഝോത എക്‌സ്പ്രസ് കേസ്. ഹിന്ദു തീവ്രവാദം എന്ന വാക്ക് രൂപീകരിച്ചവര്‍ തന്നെ ഇപ്പോള്‍ ദൈവവിശ്വാസം പ്രകടിപ്പിക്കുകയാണ്.” എന്നാണ് ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ജെയ്റ്റ്‌ലി പറഞ്ഞത്.

സംഝോത എക്സ്പ്രസ് സ്ഫോടനക്കേസില്‍ പ്രതികളെ വെറുതെ വിടേണ്ടി വന്നത് പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ കാരണമാണെന്നായിരുന്നു വിധി ന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടിയത്. ശക്തമായ തെളിവുകളുടെ അഭാവം കാരണമാണ് ഈ “ക്രൂരമായ ഹിംസ ശിക്ഷിക്കപ്പെടാതെ” പോയതെന്നാണ് കോടതി പറഞ്ഞത്.

” തീവ്രവാദത്തിന് മതമില്ല. കാരണം ഒരു മതവും ഹിംസ പ്രചരിപ്പിക്കുന്നില്ല. ഒരു കോടതിക്കും പൊതുധാരണയുടെ അല്ലെങ്കില്‍ രാഷ്ട്രീയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ കഴിയില്ല. ആത്യന്തികമായി തെളിവുകളാണ് നിയമത്തില്‍ ഏറ്റവും പ്രധാനം.” എന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ജഗ്ദീപ് സിങ് വിധിന്യായത്തില്‍ പറഞ്ഞിരുന്നു.

Also read:50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണിയാല്‍ വോട്ടെണ്ണല്‍ ആറ് ദിവസം നീളും; സുപ്രീം കോടതിയില്‍ എതിര്‍പ്പുമായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍

“ഏറെ വേദനയോടെയും ദേഷ്യത്തോടെയുമാണ്” ഈ വിധിന്യായം എഴുതേണ്ടി വന്നതെന്നു പറഞ്ഞാണ് അദ്ദേഹം ഉപസംഹരിച്ചത്.

മുസ്‌ലിം തീവ്രവാദം ഹിന്ദു മതമൗലികവാദം തുടങ്ങിയ വാക്കുകള്‍ സൃഷ്ടിച്ച് കുറ്റകൃത്യങ്ങളെ ഏതെങ്കിലും മതവുമായോ സമുദായവുമായോ കൂട്ടിയോജിപ്പിച്ച് കളങ്കമുണ്ടാക്കിയതിന് അന്വേഷണ ഏജന്‍സിയെ കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

“ഏതെങ്കിലും മതത്തിലെ, ജാതിയുടെ സമുദായത്തിലെ കുറ്റകൃത്യങ്ങളുടെ ഘടകത്തെ ആ മതത്തെ പ്രതിനിധീകരിക്കുന്ന ഒന്നായി ഉയര്‍ത്തിക്കാട്ടരുത്. അത്തരം ക്രിമിനല്‍ ഘടകങ്ങളെ മുളയിലേ നുള്ളുകയാണ് മനുഷ്യരാശിയുടെ നന്മയ്ക്കായി ചെയ്യേണ്ടത്. അല്ലാത്തപക്ഷം രാജ്യം ആഭ്യന്തര യുദ്ധത്തിലേക്കോ സഹോദരഹത്യയിലേക്കോ നയിക്കപ്പെടും.” എന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്.

സംഝോത എക്സ്പ്രസ് സ്ഫോടനവുമായി ബന്ധപ്പെട്ട് സ്വാമി അസീമാനന്ദ ഉള്‍പ്പെടെ എല്ലാ പ്രതികളേയും മാര്‍ച്ച് 20ന് കോടതി വെറുതെ വിട്ടിരുന്നു. 43 പാക്കിസ്ഥാനികളും 10 ഇന്ത്യക്കാരും 15 അജ്ഞാതരും ഉള്‍പ്പെടെ 68 പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

We use cookies to give you the best possible experience. Learn more