മമ്മൂട്ടി കമ്പനിയുടെ ബാനറില്‍, ജിയോ ബേബി സംവിധാനം നിര്‍വഹിക്കുന്ന, മമ്മൂട്ടി-ജ്യോതിക ചിത്രം ‘കാതല്‍ ദി കോര്‍’ എന്ന ചിത്രത്തിലെ ആദ്യ ലിറിക്കല്‍ വീഡിയോ ‘എന്നും എന്‍ കാവല്‍’ പുറത്തിറങ്ങി. മാത്യൂസ് പുളിക്കന്‍ കംബോസ് ചെയ്ത ഈ ഗാനത്തിന് അന്‍വര്‍ അലിയാണ് വരികള്‍ ഒരുക്കിയിരിക്കുന്നത്. ജി. വേണുഗോപാലും കെ.എസ്. ചിത്രയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
നവംബര്‍ 23 മുതല്‍ തിയറ്ററുകളിലെത്തുന്ന കാതല്‍ ദി കോറില്‍ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചര്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ട് മമ്മൂട്ടി തന്നയാണ് മാത്യു ദേവസിയെ പരിചയപ്പെടുത്തിയത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ വരും ദിവസങ്ങളിലായി പുറത്തുവിടും. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കും.
കാതല്‍ ദി കോറിലൂടെ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചുകൊണ്ട് വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം തെന്നിന്ത്യന്‍ താരം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന വലിയ പ്രത്യേകത ചിത്രത്തിനുണ്ട്. 2009ല്‍ പുറത്തിറങ്ങിയ ‘സീതാകല്യാണം’ ആണ് ജ്യോതിക ഒടുവിലായി അഭിനയിച്ച മലയാള ചിത്രം. സാലു കെ. തോമസ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ചിത്രത്തില്‍ മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റര്‍ അലക്‌സ്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
കണ്ണൂര്‍ സ്‌ക്വാഡിന്റെ വന്‍ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ എത്തുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായൊരു കാഴ്ചാനുഭവം സമ്മാനിക്കും എന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സക്കറിയയും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ കാതലിന്റെ പ്രമേയം തന്നെ ആകര്‍ഷിച്ച ഒന്നാണെന്ന് തെന്നിന്ത്യന്‍ താരവും ജ്യോതികയുടെ ഭര്‍ത്താവുമായ സൂര്യ നേരത്തെ പറഞ്ഞിരുന്നു.