|

സോളമനും സോഫിയും പോലെ; ജന ഹൃദയം കീഴടക്കാന്‍ ഇതാ അവര്‍ വരുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘ഉത്തമഗീതം 7:12’ മലയാളസിനിമയില്‍ ഇത്രത്തോളം ആഘോഷിക്കപ്പെട്ട മറ്റൊരു ബൈബിള്‍ വാചകം ഉണ്ടാവില്ല.  ‘നമ്മുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’ എന്ന മോഹന്‍ലാല്‍ സിനിമയില്‍ സോളമന്‍ സോഫിയയോട് തന്റെ പ്രണയം പറയാന്‍ കടമെടുത്ത ബൈബിള്‍ വചനമാണത്. അന്നേ വരെ ഉത്തമഗീതം വായിച്ചറിഞ്ഞിട്ടില്ലാത്ത പലരും അത് തപ്പിയിറങ്ങി.

‘നമുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപാര്‍ക്കാം, അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളില്‍ പോയി, മുന്തിരിവള്ളി തളിര്‍ത്തു പൂ വിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്ന് നോക്കാം, അതിന്റെ അടുത്ത ലൈന്‍ എന്താണെന്നറിയാമോ? ‘ഊഹ്ം’ ‘അല്ലേ വേണ്ടാ’ ‘പറയൂ’
‘പോയി ബൈബിള്‍ എടുത്തുവച്ച് നോക്ക്’.വീട്ടില്‍ പോയി ബൈബിളെടുത്ത് ഉത്തമഗീതം എന്ന സോങ് ഓഫ് സോളമന്‍ 7:12 മുഴുവന്‍ വായിച്ച സോഫിക്ക് പുഞ്ചിരിയില്‍ നാണം തെളിഞ്ഞു.

ഇപ്പോഴിതാ 37 വര്‍ഷങ്ങള്‍ക്കിപ്പുറം ‘എന്താടാ സജി’ എന്ന സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രത്തിലെ നായികയായ സജിമോളോട് റോക്കിപ്പുണ്യാളനായ കുഞ്ചാക്കോ ബോബന്‍ പറയുന്ന ബൈബിള്‍ വാക്യം ‘ഉല്‍പ്പത്തി 3 : 19′. നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പിലെ ബൈബില്‍ വചനം പോലെ ഇതും വൈറലാകാന്‍ സാധ്യതയുണ്ട്. ഉല്‍പ്പത്തി 3 : 19 – ”മണ്ണില്‍നിന്ന് എടുക്കപ്പെട്ട നീ, മണ്ണിനോടു ചേരുന്നതുവരെ, നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ഭക്ഷണം സമ്പാദിക്കും. നീ പൊടിയാണ്, പൊടിയിലേക്കുതന്നെ നീ മടങ്ങും’.

ഗോഡ്ഫി ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, നിവേദിത തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാജഹാനും പരീക്കുട്ടിയുമെന്ന സിനിമക്ക് ശേഷം ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

മാജിക് ഫ്രെയിംസാണ് സിനിമ തിയേറ്ററുകളിലെത്തിക്കുന്നത്. കോമഡി, ഡ്രാമ, ഫാന്റസി ഴോണറില്‍പ്പെടുന്ന സിനിമയാണ് ‘എന്താടാ സജി’. ഏപ്രില്‍ 8നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

content highlight: enthada saji movie trailer

Latest Stories