ന്യൂദൽഹി: പൊതു കെട്ടിടങ്ങളിൽ മാതാവിനും കുഞ്ഞിനും പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാരുകൾ ഉറപ്പു വരുത്തണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. കുഞ്ഞുങ്ങൾക്കുള്ള ഫീഡിങ് റൂം നിർബന്ധമായും ഉണ്ടാകണമെന്നും അവിടെ അമ്മമാർക്ക് സ്വകാര്യത ഉറപ്പ് വരുത്തണമെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ ബി. വി. നാഗരത്ന, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. ‘പൊതുസ്ഥലങ്ങളിലെ കെട്ടിട നിർമാണ ഘട്ടത്തിൽ അമ്മയ്ക്കും കുഞ്ഞിനും പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാരുകൾ ഉറപ്പു വരുത്തണം,’ ബെഞ്ച് പറഞ്ഞു.
പൊതു ഇടങ്ങളിൽ ശിശുക്കൾക്കും അമ്മമാർക്കും ഫീഡിങ് റൂമുകൾ, ചൈൽഡ് കെയർ റൂമുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും സൗകര്യങ്ങൾ നിർമിക്കാൻ നിർദേശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി. മുലയൂട്ടുന്ന അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും മൗലികാവകാശം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും കുട്ടികൾക്കായി പ്രത്യേക ഇടങ്ങൾ നീക്കിവയ്ക്കുന്നതിനും അധികാരികൾക്ക് നിർദേശം നൽകുക എന്നതാണ് ഹരജിയിലെ ആവശ്യം.
2024 ഫെബ്രുവരി 27ന് വനിതാ-ശിശു വികസന മന്ത്രാലയ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും (യു.ടി) ചീഫ് സെക്രട്ടറിമാർക്കും അഡ്മിനിസ്ട്രേറ്റർമാർക്കും ഈ വിഷയത്തിൽ ഒരു കത്ത് നൽകിയതായി കേന്ദ്രത്തിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നോട്ടീസ് നൽകിയിട്ടില്ലെന്ന് ബോധ്യമുണ്ടെന്ന് ബെഞ്ച് പറഞ്ഞു.
സംസ്ഥാനങ്ങൾ ഈ നിർദേശം പാലിച്ചാൽ, മുലയൂട്ടുന്ന സമയത്ത് അമ്മമാർക്കും കുഞ്ഞുങ്ങൾക്കും സ്വകാര്യത സുഗമമാക്കുന്നതിന് ഇത് വളരെയധികം സഹായിക്കുമെന്ന് ബെഞ്ച് പറഞ്ഞു. ‘കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പ്രസ്തുത ഉപദേശം ഭരണഘടനയുടെ ആർട്ടിക്കിൾ 14 ഉം 15 (3) ഉം പ്രകാരം ഉറപ്പാക്കിയിരിക്കുന്ന മൗലികാവകാശങ്ങൾക്ക് അനുസൃതമാണെന്ന് ഞങ്ങൾ കണ്ടെത്തി,’ കോടതി പറഞ്ഞു.
സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാരെയും അഡ്മിനിസ്ട്രേറ്റർമാരെയും ഉടൻ തന്നെ വിവരം
അറിയിക്കണമെന്നും ഒപ്പം കോടതി ഉത്തരവിന്റെ പകർപ്പ് അതിൽ ഉൾപ്പെടുത്താനും കോടതി കേന്ദ്രത്തോട് നിർദേശിച്ചു. ഹരജി തീർപ്പാക്കിയ ബെഞ്ച് രണ്ടാഴ്ചയ്ക്കുള്ളിൽ കേന്ദ്രത്തിന്റെ നിർദേശം പാലിക്കണമെന്ന് സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
Content Highlight: Ensure child care, feeding rooms in public buildings: SC to States