| Monday, 28th February 2022, 3:02 pm

ഉക്രൈനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടണം: ഹൈക്കോടതിയില്‍ രക്ഷിതാക്കളുടെ ഹരജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: റഷ്യന്‍ അധിനിവേശത്തില്‍ ഉക്രൈനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

രക്ഷിതാക്കള്‍ക്കൊപ്പം ഹൈക്കോടതി അഭിഭാഷക അസോസിയേഷനും ഹരജി നല്‍കിയിട്ടുണ്ട്.

ഭക്ഷണവും പണവുമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ സാമ്പത്തിക സഹായം ഉറപ്പാക്കണം. അതിര്‍ത്തിയിലേക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ ഉക്രൈന്‍ ഉദ്യോഗസ്ഥരുമായി കൂടിയോലചന നടത്താന്‍ ഉദ്യോഗസ്ഥരെ ചുമതപ്പെടുത്തണം തുടങ്ങിയ കാര്യങ്ങളാണ് ഹരജിയില്‍ പറയുന്നത്.

ഉക്രൈന്‍ പട്ടാളത്തില്‍ നിന്ന് കടുത്ത വിവേചനം നേരിടുകയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. നിയന്ത്രണത്തിന്റെ പേരില്‍ അതിര്‍ത്തിയില്‍ വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും ചെയ്യുന്നു. തണുപ്പുള്ള കാലാവസ്ഥയില്‍ അവശ്യത്തിന് ഭക്ഷണം ഇല്ലാതെ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടിലാണ്. അതിനാല്‍ ഇക്കാര്യങ്ങളില്‍ ഇടപെടണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, ഉക്രൈനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കീവില്‍ വാരാന്ത്യ കര്‍ഫ്യൂ ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നാട്ടിലേക്ക് വരാന്‍ തയാറെടുത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലേക്ക് പോകാന്‍ അവിടുത്തെ റെയില്‍വേ സൗകര്യം ഒരുക്കിയിട്ടുണ്ട്.

പ്രത്യേക ട്രെയിന്‍ സര്‍വീസ് ഉക്രൈന്‍ റെയില്‍വേ ആരംഭിക്കുന്നു എന്നാണ് വിവരം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താന്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണം. യാത്രയില്‍ വേണ്ട മുന്‍കരുതലുകളും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പറഞ്ഞു.

ഉക്രൈനില്‍ തങ്ങുന്ന ഇന്ത്യക്കാരുടെ ആകെ വിവരങ്ങള്‍ ശേഖരിച്ച് സംസ്ഥാനങ്ങള്‍ക്ക് കൈമാറാമെന്ന് കാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് ലഭ്യമായ ഉടനെ ജില്ലാ കലക്ടര്‍മാര്‍ക്ക് അയച്ചുകൊടുത്ത് ഓരോ രക്ഷിതാവുമായും ബന്ധപ്പെടും.

നോര്‍ക്കയുടെ കൈവശം ലഭിച്ച വിവരങ്ങള്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അയച്ചുകൊടുത്ത് കുടുംബങ്ങളെ ബന്ധപ്പെടാന്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Content Highlights:  ensure the safety of Malayalee students stranded in Ukraine: Parents’ petition in the High Court

We use cookies to give you the best possible experience. Learn more