| Monday, 21st September 2015, 1:55 pm

ചങ്ങമ്പുഴയുടെ ചന്ദ്രികയുണ്ടാക്കിയ പേരുദോഷം കാഞ്ചനമാല പരിഹരിച്ചിരിക്കുന്നു

നാസിര്‍ കെ.സി.

കേരളത്തില്‍ അന്യം നിന്നുപോയ ഒരു കലാപരിപാടിയാണ് മതാതീതമായ പ്രണയങ്ങള്‍. തസ്രാക്കിലെ ആളൊഴിഞ്ഞ പള്ളിയില്‍ മൈമൂനയെ തേടി ഇനിയൊരിക്കലും രവി ചെല്ലുകയില്ല. പ്രണയത്തിലേക്ക് എത്തിപ്പെടാന്‍ സാധ്യതയുള്ള എല്ലാ സാമൂഹ്യ ബന്ധങ്ങളും പാതി വഴിയില്‍ തടയപ്പെന്നുണ്ട്.

ഫിലിം റിവ്യൂ | നാസിര്‍ കെ.സി

ചിത്രം : എന്ന് നിന്റെ മൊയ്തീന്‍
തിരക്കഥ, സംവിധാനം: ആര്‍.എസ്. വിമല്‍
നിര്‍മ്മാണം : സുരേഷ് രാജ്, ബിനോയ് ശങ്കരത്ത്
ഛായാഗ്രഹണം : ജോമോന്‍.ടി.ജോണ്‍
എഡിറ്റിങ് : മഹേഷ് നാരായണന്‍
സംഗീതം : എം. ജയചന്ദ്രന്‍, രമേഷ് നാരായണന്‍
പശ്ചാത്തല സംഗീതം : ഗോപി സുന്ദര്‍
അഭിനേതാക്കള്‍ : പാര്‍വതി മേനോന്‍, പ്രൃഥ്വിരാജ്, സായികുമാര്‍, ലെന, ടൊവിനോ തോമസ്, ബാല തുടങ്ങിയവര്‍

“പ്രേമ” ത്തിന്റെ ആഘോഷം കഴിഞ്ഞു വരുന്നതേയുള്ളൂ. ചെറുപ്പക്കാര്‍ ഇപ്പോഴും കറുത്ത കുപ്പായമിട്ട് തലങ്ങും വിലങ്ങും നടക്കുന്നുണ്ട്. യൗവ്വന തീക്ഷ്ണമായ കാലത്ത് യുവാക്കളില്‍ വളരുന്ന രോഷത്തിന്റെ ദീക്ഷകള്‍ക്ക് പകരം അനുകരണത്തിന്റെ  വെപ്പു താടികള്‍ കാമ്പസ്സുകളില്‍  അപ്പൂപ്പന്‍ താടികളായി ഇപ്പോഴും അലഞ്ഞു നടക്കുന്നുണ്ട്.

അപ്പോഴാണ് പ്രണയത്തിന്റെ പഴയൊരു ആഖ്യാനവുമായി മോയ്തീന്‍ വരുന്നത്. പായസം കഴിച്ചവര്‍ക്ക് ബിരിയാണി കിട്ടിയ പോലത്തെ അവസ്ഥ എന്നെ പറയാനൊക്കൂ. എങ്കിലും ചില കാര്യങ്ങള്‍ മൊയ്തീന്‍ സിനിമയെ മുന്‍ നിര്‍ത്തി പരിശോധിക്കേണ്ടതുണ്ട്.

കേരളത്തില്‍ അന്യം നിന്നുപോയ ഒരു കലാപരിപാടിയാണ് മതാതീതമായ പ്രണയങ്ങള്‍. തസ്രാക്കിലെ ആളൊഴിഞ്ഞ പള്ളിയില്‍ മൈമൂനയെ തേടി ഇനിയൊരിക്കലും രവി ചെല്ലുകയില്ല. പ്രണയത്തിലേക്ക് എത്തിപ്പെടാന്‍ സാധ്യതയുള്ള എല്ലാ സാമൂഹ്യ ബന്ധങ്ങളും പാതി വഴിയില്‍ തടയപ്പെന്നുണ്ട്.

കാല്‍പ്പനിക സുന്ദരമായ പ്രണയം ഒരു നൊസ്റ്റാള്‍ജിയ മാത്രമായിരിക്കുന്നു. അതുകൊണ്ട് കാഞ്ചന മാല മോയ്തീന്‍ പ്രണയം ആശ്ചര്യജനകമായ ഒരു ഇതിവൃത്തമാണ്.  ജാതിയിലേക്കും മതത്തിലേക്കും ആവേശ പൂര്‍വ്വം തിരിച്ചു പോകുന്ന ഇക്കാലത്ത്  കേരളത്തിന്റെ പൂര്‍വ്വ പരിസരം പരിചയപ്പെടുത്താന്‍ സാധിച്ചു  എന്നതാണ് ഈ സിനിമയുടെ പ്രത്യേകത.

