ഇനഫ് ഈസ് ഇനഫ്; മൂന്ന് രാജികള്‍ പറയുന്നത്
DISCOURSE
ഇനഫ് ഈസ് ഇനഫ്; മൂന്ന് രാജികള്‍ പറയുന്നത്
എ കെ രമേശ്‌
Monday, 27th November 2023, 8:30 pm
രാജി വെച്ച ഈ മൂന്നു പേരും തങ്ങളുടെ ഉന്നത പദവികള്‍ ഉപേക്ഷിച്ചിറങ്ങിയത് മനുഷ്യനിലും മനുഷ്യത്വത്തിലുമുള്ള പ്രതീക്ഷയും വിശ്വാസവും ഉയര്‍ത്തിപ്പിടിക്കാന്‍ സഹായകമാവും.! ഈ മാതൃകാപരമായ മനുഷ്യപക്ഷംചേരല്‍ എത്ര നികൃഷ്ടമായാണ് നമ്മുടെ വാര്‍ത്താ മാധ്യമങ്ങള്‍ തമസ്‌കരിച്ചു കളഞ്ഞത്!

ഇനഫ് ഈസ് ഇനഫ് എന്ന് വെച്ചാല്‍ ആയത് മതി എന്നര്‍ത്ഥം. ആയേടത്തോളം മതി, ഇനി വേണ്ട എന്നു തന്നെ. രാജികളുടെ അര്‍ത്ഥവും അതു തന്നെയാണ്. ഇനിയും ഇത് തുടരാന്‍ ആവില്ല എന്ന് തന്നെ. അപ്പേരില്‍ ഒരു പുസ്തകം തന്നെ ഇറങ്ങിയിട്ടുണ്ട്, 90 കളുടെ തുടക്കത്തില്‍. ഐ.എം.എഫിലെ ഉന്നതോദ്യോഗസ്ഥനായ ഡേവിസണ്‍ എല്‍ ബുധു ഐ.എം.എഫ് പ്രസിഡണ്ടിനയച്ച നീണ്ട കത്താണ് പിന്നീട് പുസ്തക രൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയത്.

ഡേവിസണ്‍ എല്‍ ബുധു

താങ്കളുടെ കുറിപ്പടിയനുസരിച്ച് ലോകത്തെ വിവിധ രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥകള്‍ പരിഷ്‌കരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് അവയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയ എന്റെ കൈകളില്‍ പുരണ്ട പാപക്കറ കഴുകിക്കളയാന്‍ കഴിയാതായിരിക്കുന്നു എന്ന ലേഡി മാക്ബത്തിന്റെ വിലാപത്തോടെയാണ് ആ രാജിക്കത്ത് ആരംഭിക്കുന്നത് തന്നെ.

രാജ്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ പോലും തിരുത്തി മാറ്റി അവ ദുര്‍ബലമാണെന്ന് വരുത്തിത്തീര്‍ത്ത് തങ്ങളുടെ കുറിപ്പടികള്‍ നടപ്പിലാക്കാനാണ് താന്‍ തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ചത് എന്ന് വെട്ടിത്തുറന്ന് പറയുകയാണ് അദ്ദേഹം.

ട്രിനിഡാഡ് ആന്ഡ് ടൊബാഗോയുടെ കണക്കുകള്‍ ഇങ്ങനെ തിരുത്തേണ്ടി വന്നതില്‍ ഒരു മൂന്നാം ലോക പൗരന്‍ എന്ന നിലക്ക് തനിക്ക് മനസ്സാക്ഷിക്കുത്ത് അനുഭവപ്പെടുന്നു എന്ന് ഡേവിസണ്‍ എല്‍ ബുധു വെട്ടിത്തുറന്നു പറഞ്ഞു. ആ രാജിക്കത്ത് മലയാളത്തില്‍ പരിഭാഷപ്പെടുത്താനുള്ള അനുമതി അദ്ദേഹം ബാങ്ക് വര്‍ക്കേഴ്‌സ് ഫോറത്തിന് നല്‍കിയിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അത് നടക്കാതെ പോവുകയാണുണ്ടായത്. ഇന്നിപ്പോള്‍ മറ്റ് രണ്ട് സുപ്രധാന രാജി വാര്‍ത്തകള്‍ കൂടി കണ്ടപ്പോഴാണ് ചോരക്കറ പുരണ്ട കൈകളെപ്പറ്റിയുള്ള ആ പരാമര്‍ശം ഓര്‍ത്തത്.

ഡേവിസണ്‍ എല്‍ ബുധുവിന്റെ പരാമര്‍ശം പ്രതീകാത്മകമായിരുന്നെങ്കില്‍ ഇനി പറയുന്ന രണ്ട് രാജികള്‍ ചാവുനിലങ്ങളിലെ കുരുതിച്ചോര കണ്ട് അതൊഴിവാക്കാന്‍ തങ്ങള്‍ക്കായില്ലല്ലോ എന്ന ഹൃദയഭേദകമായ നിലവിളികളാണ്.

ഒരു പക്ഷേ മനുഷ്യരാശി ഇതുവരെ കണ്ടിട്ടില്ലാത്ത അത്രക്ക് ബീഭത്സമായ ദൃശ്യങ്ങളാണ് ഫലസ്തീനില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.

മനുഷ്യത്വ വിരുദ്ധമായ വംശീയ ഭ്രാന്തിനടിപ്പെട്ട വര്‍ണ വെറിയന്മാരൊഴികെ മുഴുവന്‍ മനുഷ്യരും വേവലാതിപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് ആയത് മതി എന്നും പറഞ്ഞ് അമേരിക്കന്‍ പ്രതിരോധ വകുപ്പിലെ ഒരുന്നതോദ്യോഗസ്ഥന്‍ രാജി വെച്ച് പിരിയുന്നത്.

നിക്കീ ഹെയ്‌ലി

അതും എപ്പോളെന്നല്ലേ? ഫോക്‌സ് ന്യൂസിന്റെ ക്യാമറയിലേക്ക് നോക്കി ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി നിക്കീ ഹെയ്‌ലി ‘നെതന്യാഹൂ, തീര്‍ത്തുവിടവരെ, തീര്‍ത്തുവിടവരെ, തീര്‍ത്തുവിടവരെ (ഫലസ്തീനികളെ )’ എന്ന് മൂന്നു വട്ടം ആക്രോശിച്ച ഒരു കാലത്ത്. മറ്റൊരു പ്രസിഡണ്ട് പദ മോഹിയായ യു.എസ് സെനറ്റര്‍ ലിണ്ട്‌സീ ഗ്രഹാം നെതന്യാഹുവിനോട് പരസ്യമായി ‘നിങ്ങള്‍ക്ക് ചെയ്യാനാവുന്ന എന്ത് നരകപ്പണിയും ചെയ്ത് ആ മണ്ണ് (ഫലസ്തീന്‍) തട്ടി നിരപ്പാക്കൂ’ എന്ന് പറഞ്ഞ ഒരു കാലത്ത്.

അമേരിക്കന്‍ ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്ന് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഇത്തരം ശാപവചനങ്ങള്‍ പെരുകി വരുന്നതിന് നടുക്കാണ്, അവിടത്തെ സൈനിക സിരാ കേന്ദ്രത്തില്‍ നിന്ന് കൂരിരുള്‍ കീറുന്ന ഒരു വെള്ളിടി ഉയരുന്നത്. അമേരിക്കന്‍ സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ബ്യൂറോ ഓഫ് പൊളിറ്റിക്കല്‍ ആന്റ് മിലിട്ടറി അഫയേഴ്‌സ് ഡയറക്ടര്‍ എന്ന അതിപ്രധാന സ്ഥാനം രാജി വെച്ച ജോഷ് പോള്‍ നടത്തിയ പ്രസ്താവന പെന്റഗണെ ഞെട്ടിച്ചു കാണണം.

ജോഷ് പോള്‍

ഒക്ടോബര്‍ 23ന് വാഷിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധപ്പെടുത്തിയ ആ പ്രസ്താവനയുടെ തലക്കെട്ട് This is not the state department I know. That is why I left എന്നാണ്. ഇതല്ല എനിക്കറിയാവുന്ന സ്റ്റേറ്റ്‌സ് ഡിപാര്‍ട്‌മെന്റ് എന്ന്!
ഇസ്രഈലിലേക്ക് വര്‍ഷാവര്‍ഷം ശതകോടികള്‍ ഒഴുക്കിക്കൊണ്ടിരിക്കുന്ന അമേരിക്ക വേണ്ടാക്കാലത്ത് വേണ്ടതിലേറെ ആയുധങ്ങള്‍ അങ്ങോട്ടൊഴുക്കുന്നത് തെറ്റാണ് എന്നാണ് ജോഷ് പോള്‍ വാദിച്ചത്. എന്നാല്‍ തങ്ങളുടെ എണ്ണ താല്‍പര്യം സംരക്ഷിക്കുന്നതിനായി തങ്ങള്‍ തന്നെ കെട്ടിപ്പടുത്ത ഇസ്രഈലിനെ സന്തോഷിപ്പിച്ച് നിര്‍ത്തിയേ പറ്റൂ എന്നായിരുന്നു സ്റ്റേറ്റ്‌സ് ഡിപാര്‍ട്‌മെന്റിന് കിട്ടിയ നിര്‍ദേശം.

യുദ്ധോപകരണ നിര്‍മാണക്കമ്പനികള്‍ക്കുണ്ടാവുന്ന നേട്ടം കൂടി കണക്കിലെടുത്താവണം, വൈറ്റ് ഹൗസ് ജോഷ് പോളിന്റെ നിര്‍ദേശം തള്ളിയത്. അതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം രാജിവെച്ച് കലഹിച്ചിറങ്ങിപ്പോന്നത്. അമേരിക്കന്‍ സൈനിക നയരൂപീകരണ കേന്ദ്രത്തിലെ സുപ്രധാന പദവി വഹിക്കുന്ന ഒരാളാണ് enough is enough എന്ന് പറഞ്ഞ് രാജി വെച്ചൊഴിഞ്ഞ് പത്രപ്രസ്താവനയിറക്കുന്നത് !

മനുഷ്യത്വ വിരുദ്ധമായ കൂട്ടക്കുരുതികള്‍ നിരന്തരം നടത്താന്‍ ഒരു തെമ്മാടി രാഷ്ട്രത്തിന് വേണ്ടതിലുമേറെ സഹായങ്ങള്‍ എത്തിക്കുന്നതിലെ അധാര്‍മികതയില്‍ മനം നൊന്താണ് രാജി. പെന്റഗന്റെ മുഖത്തേറ്റ ആ മാരക പ്രഹരത്തിന്റെ പേരില്‍ ഒഴുകിയെത്തേണ്ടതായിരുന്നു ജോഷ് പോളിനുള്ള അഭിനന്ദന പ്രവാഹങ്ങള്‍.

എന്നാല്‍ അത്യന്തം വാര്‍ത്താപ്രാധാന്യമുള്ള ഈ സുപ്രധാനവാര്‍ത്തയെ ഞെരിച്ചമര്‍ത്താന്‍ സയണിസ്റ്റുകളെ പിന്തുണയ്ക്കുന്നവര്‍ക്ക് കഴിഞ്ഞു. അത് എത്തേണ്ടിടത്ത് എത്താതിരിക്കാന്‍ വാര്‍ത്താ കുത്തകകള്‍ക്ക് കഴിഞ്ഞതു കൊണ്ടാണല്ലോ ഇത്ര ദിവസമായിട്ടും വായനക്കാരില്‍ മിക്കവരും ആ വാര്‍ത്ത അറിയാതെ പോയത്.

മൂന്നാമത്തെ രാജിയും ഫലസ്തീനുമായി ബന്ധപ്പെട്ടാണ്. ഐക്യരാഷ്ട്ര സഭയില്‍ മനുഷ്യാവകാശ കാര്യങ്ങള്‍ക്കായുള്ള ലണ്ടന്‍ ഓഫീസ് തലവന്‍ ക്രെയ്ഗ് മൊക്കി ബെറാണ് (Craig Mokhiber ) രാജി വെച്ചൊഴിഞ്ഞത്. അദ്ദേഹം യു.എന്‍ സെക്രട്ടറി ജനറലിനയച്ച കത്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെടേണ്ടതാണ്. ആ കത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്.

Craig Mokhiber

പ്രിയ ഹൈകമീഷണര്‍,

മനുഷ്യാവകാശങ്ങള്‍ക്കുള്ള ഹൈകമീഷണറുടെ ന്യൂയോര്‍ക്ക് ഓഫീസിന്റെ ഡയറക്ടര്‍ എന്ന നിലയില്‍ ഞാന്‍ താങ്കള്‍ക്കയക്കുന്ന അവസാനത്തെ ഔദ്യോഗിക വിനിമയമാണിത്. നമ്മളുടെ സഹപ്രവര്‍ത്തകരടക്കം ലോകമാകെ തീവ്ര മാനസിക വേദന നേരിടുന്ന ഒരു സന്ദര്‍ഭത്തിലാണ് ഞാന്‍ ഇതെഴുതുന്നത്. നമ്മുടെ കണ്‍മുന്നില്‍ ഒരിക്കല്‍ക്കൂടി ഒരു വംശഹത്യ അരങ്ങേറുകയാണ്.

നാം സേവിക്കുന്ന സ്ഥാപനമാവട്ടെ, അത് തടയുന്നതില്‍ അശക്തമായാണ് കാണപ്പെടുന്നത്. 1980കള്‍ മുതല്‍ ഫലസ്തീനിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിക്കുകയും 1990കളില്‍ മനുഷ്യാവകാശങ്ങള്‍ക്കുള്ള യു.എന്‍ ഉപദേശകനായി ഗസയില്‍ ജീവിക്കുകയും അവിടെ ഒട്ടേറെ മനുഷ്യാവകാശ മിഷനുകള്‍ കൈകാര്യം ചെയ്യുകയും ചെയ്ത ഒരാള്‍ എന്ന നിലക്ക് ഇത് എന്നെ സംബന്ധിച്ചിടത്തോളം അഗാധമായും വ്യക്തിപരമാണ്.

തുത്സികള്‍ക്കും ബോസ്‌നിയന്‍ മുസ്‌ലിങ്ങള്‍ക്കും യസീദികള്‍ക്കും റോഹിങ്ക്യര്‍ക്കുമെതിരെ നടന്ന വംശഹത്യയുടെ കാര്യത്തിലും എനിക്ക് ഇടപെടേണ്ടി വന്നിട്ടുണ്ട്. ഈ ഓരോ പ്രശ്‌നത്തിലും രക്ഷയറ്റ സിവിലിയന്‍ ജനതകള്‍ നേരിട്ട ബീഭത്സമായ അതിക്രമങ്ങളുടെ പൊടിപടലങ്ങള്‍ അടങ്ങുന്നതോടെ, വേദനാപൂര്‍വം വ്യക്തമായിക്കൊണ്ടിരുന്നത്, കൂട്ടക്കുരുതികള്‍ തടയുന്നതിനും അക്രമിക്കപ്പടാന്‍ ഇടയുള്ളവരെ സംരക്ഷിക്കുന്നതിനും അക്രമികളെക്കൊണ്ട് കണക്ക് പറയിക്കുന്നതിനും അനിവാര്യമായത് ചെയ്യുന്ന കാര്യത്തില്‍ നമ്മുടെ കടമ നിറവേറ്റുന്നതില്‍ നാം പരാജയപ്പെട്ടുകൊണ്ടേയിരിക്കുകയാണ് എന്നതാണ്. ഐക്യരാഷ്ട്ര സഭയുടെ ജീവിത കാലത്തുടനീളം ഫലസ്തീനികള്‍ക്കെതിരെയുള്ള കൊലപാതകങ്ങളുടെയും, വേട്ടയാടലുകളുടേയും തുടര്‍ തരംഗങ്ങളായിരുന്നു.

