| Friday, 22nd March 2013, 9:13 am

ഹരിദത്തിന്റെ ആത്മഹത്യ: അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സമ്പത്ത് കസ്റ്റഡി മരണക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹരിദത്തിന്റെ ആത്മഹത്യക്കേസില്‍ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി.

കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരേ സംസ്ഥന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. കേസില്‍ സി.ബി.ഐക്ക് സുപ്രീം കോടതി നോട്ടിസ് അയച്ചു.

സി.ബി.ഐ ഉദ്യോഗസ്ഥര്‍ കെ.കെ. രാജന്‍, ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ക്കെതിരേയുള്ള കേസ് റദ്ദാക്കിയ നടപടിയാണ് കോടതി സ്‌റ്റേ ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ 14നായിരുന്നു ഹൈക്കോടതി കേസ് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.

ഹരിദത്തിന്റെ ആത്മഹത്യക്കുറിപ്പില്‍ രാജനും ഉണ്ണിക്കൃഷ്ണനുമെതിരേ പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ചും ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് ഹൈക്കോടതി വിധിച്ചിരുന്നത്. ഇവര്‍ക്കെതിരായ നടപടികള്‍ കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

ഹരിദത്തിന്റെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നതെന്നും കോടതി നിര്‍ദേശപ്രകാരമാണ് സമ്പത്ത് കസ്റ്റഡി മരണം പോലുള്ള കേസുകള്‍ തങ്ങള്‍ അന്വേഷിക്കുന്നതെന്നുമായിരുന്നു സി.ബി.ഐ ഉദ്യോഗസ്ഥരുടെ വാദം.

ഹരിദത്തിനൊപ്പം ജോലി ചെയ്തിരുന്ന സി.ബി.ഐ ഇന്‍സ്‌പെക്ടറായ ഉണ്ണികൃഷ്ണന്‍ നായര്‍, രാജന്‍ എന്നിവര്‍ക്കെതിരെ തെളിവുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയില്‍ വിശദീകരിച്ചത്.

സി.ബി.ഐ ഇന്‍സ്‌പെക്ടര്‍മാര്‍ നിയമവിരുദ്ധമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇവര്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ വിശദീകരിച്ചിരുന്നു.

ഹരിദത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ നായരെ കൊല്‍ക്കത്തയിലേക്കും രാജനെ ഗുവാഹത്തിയിലേക്കും സ്ഥലം മാറ്റിയിരുന്നു. ഹരിദത്തിനൊപ്പം തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരായിരുന്നു ഇരുവരും ഹരിദത്തിനൊപ്പം ഇവരാണ് സമ്പത്ത് വധക്കേസ് അന്വേഷിച്ചിരുന്നത്.

2012 മാര്‍ച്ച് 15നാണ് ഹരിദത്ത് നായരമ്പലത്തുള്ള വീട്ടില്‍ ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിന് കാരണക്കാര്‍ ഉണ്ണികൃഷ്ണനും രാജനുമാണെന്ന് ഹരിദത്ത് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു.

We use cookies to give you the best possible experience. Learn more