‘ദി ബാറ്റില്‍ അറ്റ് ലേക്ക് ചാങ്ജിന്‍’ എന്ന സിനിമയെക്കുറിച്ച് എത്ര പേര്‍ കേട്ടിട്ടുണ്ടെന്ന് അറിയില്ല. എന്നാല്‍ 2021 ല്‍ ഏറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയത് ഈ ചൈനീസ് ചിത്രമാണ്.
ചൈനയും അമേരിക്കയും തമ്മിലുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ഈ ചിത്രം ചൈനയില്‍ ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ്. 200 മില്യണ്‍ ഡോളറായിരുന്നു ചിത്രത്തിന്റെ ബഡ്ജറ്റ്.
889.5 മില്യണ്‍ ഡോളറാണ് ചിത്രം ബോക്‌സ് ഓഫീസില്‍ വാരിക്കൂട്ടിയത്. മറ്റൊരു ചൈനീസ് ചിത്രമായ ‘ഹായ് മോം’ ആണ് ഏറ്റവുമധികം കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രം. ജയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ’ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ചരിത്രപരമായ യാഥാര്‍ത്ഥ്യം തികച്ചും വ്യത്യസ്തമാണെങ്കിലും യു.എസ് സേനയ്ക്കെതിരെ ചൈന ഇതിഹാസ വിജയം നേടിയതായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഇതിന്റെ പേരില്‍ സിനിമക്കെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഹോളിവുഡ് ചിത്രങ്ങളെല്ലാം അമേരിക്കയില്‍ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ ചൈനയില്‍ റിലീസ് ചെയ്തിരുന്നു. ഹോളിവുഡ് ചിത്രങ്ങളുടെ സാമ്പത്തിക വിജയത്തില്‍ ഇത് മുഖ്യപങ്ക് വഹിച്ചു.
എന്നാല്‍ 2019 ല്‍ സ്‌പൈഡര്‍മാന്‍ റിലീസ് ചെയ്തതിന് ശേഷം ഒരു ഹോളിവുഡ് സിനിമകളും ചൈനയില്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല. ചൈനീസ് അധികൃതര്‍ സെന്‍സര്‍ഷിപ്പിലൂടെയും മറ്റ് നിയന്ത്രണങ്ങളിലൂടെയും ഹോളിവുഡ് ചിത്രങ്ങള്‍ക്ക് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചു. ഇത് ദി ബാറ്റില്‍ അറ്റ് ലേക്ക് ചാങ്ജിന്‍ എന്ന ചിത്രത്തിന്റ സാമ്പത്തിക നേട്ടത്തിന് കാരണമായി.
വു ജിംഗ്, ജാക്സണ്‍ യീ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് ചെന്‍ കൈഗെ, സുയി ഹാര്‍ക്ക്, ഡാന്റെ ലാം എന്നിവര്‍ ചേര്‍ന്നാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: entertainment-others/battle-at-lake-changjin-chinese-war-film-world-biggest-earner-propaganda