| Saturday, 14th October 2023, 12:16 pm

നോട്ട്ബുക്കിലൂടെ സിനിമയിലെത്തി; അടുത്ത സിനിമ മോഹന്‍ലാലിനൊപ്പം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് 2006ല്‍ ഇറങ്ങിയ ‘നോട്ട്ബുക്ക്’. റോമ, പാര്‍വതി തിരുവോത്ത്, മരിയ, സ്‌കന്ദ അശോക്, സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവരായിരുന്നു സിനിമയില്‍ പ്രധാനവേഷങ്ങള്‍ ചെയ്തത്.

‘നോട്ട്ബുക്കി’ലൂടെ സിനിമയിലേക്ക് വന്ന് പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 2018 ല്‍ മോഹന്‍ലാലിനൊപ്പം ‘ഒടിയന്‍’ സിനിമയിലേക്ക് വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഹരിത്. ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ’14 ഫെബ്രുവരി’ എന്ന തന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു താരം.

‘2006ലാണ് ‘നോട്ട്ബുക്ക്’ സിനിമ വരുന്നത്. അതില്‍ വളരെ ചെറിയ ഒരു റോളായിരുന്നു ഞാന്‍ ചെയ്തത്. ആ റോള്‍ ചെറുതാണെങ്കില്‍ പോലും ആ സിനിമ തന്ന സന്തോഷം വളരെ വലുതായിരുന്നു. ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ തന്നെ എനിക്ക് സിനിമ താല്‍പര്യമുണ്ടായിരുന്നു. എല്ലാ സിനിമകളും കാണുമായിരുന്നു.

എന്നാല്‍ എന്റെ അമ്മക്ക് ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ താത്പര്യമുണ്ടായിരുന്നില്ല. ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ നമ്മളെ പിടിച്ചു നിര്‍ത്താന്‍ പറ്റില്ലല്ലോ. അങ്ങനെയാണ് ‘ഒടിയന്‍’ സിനിമക്ക് വേണ്ടി ഓഡീഷന് പോകുന്നത്. അതില്‍ നല്ല ഒരു റോളായിരുന്നു കിട്ടിയത്. ആ സിനിമ ഒരുപാടാളുകള്‍ കണ്ടു.

പിന്നെ കൊറോണ വന്നപ്പോള്‍ ചെറിയ ബ്രേക്ക് വന്നു. അതുകഴിഞ്ഞ് ‘മേപ്പടിയാനും’ ‘പകലും പാതിരാവും’ ചെയ്തു. പിന്നെ ‘ഏതം’ എന്ന ഒരു സിനിമ ചെയ്തു. ഇനി റിലീസാവാന്‍ രണ്ടോ മൂന്നോ സിനിമകള്‍ കൂടെയുണ്ട്.

ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് വീട്ടുക്കാര്‍ക്ക് താത്പര്യമില്ലാത്തതില്‍ അവരെ കുറ്റപെടുത്താന്‍ പറ്റില്ല. നമ്മള്‍ രജിസ്‌ട്രേഡാകുന്ന ഒരു കഥാപാത്രം ചെയ്യുന്നത് വരെ അങ്ങനെയാണ്. അത്തരത്തിലൊര് പ്രൊഫഷനാണ് സിനിമ.

എനിക്ക് ഏറ്റവും സന്തോഷം തോന്നിയ നിമിഷം ഒടിയനിലായിരുന്നു. അതില്‍ എന്റെ ആദ്യ സീന്‍ ലാല്‍ സാറിനും മഞ്ജു മാഡത്തിനും പ്രകാശ് രാജ് സാറിനുപ്പൊമായിരുന്നു. അവരുടെ കൂടെയുള്ള ഫസ്റ്റ് ഷോട്ട് എന്റെ ഭാഗ്യമായിട്ടാണ് കരുതുന്നത്.

ആ സിനിമയിലെ എല്ലാ നിമിഷങ്ങളും എനിക്ക് ഒരുപാട് പ്രധാനപ്പെട്ടതാണ്. ഒടിയനില്‍ പീറ്റര്‍ ഹെയ്ന്‍ ആണ് ഫൈറ്റ് ചെയ്തിരിക്കുന്നത്. എനിക്ക് അതില്‍ ഒരു സീന്‍ ഉണ്ടായിരുന്നു. അത് ഞാന്‍ ഏകദ്ദേശം 27 ടേക്ക് എടുത്തിട്ടുണ്ട്. ലാല്‍ സാറിന് ഒരാളുടെ മുകളിലൂടെ ഫ്‌ളിപ്പ് ചെയ്യുന്ന സീനുണ്ട്. അത് സാറ് ഫസ്റ്റ് ടേക്കില്‍ ഓക്കെയാക്കിയിരുന്നു,’ ഹരിത് പറയുന്നു.

Content Highlight: Entered Film Industry Through The Notebook Movie And Next Movie With Mohanlal

Latest Stories

We use cookies to give you the best possible experience. Learn more