കൊച്ചി: രണ്ടു ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ കൊച്ചി തീരത്ത് തടഞ്ഞുവെച്ചിരിക്കുന്ന ഇറ്റാലയിന്‍ കപ്പല്‍ എന്റിക ലെക്‌സി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കപ്പല്‍ ഉടമകള്‍ സുപ്രീംകോടതിയിലേക്ക്. കപ്പല്‍ ഉപാധികളോടെ വിട്ടുനല്‍കാനുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടിയെ ചോദ്യം ചെയ്താണ് ഉടമകള്‍ സുപ്രീംകോടതിയിയെ സമീപിക്കുന്നത്.
കപ്പല്‍ വിട്ടുകിട്ടുന്നതിനായി കേസ് പരിഗണിക്കുന്ന മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയിരുന്നത്. കപ്പല്‍ പിടിച്ചിട്ടിരിക്കുന്നത് കമ്പനിക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉടമകള്‍ കോടതിയെ സമീപിച്ചപ്പോള്‍, മൂന്നു കോടി രൂപ കൊച്ചി തുറമുഖ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ മുന്‍പാകെ കെട്ടിവെച്ച് ആവശ്യം വരുന്ന സമയത്ത് കപ്പലും ക്യാപ്റ്റനുമടക്കം ജീവനക്കാരെ ഹാജരാക്കാമെന്ന സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ കപ്പല്‍ വിട്ടുകൊടുക്കാമെന്നാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളി ജലസ്റ്റിന്റെ ഭാര്യ നല്‍കിയ ഹരജി പരിഗണിച്ച് ഡിവിഷന്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കുകയായിരുന്നു.
ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നത് വരെ കപ്പല്‍ വിട്ട് കൊടുക്കരുതെന്ന സംസഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. എന്നാല്‍, കപ്പല്‍ വിട്ട് കൊടുക്കാമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരും മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റും സ്വീകരിച്ചിരുന്നത്.