ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് തേക്കടി. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകളെത്തുന്ന ഇവിടെ കാണാന്‍ തേക്കടി തടാകം മാത്രമല്ല ഉള്ളതെന്ന കാര്യം പലര്‍ക്കും അറിയില്ല. ഇന്ത്യയിലെ മികച്ച ഇക്കോ ടൂറിസം മേഖലയായ ഇവിടെ എത്തിയാല്‍ ആസ്വദിക്കേണ്ട ധാരാളം കാര്യങ്ങളുണ്ട്.
*പെരിയാര്‍ നാഷണല്‍ പാര്‍ക്ക്
തേക്കടിയിലെ പെരിയാര്‍ നാഷണല്‍ പാര്‍ക്ക് കടുവകളുടെ സംരക്ഷണത്തിനായി മാറ്റി വെച്ചിരിക്കുന്നിടമാണ്. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഇവിടം സഞ്ചാരികള്‍ ഉറപ്പായും സന്ദര്‍ശിച്ചിരിക്കേണ്ട ഒന്നാണ്.
*ബോട്ടിങ്ങ്
തേക്കടിയിലെത്തുന്ന സഞ്ചാരികള്‍ ഭൂരിഭാഗം പേരും ബോട്ടിങ് എന്ന ആശയം മുന്നില്‍ കണ്ടു വരുന്നവരാണ്. രാവിലെ ആറു മണി മുതല്‍ വൈകിട്ട് 3.30 മണി വരെയാണ് ഇവിടെ ബോട്ടിങ്ങിനു സൗകര്യമുള്ളത്.
*പെരിയാര്‍ ടൈഗര്‍ ട്രക്കിങ്ങ്
കടുവകളെ കാട്ടില്‍ പോയി കാണാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയതാണ് പെരിയാര്‍ ടൈഗര്‍ ട്രക്കിങ്ങ്. കടുവകളെ അതിന്റെ ആവാസ വ്യവസ്ഥയില്‍ പോയി കാണാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
*ബാംബൂ റാഫ്റ്റിങ്
തേക്കടിയില്‍ എത്തിയാല്‍ ആളുകള്‍ ഉറപ്പായും ആസ്വദിച്ചിരിക്കേണ്ട സംഗതികളിലൊന്നാണ് ബാംബൂ റാഫ്റ്റിങ്. ഏകദേശം മൂന്ന് മണിക്കൂറെടുക്കുന്ന ഈ റാഫ്റ്റിങ്ങില്‍ തേക്കടിയുടെ മുഴുവന്‍ കാഴ്ചകളും കാണാം.
*ചെല്ലാര്‍കോവില്‍
തേക്കടിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയായാണ് ചെല്ലാര്‍കോവില്‍ സ്ഥിതി ചെയ്യുന്നത്. ട്രക്കിങ്, ടൂറിങ് എന്നിവക്ക് ഇവിടെ ഗ്രാമീണരാണ് നേതൃത്വം നല്‍കുന്നത്.
*ചെല്ലാര്‍കോവില്‍ വെള്ളച്ചാട്ടം
ചെല്ലാര്‍ കോവിലിലെ പ്രധാനപ്പെട്ട മറ്റൊരാകര്‍ഷണമാണ് ഇവിടുത്തെ വെള്ളച്ചാട്ടം. കേരളത്തില്‍ നിന്നും ഉത്ഭവിച്ച് തമിഴ്നാട്ടില്‍ പതിക്കുന്ന വെള്ളച്ചാട്ടം എന്നൊരു പ്രത്യേകതയും ഇതിനുണ്ട്.
*രാമക്കല്‍മേട്
രാമന്റെ കാല്‍പ്പാട് പതിഞ്ഞ സ്ഥലം എന്നറിയപ്പെടുന്ന രാമക്കല്‍മേട് സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കാറ്റില്‍ നിന്നും വൈദ്യുതി ഉദ്പാദിപ്പിക്കുന്ന വിന്‍ഡ് എനര്‍ജി ഫാമാണ് ഇവിടുത്തെ ആകര്‍ഷണം.