| Tuesday, 9th April 2019, 12:33 pm

ഇടതുമുന്നണിയെ തോല്‍പ്പിക്കാന്‍ ബി.ജെ.പി-യു.ഡി.എഫ് പരസ്യ ധാരണ വേണം: മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നും സ്വാമി ചിദാനന്ദപുരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ തോല്‍പ്പിക്കാന്‍ ബി.ജെ.പി യു.ഡി.എഫുമായി പരസ്യ ധാരണയുണ്ടാക്കണമെന്ന് ശബരിമല കര്‍മ സമിതി നേതാവ് സ്വാമി ചിദാനന്ദ പുരി.

ഹിന്ദു സമൂഹത്തെ അപമാനിച്ചതിനും വേദനിപ്പിച്ചതിനുമുള്ള മറുപടി ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കണം. 20 സീറ്റുകളിലും വിജയിക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യം ബി.ജെ.പി മനസിലാക്കണം. ഹിന്ദു വോട്ടുകള്‍ മാത്രം നേടിയെടുക്കുന്നതിന് പകരമായി പ്രാക്ടിക്കലായി ചിന്തിക്കണമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.

പാര്‍ട്ടി ശക്തമല്ലാത്ത സ്ഥലങ്ങളില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് സി.പി.ഐ.എം നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞതാണെന്നും ഇതേ തന്ത്രം ബി.ജെ.പിയും സ്വീകരിക്കണമെന്നും ചിദാനന്ദപുരി പറയുന്നു.

ബി.ജെ.പി അവരുടെ ശ്രദ്ധ സ്വാധീനമുള്ള രണ്ടോ മൂന്നോ മണ്ഡലങ്ങളിലേക്ക് ഒതുക്കണം. ഇത് എന്റെ സ്വന്തം അഭിപ്രായമാണ്. ഹിന്ദു സമൂഹത്തിലെ നിരവധി പേര്‍ ഇതേ രീതിയില്‍ ചിന്തിക്കുന്നുണ്ടാകാം. കേരളത്തിലെ വിവിധയിടങ്ങളില്‍ യാത്ര ചെയ്യുകയും ആളുകളുമായി സംവദിക്കുകയും ചെയ്തതിലൂടെ അവരുടെ പള്‍സ് തനിക്ക് അറിയാം. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നും ചിദാനന്ദപുരി പറഞ്ഞു.

തിരുവനന്തപുരവും പത്തനംതിട്ടയും പോലെയുള്ള മണ്ഡലങ്ങളില്‍ യു.ഡി.എഫ് ബി.ജെ.പിക്ക് വോട്ട് ചെയ്യണം. മറ്റു മണ്ഡലങ്ങളില്‍ ബി.ജെ.പി തിരിച്ച് യു.ഡി.എഫിനെ സഹായിക്കുന്ന രീതിയിലായിരിക്കണം ധാരണ- ചിദാനന്ദപുരി പറയുന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലുമെല്ലാം കോണ്‍ഗ്രസിന്റേയും മുസ് ലീം ലീഗിന്റേയും കേരള കോണ്‍ഗ്രസിന്റേയും വോട്ടുകള്‍ ഉറപ്പിക്കാനാകണം. എല്‍.ഡി.എഫിന്റെ പരാജയം ഉറപ്പുവരുത്തുകയാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രധാനം.

പിണറായി വിജയന് കീഴില്‍ ഹിന്ദു വിശ്വാസങ്ങളും വികാരങ്ങളും അടിച്ചമര്‍ത്തപ്പെടുകയാണെന്നും ശബരിമലയില്‍ മാത്രമല്ല അഗസ്ത്യാര്‍കൂടത്തിലും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലുമെല്ലാം സമാനമായ അതിക്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

We use cookies to give you the best possible experience. Learn more