| Saturday, 22nd June 2013, 11:06 am

പി.ആര്‍.ഡി മുന്‍ ഡയറക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ ഡയറക്ടര്‍ എ.ഫിറോസിനെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു.[]

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.   സോളാര്‍  കേസിലെ പ്രതിയായ സരിത എസ്. നായര്‍ നടത്തിയ 40 ലക്ഷത്തിന്റെ തട്ടിപ്പ് കേസില്‍ മൂന്നാം പ്രതിയാണ് എ. ഫിറോസ്.

ആരോപണത്തെ തുടര്‍ന്ന് ഫിറോസിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ഫിറോസിന് സ്ഥാനക്കയറ്റം നല്‍കിയതെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.  ഇതിന് പുറമെ ഫിറോസിനെതിരെ ഇന്റലിജന്‍സ് നല്‍കിയ “കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്” കാണാതാവുകയും ചെയ്തിരുന്നു. ഇതും അന്വേഷിക്കാന്‍ വിജിലന്‍സിനോട് ആഭ്യന്തരമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

ഫിറോസിന് സ്ഥാനക്കയറ്റം നല്‍കിയത് സംബന്ധിച്ച് മുന്‍ സര്‍ക്കാറും, യു.ഡി.എഫ് സര്‍ക്കാറും പരസ്പരം ആരോപണമുന്നയിച്ചിരുന്നു.

ഏഷ്യന്‍ വികസന ബാങ്കിന്റെ (എ.ഡി.ബി) ദക്ഷിണേന്ത്യന്‍ മേധാവി ചമഞ്ഞ് സരിത എസ്. നായരും ബിജു രാധാകൃഷ്ണനും തിരുവനന്തപുരത്തെ പ്രമുഖ വ്യവസായിയായ സലിം കബീറില്‍ നിന്ന്‌ 2009ല്‍ 40.09 ലക്ഷം തട്ടിയ കേസിലാണ് ഫിറോസ് പ്രതിയായിട്ടുള്ളത്.

2009 ഡിസംബറില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ പേരിലാണ് ഫിറോസിനെതിരെ നടപടി എടുത്തിരിക്കുന്നത്.

സരിതയും,ബിജുവും, ഫിറോസും, ചേര്‍ന്ന് സലീം കബീര്‍ എന്നയാളില്‍ നിന്ന് 40,20000 രൂപ തട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ്. സലീമിന് 25 കോടി രൂപ കരപ്പെടുത്തി കൊടുക്കാമെന്നും വാഗ്ദാനമുണ്ടായിരുന്നു.

നേരത്തെ കേസില്‍ ഫിറോസിന്റെ പങ്കിനെ കുറിച്ച് പോലീസ് സര്‍ക്കാരിനെ അറിയിച്ചിരുന്നു.  എന്നാല്‍ ഫയല്‍ കാണാതെ പോവുകയായിരുന്നു. ആ ഫയല്‍ കണ്ടെടുത്ത് വീണ്ടും പരിശോധന നടത്തിയാണ് ഫിറോസിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

We use cookies to give you the best possible experience. Learn more