ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത് ജനുവരി ആറിന് തിയേറ്ററുകളിലെത്തിയ സിനിമയാണ് ‘എന്നാലും ന്റ്‌റളിയാ’. ചിരിയിലൂടെ കഥ പറഞ്ഞ സിനിമയായിരുന്നു ഇത്. ചിത്രത്തില്‍ നായകനും നായികയുമായി എത്തുന്നത് സുരാജ് വെഞ്ഞാറമൂടും ഗായത്രി അരുണും ആണെങ്കിലും, അവരെക്കാള്‍ ഒരു പടി മുകളിലാണ് സിദ്ദീഖ് അവതരിപ്പിച്ച അബ്ദുള്‍ കരീമും, ലെനയുടെ സുല്‍ഫി എന്ന സുലുവും തമ്മിലുള്ള കെമിസ്ട്രി.
പ്രേക്ഷകന് വളരെയധികം റിലേറ്റ് ചെയ്യാന്‍ പറ്റുന്ന രണ്ട് കഥാപാത്രങ്ങളായിരുന്നു അവരുടേത്. രണ്ടുപേരുടെയും പ്രകടനവും അസാധ്യമായിരുന്നു. സിനിമയെ ആദ്യ അവസാനം വരെ മുന്നോട്ടു കൊണ്ടുപോകുന്നത് ലെനയുടെയും സിദ്ദീഖിന്റെയും പ്രകടനങ്ങളാണെന്ന് പറയാന്‍ കഴിയും. രണ്ട് കഥാപാത്രങ്ങളെയും ബില്‍ഡ് ചെയ്തു കൊണ്ടുവന്നിരിക്കുന്ന രീതിയും എടുത്തു പറയേണ്ടതാണ്.
ഇരുവരും ഒരുമിച്ചു വരുന്ന സീനുകളും മറ്റുള്ളവരുമായുള്ള ഇന്ററാക്ഷന്‍ സീനുകളും എല്ലാം തന്നെ മനോഹരമായിരുന്നു. പ്രവാസ ജീവിതത്തിലേക്ക് കടന്നുവന്ന നാട്ടിന്‍പുറത്തുകാരി സുലു എന്ന കഥാപാത്രം ലെനയുടെ കയ്യില്‍ ഭദ്രമായിരുന്നു. കോഴിക്കോടന്‍ ഭാഷയെ നല്ല രീതിയില്‍ തന്നെ ലെന അവതരിപ്പിച്ചിട്ടുണ്ട്. പൊതുവേ സിനിമകളില്‍ ഇത്തരത്തില്‍ ഭാഷയെ പ്രാദേശികമായി ഉപയോഗിക്കുമ്പോള്‍ കല്ലുകടിയായി അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഇവിടെ അതില്‍ നിന്നും വ്യത്യസ്തമായി, നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
കോഴിക്കോട് നിന്നും ദുബായിലെത്തി കോണ്‍ട്രാക്ട് വര്‍ക്കുമായി മുന്നോട്ടുപോകുന്ന കരീമായുള്ള സിദ്ദീഖിന്റെ പ്രകടനവും അസാധ്യമായിരുന്നു. അദ്ദേഹത്തിന്റെ ശരീരവും ശാരീരവുമൊക്കെ കഥാപാത്രത്തിന് ഇണങ്ങുന്നതായിരുന്നു. സിദ്ദീഖിന്റെ ചെറിയ നോട്ടങ്ങള്‍, നടപ്പ്, സംസാരരീതി എല്ലാം തന്നെ കരീം എന്ന കഥാപാത്രത്തിന് കൂടുതല്‍ മികവ് നല്‍കി.
സിനിമയിലെ ചില സന്ദര്‍ഭങ്ങളിലുള്ള ലെനയുടെ പ്രകടനം എടുത്തു പറയേണ്ടതുണ്ട്. പ്രത്യേകിച്ച് കോമഡി സീനുകള്‍. സുലു എന്ന കഥാപാത്രം വളരെ സീരിയസായി ചെയ്യുന്ന പല കാര്യങ്ങളും പ്രേക്ഷകനെ ചിരിപ്പിക്കുന്നുണ്ട്. മകളെ കുറിച്ച് ഓര്‍ത്തുള്ള അവരുടെ ആധിയും, അതിന്റെ ഭാഗമായി വരുന്ന പ്രശ്‌നങ്ങളും ഒക്കെ സുലു എന്ന കഥാപാത്രത്തെ പ്രേക്ഷകനിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു. പലരുടെയും ജീവിതത്തില്‍ വളരെ സുപരിചിതയായ ഒരു കഥാപാത്രമാണ് സുലു.
ചില നിമിഷങ്ങളില്‍ കയ്യില്‍ നിന്നു പോകാന്‍ സാധ്യതയുള്ള രംഗങ്ങളെ പോലും പക്വതയോടെ കൈകാര്യം ചെയ്യാന്‍ ലെനക്ക് കഴിഞ്ഞിട്ടുണ്ട്. അതുപോലെതന്നെയാണ് സിദ്ദീഖിന്റെ കാര്യവും. ഇന്റര്‍വെല്ലിനു ശേഷം വരുന്ന ചില രംഗങ്ങള്‍ വളരെ രസകരമായി തന്നെ സിദ്ദീഖ് സ്‌ക്രീനില്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സുരാജുമായി വരുന്ന ചില കോമ്പിനേഷന്‍ സീനുകള്‍.
ആദ്യം പറഞ്ഞതുപോലെ സിദ്ദീഖ്, ലെന എന്നീ ജോഡികളുടെ കെമിസ്ട്രി സിനിമയുടെ ഒഴുക്കിന് വളരെയധികം ഉപകാരപ്പെട്ടിട്ടുണ്ട്. ജീവിതത്തില്‍ നമുക്ക് കണ്ട് പരിചയമുള്ള പല ദമ്പതികളുമായിട്ട് ഇവര്‍ക്ക് സാമ്യം തോന്നാം. അതുകൊണ്ടുതന്നെയാണ് ഈ കഥാപാത്രങ്ങളെ വളരെ വേഗം കണക്ട് ചെയ്യാന്‍ കഴിയുന്നതും.
വെറും ചിരി ചിത്രം മാത്രമായി ഒതുക്കി കളയേണ്ട സിനിമയല്ലത്. സിനിമ മുമ്പോട്ട് വെക്കുന്ന രാഷ്ട്രീയം വളരെ ശക്തമാണ്. രണ്ട് വ്യക്തികള്‍ തമ്മില്‍ ഒരുമിക്കുമ്പോള്‍ ജാതിയും മതവും പരിഗണിക്കേണ്ടതില്ലായെന്ന് പൊതുവേ പറയാറുണ്ട്. എന്നാല്‍ ഈ സിനിമയിലേക്ക് വരുമ്പോള്‍ ജാതിയും മതവും മാത്രമല്ല, നിറവും വംശവും ഒന്നും തന്നെ പ്രണയത്തിന് ബാധകമല്ല എന്ന വിശ്വ സ്‌നേഹത്തിന്റെ രാഷ്ട്രീയം കൂടി പറഞ്ഞുവെക്കുന്നു.
content highlight: ennalum entaliya movie, characteristics of sulu and kareem