'കെജ്‌രിവാളിനെ താഴെയിറക്കാന്‍ തയ്യാറായിക്കോളൂ'; ദല്‍ഹി പിടിക്കാന്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി
D' Election 2019
'കെജ്‌രിവാളിനെ താഴെയിറക്കാന്‍ തയ്യാറായിക്കോളൂ'; ദല്‍ഹി പിടിക്കാന്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd June 2019, 8:53 am

ന്യൂദല്‍ഹി:ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കെജരിവാള്‍ സര്‍ക്കാരിനെ പുറത്താക്കാന്‍ ഒരുങ്ങിക്കോളാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് ബി.ജെ.പി നേതാവ് മനോജ് തിവാരി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നേട്ടത്തിന് പിന്നാലെയാണ് തിവാരി ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പും ലക്ഷ്യമിട്ടിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച അതേ വഴിയിലൂടെ കെജ്‌രിവാള്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ നമുക്ക് കഠിനമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നായിരുന്നു പ്രവര്‍ത്തകരോട് തിവാരി പറഞ്ഞത്.

എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കെജ്‌രിവാള്‍ സര്‍ക്കാരും ഒരുങ്ങി കഴിഞ്ഞു. പലയിടങ്ങളിലും ദല്‍ഹി കെജ്‌രിവാളിനുള്ളതാണ് എന്ന് എഴുതിയ പോസ്റ്ററുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

കെജ്‌രിവാള്‍ ദല്‍ഹി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെ ഉയര്‍ത്തി വോട്ട് ചോദിക്കുമ്പോള്‍ തിവാരി ബി.ജെ.പി പ്രവര്‍ത്തകരോട് ഭരണം പിടിച്ചെടുക്കാന്‍ തയ്യാറിയിക്കോളൂ എന്ന് പറയുകയാണ്.

നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കുറിച്ച് കെജ്‌രിവാള്‍ പറഞ്ഞത് ദല്‍ഹിയിലെ ആംആദ്മി സര്‍ക്കാരിന് നെഗറ്റീവുകളൊന്നുമില്ല, ലോക്‌സഭാ തെരഞ്ഞെടുപ്പ് എന്നത് വളരെ വലിയതാണ്. രാഹുല്‍ജിയുടേയും മോദിജിയുടേയും തെരഞ്ഞെടുപ്പാണ്. അത് കെജ്‌രിവാളിന്റെ തെരഞ്ഞെടുപ്പ് അല്ല. നിങ്ങളുടെ തെരഞ്ഞെടുപ്പ് വരികയാണ്. നിങ്ങളുടെ പ്രവര്‍ത്തിക്കനുസരിച്ച് നിങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്നായിരുന്നു കെജ്‌രിവാള്‍ പറഞ്ഞത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി ദല്‍ഹിയില്‍ ഏഴ് സീറ്റില്‍ മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല.