| Wednesday, 6th March 2019, 9:00 pm

അഴിമതിയുടെ ആരംഭവും അവസാനവും മോദിയില്‍; റഫാലില്‍ മോദിയെ വിചാരണ ചെയ്യാനുള്ള പൂര്‍ണമായ തെളിവുകളുണ്ടെന്ന് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റഫാല്‍ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിചാരണ ചെയ്യാന്‍ ആവശ്യമായ തെളിവുകളുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. “റഫാല്‍ സംബന്ധിച്ച രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

ഇത് പ്രകടമായ മൂടിവെപ്പാണ്. റഫാല്‍ അഴിമതിയില്‍ പ്രധാനമന്ത്രിയെ വിചാരണ ചെയ്യാനുള്ള പൂര്‍ണമായ തെളിവുകള്‍ ഇപ്പോള്‍ ലഭ്യമാണെന്നും” രാഹുല്‍ ഗാന്ധി പറഞ്ഞു.


“അഴിമതിയുടെ ആരംഭവും അവസാനവും മോദിയിലാണ്. റഫാലുമായി ബന്ധപ്പെട്ട രേഖകള്‍ മോഷ്ടിക്കപ്പെട്ടു എന്ന് പറയുന്നത് തെളിവ് നശിപ്പിക്കലാണ്. ഇതെല്ലാം അഴിമതി മറച്ചുപിടിക്കാനാണെന്നും” രാഹുല്‍ ഗാന്ധി ആരോപിച്ചു. റഫാല്‍ കേസില്‍ സുപ്രീംകോടതി നിര്‍ണായക പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

റഫാല്‍ കേസ് പരിഗണിക്കുന്നതിനിടെയാണ് കരാറുമായി ബന്ധപ്പെട്ട ചില രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷണം പോയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചത്. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഹിന്ദു ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന് ആധാരമായ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്നായിരുന്നു അറ്റോണി ജനറല്‍ കോടതിയെ അറിയിച്ചത്. മോഷണം പോയത് അതിപ്രധാന രേഖയായതിനാല്‍ ഇത് പരിഗണിക്കരുതെന്നും ഈ രേഖകള്‍ പുറത്തുവന്നത് ഔദ്യോഗിക രഹസ്യനിയമത്തിന്റെ ലംഘനമാണെന്നും എ.ജി വാദിച്ചിരുന്നു.


എന്നാല്‍ മോഷ്ടിച്ച രേഖകള്‍ ആസ്പദമാക്കിയുള്ള റിപ്പോര്‍ട്ടുകള്‍ ഒരു മാസമായി വരുന്നുണ്ടെങ്കില്‍ ഇത്രയും കാലം എന്തു ചെയ്യുകയായിരുന്നുവെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. രേഖകള്‍ മോഷ്ടിച്ചതില്‍ എന്തു നടപടി എടുത്തുവെന്നും കേന്ദ്രത്തോട് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം, പുറത്തുവന്ന രേഖകള്‍ പരിശോധിക്കരുതെന്ന വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. രേഖകള്‍ കോടതിക്ക് മുന്നില്‍ വന്നതാണെന്നും അത് പരിശോധിക്കരുതെന്ന് പറയാന്‍ എ.ജിക്ക് കഴിയില്ലെന്നുമായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം.

We use cookies to give you the best possible experience. Learn more