ഹൈകമ്മീഷണര്‍, നാം വീണ്ടും തോറ്റുപോയിരിക്കുന്നു. ഒരു മനുഷ്യാവകാശ അഭിഭാഷകന്‍ എന്ന നിലയില്‍ ഈ മേഖലയില്‍ മൂന്ന് ദശകക്കാലത്തെ അനുഭവുള്ള ഒരാളാണ് ഞാന്‍. ആ നിലക്ക് വംശഹത്യ എന്ന സങ്കല്‍പ്പനം തന്നെ പലപ്പോഴും രാഷ്ട്രീയ അധിക്ഷേപത്തിന് പാത്രീഭവിക്കാറുണ്ട് എന്ന് എനിക്ക് നന്നായറിയാം. എന്നാല്‍ ഫലസ്തീന്‍ ജനതയുടെ മേല്‍ ഇപ്പോള്‍ നടക്കുന്ന വംശീയ-ദേശീയതയിലൂന്നിയ കുടിയേറ്റക്കാരുടെ കൊളോണിയല്‍ പ്രത്യയശാസ്ത്രത്തില്‍ വേരുകളുള്ള ഈ മൊത്തക്കശാപ്പ്, ദശകങ്ങളായി തുടരുന്ന കൃത്യമായ വേട്ടയാടലുകളുടെയും ബലം പ്രയോഗിച്ചുള്ള ഒഴിപ്പിക്കലുകളുടെയും തുടര്‍ച്ചയാണ്.

അറബികള്‍ എന്നുള്ള അവരുടെ പദവിയെ ആസ്പദമാക്കി മാത്രമാണിത് നടക്കുന്നത്. ഇസ്രഈലി സര്‍ക്കാരിന്റെയും പട്ടാളത്തിന്റെയും ഉദ്ദേശങ്ങളെ പറ്റിയുള്ള സ്പഷ്ടമായ പ്രഖ്യാപനങ്ങളെത്തുടര്‍ന്നാണിത് എന്നതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ സംശയത്തിനോ ചര്‍ച്ചക്കോ തരിമ്പും ഇടമില്ല തന്നെ. ഗാസയില്‍ സിവിലിയന്‍ ഭവനങ്ങളും സ്‌കൂളുകളും പള്ളികളും ചര്‍ച്ചുകളും വൈദ്യശുശ്രൂഷാ സ്ഥാപനങ്ങളും നിര്‍ദാക്ഷിണ്യം വിവേകശൂന്യമായി ആക്രമിക്കപ്പെടുകയാണ്.

ആയിരക്കണക്കിന് സിവിലിയന്മാരെയാണ് കൊന്നൊടുക്കുന്നത്. വെസ്റ്റ് ബാങ്കില്‍, അധിനിവേശ ജറുസലേമിലടക്കം, വീടുകള്‍ പിടിച്ചെടുത്ത് വംശീയാടിസ്ഥാനത്തില്‍ പുതിയ ആളുകള്‍ക്ക് പതിച്ചു കൊടുക്കുകയാണ്. അധിനിവേശക്കാര്‍ ഇസ്രഈലി സൈന്യത്തിന്റെ സഹായത്തോടെ മാരകമായ വംശഹത്യകള്‍ നടത്തുകയാണ്. ആ പ്രദേശമാകെ അപാര്‍ത്തീഡ് ഭരിക്കുകയാണ്.