പ്രണയം അസാധ്യമാകുന്ന തരത്തില്‍ സാമൂഹ്യ ബന്ധങ്ങള്‍ അപനിര്‍മ്മിക്കപ്പെട്ടു കഴിഞ്ഞു.  ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോടു തോന്നുന്ന നിര്‍വ്യാജമായ സ്‌നേഹം അത് ലൈംഗികമോ അല്ലാത്തതോ ആവാം അസാധ്യമായി തീര്‍ന്നിരിക്കുന്നു. മനുഷ്യന് പകരം മതപരമോ വംശീയമോ ആയ സ്വത്വ നിര്‍മ്മിതികള്‍ സ്ഥാനാരോഹണം നടത്തിയ ഈ കാലത്തിന് അസുലഭമായ ഒരു  ആണ്‍ പെണ്‍ പ്രണയം  അപരിചിതമാകാനേ സാധ്യതയുള്ളൂ.

കാല്‍പ്പനിക സുന്ദരമായ പ്രണയം ഒരു നൊസ്റ്റാള്‍ജിയ മാത്രമായിരിക്കുന്നു. അതുകൊണ്ട് കാഞ്ചന മാല മോയ്തീന്‍ പ്രണയം ആശ്ചര്യജനകമായ ഒരു ഇതിവൃത്തമാണ്.  ജാതിയിലേക്കും മതത്തിലേക്കും ആവേശ പൂര്‍വ്വം തിരിച്ചു പോകുന്ന ഇക്കാലത്ത്  കേരളത്തിന്റെ പൂര്‍വ്വ പരിസരം പരിചയപ്പെടുത്താന്‍ സാധിച്ചു  എന്നതാണ് ഈ സിനിമയുടെ പ്രത്യേകത.

എത്രമേല്‍ നിഷ്‌കളങ്കവും തീവ്രവുമായി മലയാളിക്ക് പ്രണയിക്കാന്‍ കഴിയും എന്നതിന്റെ അപൂര്‍വ്വമായ ഉദാഹരണമാണ് ഈ യഥാര്‍ത്ഥ ജീവിത കഥ. കാരണം തീവ്രാനുരാഗങ്ങള്‍ അസംഭവ്യമോ അസാധ്യമോ ആയ മാനസിക നിലയാണ് മലയാളിക്കുള്ളത്. അവര്‍ക്ക് മുങ്ങാം കുഴിയിടാന്‍ പ്രണയത്തിന്റെ  ഒരു കടല്‍ ഇവിടെ ഉണ്ടായിരുന്നില്ല. മറ്റുള്ളവര്‍ കോരിക്കൊണ്ട് വരുന്ന ഒരു ബക്കറ്റ് വെള്ളമാണ് അവന്റെ പ്രണയവും രതിയും ദാമ്പത്യവും. മലയാളിയുടെ വലിയ ദാരിദ്ര്യങ്ങളിലൊന്ന്!  പ്രണയ ദാരിദ്ര്യമാണ്.

അടുത്തപേജില്‍ തുടരുന്നു

കാല്‍പ്പനികമായ അതിഭാവുകത്വം എന്ന് ശങ്കിക്കാന്‍ സാധ്യതയുള്ളതാണ് ഈ സിനിമയുടെ കഥ.  പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന രംഗങ്ങള്‍ ധാരാളമുണ്ട് എന്നര്‍ത്ഥം.  വസ്തുതകള്‍ ചിലപ്പോള്‍ ഭാവനകളെ ഉല്ലംഘിക്കും എന്ന് പറയാറുണ്ട്.. മൊയ്തീന്റേയും കാഞ്ചനയുടെയും ജീവിതത്തില്‍ ഇതുണ്ട്, ഈ അവിശ്വസനീയത. ഭാവനകളെ അപ്രസക്തമാക്കുന്ന അപരിചിത  യാഥാര്‍ത്ഥ്യങ്ങള്‍.    

അവരുടെ  അനുരാഗത്തിന്റെ നദി നിര്‍വിഘ്‌നം ഒഴുകുകയായിരുന്നില്ല. ആരും അടിപതറിപ്പോകുന്ന ധാരാളം മുഹൂര്‍ത്തങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടായിരുന്നു. ഒന്ന് സംസാരിക്കാന്‍ അവര്‍ക്ക് വര്‍ഷങ്ങളുടെ കാത്തിരിപ്പ് വേണ്ടി വന്നു. വര്‍ഷങ്ങള്‍ നീണ്ട ഏകാന്ത വാസം. ആശയ വിനിമയത്തിനായി അവര്‍ സ്വന്തമായി ഒരു ഭാഷ തന്നെ വികസിപ്പിച്ചു. ആ അവിശ്വസനീയത മാത്രമേ സിനിമയിലെ പ്രണയത്തിനും സംഭവിച്ചിട്ടുള്ളൂ. മൊയ്തീന്റേയും കാഞ്ചനയുടെയും ജീവിതമറിയാവുന്നവര്‍  അത് പൊറുത്തു കൊള്ളും.

