| Thursday, 22nd March 2018, 2:04 pm

ആസ്വദിക്കാം... പോണ്ടിച്ചേരിയിലെ ഫ്രഞ്ച് വൈബ്...

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചരി പഴമയുടെ പ്രൗഢമായ അടയാളങ്ങള്‍ പേറുന്ന ഒരിടമാണ്. കാലത്തിന്റെ ശേഷിപ്പുകള്‍ ഇനിയും മായാതെ നില്‍ക്കുന്ന ഇവിടെ ധാരാളം സന്ദര്‍ശകരാണ് എത്താറുള്ളത്. പോണ്ടിച്ചേരി യാത്രയില്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ചില സ്ഥലങ്ങളുണ്ട്. അവയെ കുറിച്ച്….

കടലും ബീച്ചുകളും

ഇന്ത്യയിലെ മനോഹരങ്ങളായ ബീച്ചുകള്‍ സ്ഥിതി ചെയ്യുന്ന ഒരിടമാണ് പോണ്ടിച്ചേരി. പാരഡൈസ് ബീച്ച്, റോക്ക് ബീച്ച്, സെറിനിറ്റി ബീച്ച് തുടങ്ങിയവ അവയില്‍ ചിലതു മാത്രമാണ്. താല്‍പര്യമുള്ളവര്‍ക്ക് സര്‍ഫിങ്, സ്‌കൂബാ ഡൈവിങ് പോലുള്ള വാട്ടര്‍ അഡ്വന്‍ജേഴ്‌സില്‍ പങ്കെടുക്കുകയും ചെയ്യാം.

അരബിന്ദോ ആശ്രമം

ശാന്തമായ ഒരിടത്തിരുന്ന് മനസ്സില്‍ വെളിച്ചം കണ്ടെത്താന്‍ താല്പര്യമുണ്ടോ? പോണ്ടിച്ചേരിയില്‍ സമാധാനം ആഗ്രഹിച്ച് വരുന്നവര്‍ എത്തുന്ന ഇടമാണ് അരബിന്ദോ ആശ്രമം. ശ്രീ അരബിന്ദോയുടെയും മദറിന്റെയും ശവകുടീരങ്ങള്‍ സ്ഥിതി ചെയ്യുന്ന ഈ ആശ്രമം സന്ദര്‍ശിക്കാന്‍ ധാരളം ആളുകള്‍ എത്താറുണ്ട്.

ഓറോവില്ല്

ലോകത്തിലെ മുഴുവന്‍ ആളുകളുടെയും സമാധാനത്തിനും ഐക്യത്തിനുമായി മദര്‍ തുടങ്ങിവച്ച ഒരു പരീക്ഷണ ടൗണ്‍ഷിപ്പാണ് ഓറോവില്ല്. വിവിധ രാജ്യങ്ങളില്‍നിന്നായി ശേഖരിച്ച മണ്ണുനിറച്ച തറയിലാണ് ഇവിടത്തെ പ്രധാനപ്പെട്ട മാതൃമന്ദിര്‍ പടുത്തുയര്‍ത്തിയിരിക്കുന്നത്.

പേപ്പര്‍ ഫാക്ടറി

പോണ്ടിച്ചേരി യാത്രയുടെ ഓര്‍മ്മക്കായി എന്തെങ്കിലും വാങ്ങി സൂക്ഷിക്കാനാഗ്രഹിക്കുന്നവര്‍ക്ക് പേപ്പര്‍ ഫാക്ടറിയിലേക്ക് പോകാം. അരബിന്ദോയുടെ ആശ്രമത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ പേപ്പര്‍കൊണ്ട് നിര്‍മ്മിച്ച ഒട്ടേറെ കരകൗശല വസ്തുക്കളാണ് വില്പ്പനക്ക് വച്ചിരിക്കുന്നത്.

ഫ്രഞ്ച്-തമിഴ് രുചികള്‍

ബേക്കറികളും മധുര പലഹാരങ്ങളും പോണ്ടീനഗരത്തിന് ഒഴിച്ചുകൂടാനാകാത്തതാണ്. കൂടാതെ, ഫ്രഞ്ച് രുചികളുടെ ഒരു വലിയ ശേഖരം തന്നെ ഇവിടുത്തെ കടകളില്‍ ഒരുക്കിയിട്ടുണ്ട്.

കാലം അവശേഷിപ്പിച്ച കെട്ടിടങ്ങള്‍

പോണ്ടിച്ചേരിയുടെ മറ്റൊരു ആകര്‍ഷണമാണ് ഇവിടുത്തെ കഴിഞ്ഞ കാലത്തിന്റെ ശേഷിപ്പുകളായി നിലകൊള്ളുന്ന പഴയകാല കെട്ടിടങ്ങള്‍. ഇവിടുത്തെ ചില ഹോട്ടലുകള്‍ പോലും പഴയ ഫ്രഞ്ച് കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.

We use cookies to give you the best possible experience. Learn more