|

കാശുവാരി ജാന്‍ എ മന്‍; കേരളത്തിലെ തിയറ്റര്‍ കളക്ഷന്‍ 10 കോടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുറുപ്പ്, മരക്കാര്‍ എന്നീ ബിഗ്ബജറ്റ് ചിത്രങ്ങളുടെ ആരവങ്ങള്‍ക്കിടയില്‍ നിശബ്ദമായി വന്ന് അപ്രതീക്ഷിത വിജയം നേടിയ സിനിമയാണ് ജാന്‍ എ മന്‍. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ നാല് ആഴ്ചകത്തെ സിനിമയുടെ കേരള ഗ്രോസ് കളക്ഷന്‍ പുറത്ത് വിട്ടിരിക്കുകയാണ്. പത്ത് കോടിയാണ് സിനിമ അതുവരെ തിയേറ്ററുകളില്‍ നിന്നും വാരിയത്.

കാനഡയിലെ ഏകാന്തജീവിതത്തിന്റെ വിരസത മാറ്റാന്‍ നാട്ടിലെത്തിയ ജോയ്‌മോന്‍ കൂട്ടുകാരന്റെ വീട്ടില്‍ തന്റെ ബെര്‍ത്തഡെ ആഘോഷിക്കുന്നതിനിടയില്‍ തൊട്ടടുത്ത വീട്ടില്‍ ഒരു മരണം നടക്കുന്നു. തുടര്‍ന്ന് നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്.

ഒ.ടി.ടിക്ക് വേണ്ടി ഒരുക്കിയ സിനിമ ഒടുവില്‍ തിയേറ്ററില്‍ റിലീസ് ചെയ്യുകയായിരുന്നു. നവാഗതനായ ചിദംബരമാണ് ചിത്രം സംവിധാനം ചെയ്തത്. ജാന്‍ എ മനില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ഗണപതിയുടെ സഹോദരന്‍ കൂടിയാണ് ചിദംബരം.

ബി.സി.എ പഠിക്കാന്‍ ചേര്‍ന്ന ചിദംബരം പാതിവഴിയില്‍ പഠനം നിര്‍ത്തി സിനിമയിലേക്ക് തിരിയുകയായിരുന്നു. ജയരാജ്, രാജീവ് രവി, കെ.യു മോഹന്‍ എന്നിവര്‍ക്കൊപ്പമെല്ലാം ജോലി ചെയ്ത ചിദംബരം തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും അസിസ്റ്റന്റ് ക്യാമറമാനായിരുന്നു. സംവിധാനവും ഛായാഗ്രഹണം രണ്ട് മേഖലയിലും മാറി മാറി വര്‍ക്ക് ചെയ്തിട്ടുണ്ട്.

അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നിവരാണ് ജാന്‍.എ.മനില്‍ അണിനിരക്കുന്നത്. ലാലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

വികൃതി എന്ന സിനിമക്ക് ശേഷം ചീര്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സജിത്ത് കൂക്കള്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: chidambaram-janeman-film-kerala-gross-collection