പാഠപുസ്തകത്തില്‍ പറയുന്ന തരത്തിലുള്ള വംശഹത്യയാണിത്. ഫലസ്തീനിലെ യൂറോപ്യന്‍, വംശീയ ദേശീയതയില്‍ ഊന്നിയ, കുടിയേറ്റക്കൊളോണിയല്‍ പദ്ധതി അതിന്റെ അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു. ഫലസ്തീനിലെ തദ്ദേശ ഫലസ്തീനി ജീവിതത്തിന്റെ അവസാന അവശിഷ്ടങ്ങള്‍ കൂടി അതിവേഗം തകര്‍ക്കുന്നതിലേക്കാണ് അത് നീങ്ങുന്നത്. അതിനും പുറമെ, അമേരിക്കയുടെയും യു.കെയുടെയും മിക്കവാറും യൂറോപ്യന്‍ രാജ്യങ്ങളുടെയും സര്‍ക്കാരുകളും ഈ നടുക്കുന്ന ആക്രമണങ്ങളുടെ കുറ്റകൃത്യത്തില്‍ പൂര്‍ണമായും പങ്കാളികളുമാണ്.

ജനീവാ കണ്‍വന്‍ഷന്‍ പ്രകാരമുള്ള തങ്ങളുടെ ബാധ്യതകള്‍ നിറവേറ്റുന്നതിന് ഇവ വിസമ്മതിക്കുന്നു എന്ന് മാത്രമല്ല, സാമ്പത്തികവും സുരക്ഷാപരവുമായ പിന്തുണ നല്‍കിക്കൊണ്ട് ഇസ്രഈലിന്റെ അതിക്രമങ്ങള്‍ക്ക് രാഷ്ട്രീയവും നയതന്ത്രപരവുമായ മറകള്‍ ഒരുക്കിക്കൊടുക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്.

വിസ്തരഭയത്താല്‍ ഇനിയുള്ള 3 പേജുകള്‍ ഇവിടെ കൊടുക്കുന്നില്ല. രാജി വെച്ച ഈ മൂന്നു പേരും തങ്ങളുടെ ഉന്നത പദവികള്‍ ഉപേക്ഷിച്ചിറങ്ങിയത് മനുഷ്യനിലും മനുഷ്യത്വത്തിലുമുള്ള പ്രതീക്ഷയും വിശ്വാസവും ഉയര്‍ത്തിപ്പിടിക്കാന്‍ സഹായകമാവും.! ഈ മാതൃകാപരമായ മനുഷ്യപക്ഷംചേരല്‍ എത്ര നികൃഷ്ടമായാണ് നമ്മുടെ വാര്‍ത്താ മാധ്യമങ്ങള്‍ തമസ്‌കരിച്ചു കളഞ്ഞത്!

ഫലസ്തീന്‍ സ്വതന്ത്ര രാജ്യ പദവി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രകടനം നടത്തിയ ജീവനക്കാര്‍ ഹമാസിന് വേണ്ടി മുദ്രാവാക്യം മുഴക്കി എന്നും പറഞ്ഞ് അസംതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ് പല കേന്ദ്രസര്‍ക്കാര്‍ സ്ഥാപന മേധാവികളും! അത്തരമൊരു സയണിസ്റ്റനുകൂല സാഹചര്യം നില നില്‍ക്കുമ്പോള്‍, ഈ രാജികള്‍ ഒരിക്കലും തമസ്‌കരിക്കപ്പെടാന്‍ അനുവദിച്ചുകൂടാ. ഇനഫ് ഈസ് ഇനഫ് എന്ന് പറയുന്ന ലോക ജനതയോടൊപ്പം നമ്മുടെ ജനതയെയും അണിനിരത്തുന്ന കാര്യത്തില്‍ ഈ രാജികള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയും. ഈ വാര്‍ത്ത നമ്മുടെ സാമൂഹിക മാധ്യമങ്ങള്‍ വഴി ഒഴുകിപ്പരക്കട്ടെ!

Content Highlights: Enough is enough; Three Resignations Say