മനുഷ്യന് മാത്രം കഴിയുന്ന മോഹിപ്പിക്കുന്ന ഒരു പ്രണയത്തിന്റെ സാധ്യത ഈ സിനിമ തുറന്നിടുന്നുണ്ട്.  മതം കൊണ്ടും സദാചാരം കൊണ്ടും തടയാന്‍ അരുതാത്ത ഒന്ന്.   അത്രമേല്‍ യഥാതഥമായ ഒരു കാലത്തിനു കൊടുക്കാവുന്ന കാല്‍പ്പനിക സമ്മാനമാണത്. ജീവിച്ചിരുന്നവരും ജീവിച്ചിരിക്കുന്നവരുമായ ഒരു കൂട്ടം ആളുകളുടെ കഥയായതു കൊണ്ട് കഥ പറച്ചിലിന് ഏറെ കരുതല്‍ ആവശ്യമുണ്ട്.

മലയാളിയുടെ ജീവിതത്തിലും സാഹിത്യത്തിലും ചങ്ങമ്പുഴയുടെ ചന്ദ്രികയുണ്ടാക്കിയ പേരു ദോഷം കാഞ്ചനമാല പരിഹരിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍.. ആശാന് ശേഷം മാംസ നിബദ്ധമല്ലാത്ത ഒരു രാഗം  മലയാളിയുടെ ജീവിതത്തില്‍ നിന്ന് കണ്ടെടുക്കപ്പെട്ടിരിക്കുന്നു. മൊയ്തീന്റെ പ്രണയ സന്ദേശവുമായി എത്തിയത് പലപ്പോഴും ചങ്ങമ്പുഴയുടെ പുസ്തകങ്ങളായിരുന്നു എന്നത് മറ്റൊരു യാദൃശ്ചികതയാണ്. 

ഈ  ജാഗ്രത സിനിമയുടെ കരുത്തു കൂട്ടിയിട്ടേ ഉള്ളൂ. ഒരു പക്ഷെ കാഞ്ചന പറഞ്ഞ തന്റെ ജീവിതത്തെ ദൃശ്യ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുക മാത്രമാണ് സംവിധായകന്‍ ചെയ്തത്. അതുകൊണ്ടാവണം മികവുറ്റ  ദൃശ്യങ്ങള്‍ ഈ സിനിമയെ ഒരു നല്ല അനുഭവമാക്കുന്നത്.

മലയാളിയുടെ ജീവിതത്തിലും സാഹിത്യത്തിലും ചങ്ങമ്പുഴയുടെ ചന്ദ്രികയുണ്ടാക്കിയ പേരു ദോഷം കാഞ്ചനമാല പരിഹരിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍.. ആശാന് ശേഷം മാംസ നിബദ്ധമല്ലാത്ത ഒരു രാഗം  മലയാളിയുടെ ജീവിതത്തില്‍ നിന്ന് കണ്ടെടുക്കപ്പെട്ടിരിക്കുന്നു. മൊയ്തീന്റെ പ്രണയ സന്ദേശവുമായി എത്തിയത് പലപ്പോഴും ചങ്ങമ്പുഴയുടെ പുസ്തകങ്ങളായിരുന്നു എന്നത് മറ്റൊരു യാദൃശ്ചികതയാണ്.

തകര്‍ന്ന പ്രണയങ്ങളുടെ തമ്പുരാന്‍ ഒരിക്കലും തകരാത്ത ഒരു പ്രണയത്തിന്റെ സാക്ഷിയും മധ്യസ്ഥനും ആകുന്നു.  ഒരു പക്ഷെ ചന്ദ്രികയുടെ പ്രണയ പാപങ്ങള്‍ക്ക് കാഞ്ചന പ്രായശ്ചിത്തം ചെയ്തത് സ്വന്തം ജീവിതം കൊണ്ടാണ് എന്ന് പറയാം.

ചന്ദ്രികയ്ക്കും കാഞ്ചനയ്ക്കും അഭിവാദ്യങ്ങള്‍. ജീവിതത്തിന്റെ രണ്ടവസ്ഥകളെ മമതയോടെ കാണിച്ചു തന്ന ഗുരുസ്ഥാനീയരാകുന്നു അവര്‍.

നാസിര്‍ കെ.സി.

അധ്യാപകന്‍, കണ്ണൂര്‍ സ്വദേശി

We use cookies to give you the best possible experience. Learn more