കെ.ജി ബാലകൃഷ്ണന്റെ ജാതിയെക്കുറിച്ച് നരവംശശാസ്ത്ര അന്വേഷണം
Daily News
കെ.ജി ബാലകൃഷ്ണന്റെ ജാതിയെക്കുറിച്ച് നരവംശശാസ്ത്ര അന്വേഷണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st December 2014, 12:26 pm

k.g-balakrishnanതിരുവനന്തപുരം: ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനും സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ കെ.ജി. ബാലകൃഷ്ണന്‍, എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, പി.കെ. ബിജു എന്നിവരുടെ ജാതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഗവര്‍ണര്‍ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ജാതിസര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് പട്ടികജാതി ക്ഷേമ സമിതി പ്രസിഡന്റ് കുട്ടന്‍ കട്ടച്ചിറ ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. മൂന്നുമാസത്തിനകം അന്വേഷണ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടു നല്‍കാനാണ് കിര്‍ത്താഡ്‌സിന് പിന്നോക്കക്ഷേമ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ 12നു പിന്നാക്കക്ഷേമമന്ത്രി എ.പി. അനില്‍കുമാറാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. നരവംശശാസ്ത്ര പഠന റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കെ.ജി. ബാലകൃഷ്ണന്‍, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍, മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷ് എന്നിവരെക്കുറിച്ച് അന്വേഷണം നടത്തുന്നത്. കോട്ടയം, മാഞ്ഞൂര്‍ വെളിയപ്പറമ്പില്‍ ജയദേവന്റെ പരാതി പ്രകാരമാണു ആലത്തൂര്‍ എം.പി പി.കെ. ബിജുവിനെപ്പറ്റിയുള്ള അന്വേഷണം.

കെ.ജി. ബാലകൃഷ്ണനെക്കുറിച്ചു വിശദമായ നരവംശശാസ്ത്രാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പട്ടികജാതി/വര്‍ഗ വികസനവകുപ്പ് സെക്രട്ടറി സുമന എസ്. മേനോന്‍ കഴിഞ്ഞ മാര്‍ച്ച് 31നു കിര്‍ത്താഡ്‌സിനോടു നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ദലിത് സമുദായംഗമായ ബാലകൃഷ്ണന്റെ ജാതി സംബന്ധിച്ചു പരാതിക്കാരനായ കുട്ടന്‍ കട്ടച്ചിറ അവ്യക്തമായ പരാമര്‍ശമാണു നടത്തിയതെന്നും ആരോപണങ്ങള്‍ക്കു രേഖാമൂലമുള്ള തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടി കിര്‍ത്താഡ്‌സ് വിമുഖത പ്രകടിപ്പിച്ചു.

തുടര്‍ന്നു സെക്രട്ടറി, വകുപ്പുമന്ത്രിക്കു ഫയല്‍ കൈമാറി. ഉത്തരവു നിരസിച്ച വിജിലന്‍സ് ഓഫീസര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സെക്രട്ടറി ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണു മന്ത്രി എ.പി. അനില്‍കുമാര്‍ പട്ടികജാതി/വര്‍ഗസമുദായ സാക്ഷ്യപത്രങ്ങള്‍ ക്രമപ്പെടുത്തല്‍ നിയമം 91 (3) പ്രകാരം അന്വേഷണത്തിന് ഉത്തരവിട്ടത്.

കോട്ടയം, മാഞ്ഞൂര്‍ വെളിയപ്പറമ്പില്‍ ജയദേവന്റെ ഭാര്യ കെ.യു. കുഞ്ഞുമോള്‍ 2007ല്‍ വൈക്കം താലൂക്കില്‍ ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. പുലയസമുദായാംഗമെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന കുഞ്ഞുമോളുടെ അപേക്ഷ നിരസിക്കപ്പെട്ടു. തുടര്‍ന്ന് അവര്‍ക്കുവേണ്ടി പട്ടികജാതി ക്ഷേമസമിതി പ്രസിഡന്റ് കുട്ടന്‍ കട്ടച്ചിറ ഗവര്‍ണര്‍ക്കു നിവേദനം നല്‍കി.

സി.എസ്.ഐ. സഭയില്‍നിന്നു പരിവര്‍ത്തനം ചെയ്യപ്പെട്ട കെ.ജി. ബാലകൃഷ്ണനും കുടുംബാംഗങ്ങള്‍ക്കും ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാമെങ്കില്‍ ലത്തീന്‍ ക്രിസ്ത്യനില്‍നിന്നു പുലയസമുദായത്തിലേക്കു വന്ന കുഞ്ഞുമോളും അതിന് അര്‍ഹയാണെന്നായിരുന്നു വാദം.

തുടര്‍ന്നു നല്‍കിയ പരാതിയില്‍, ബാലകൃഷ്ണന്റെയും കൊടിക്കുന്നില്‍ സുരേഷിന്റെയും ജാതി അന്വേഷിക്കണമെന്നു ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. കുഞ്ഞുമോളുടെ ഭര്‍ത്താവ് ജയദേവാണു പി.കെ. ബിജു എം.പിയുടെ പേരുകൂടി ചേര്‍ത്തു പരാതി നല്‍കിയത്.