| Monday, 1st August 2022, 6:24 pm

സത്യം എപ്പോഴും വിജയിക്കും; ചെസ് ഒളിമ്പ്യാഡ് ഉദ്ഘാടന വേദിയില്‍ എന്‍ജോയ് എന്‍ജാമി ആലപിക്കാന്‍ ക്ഷണിക്കാത്ത വിഷയത്തില്‍ അറിവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യ മുഴുവന്‍ തരംഗമായി മാറിയ ഗാനമായിരുന്നു എന്‍ജോയ് എന്‍ജാമി. വമ്പന്‍ ഹിറ്റ് ആയ ഗാനത്തെയും ഗാനം പറയുന്ന രാഷ്ട്രീയത്തെയും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

അറിവരശ് കലൈനേശനാണ് ഗാനം എഴുതിയതും ആലപിച്ചതും. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നൈയില്‍ വെച്ച് നടന്ന 44-ാമത് ചെസ് ഒളിമ്പ്യാഡിന്റെ ഉദ്ഘാടന ചടങ്ങില്‍ എന്‍ജോയ് എന്‍ജാമിയുടെ തത്സമയ അവതരണം നടന്നിരുന്നു. പക്ഷെ അറിവിനെ ക്ഷണിച്ചിരുന്നില്ല. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അറിവ്.

ഗാനം തന്റെ ഉറക്കമില്ലാത്ത ആറ് മാസത്തെ കഷ്ടപാടില്‍ നിന്ന് ഉണ്ടായത് ആണെന്നും, ഗാനം മികച്ചൊരു ടീം വര്‍ക്ക് ആണെന്ന് തന്നെ കരുതുന്നു എന്നും അറിവ് പറയുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് അറിവ് കുറിപ്പ് പങ്കുവെച്ചത്.

‘ഞാന്‍ കമ്പോസ് ചെയ്ത്, എഴുതി, പാടി, അവതരിപ്പിച്ച ഗാനമാണ് എന്‍ജോയ് എന്‍ജാമി. പാട്ടെഴുതാന്‍ ആരും എനിക്ക് ട്യൂണും മെലഡിയും വാക്കുകളും ഒന്നും തന്നിട്ടില്ല. ഇന്ന് കാണുന്ന ഗാനം ഉണ്ടാക്കാന്‍ എല്ലാത്തിനുമായി ഏകദേശം ആറ് മാസത്തോളം ഉറക്കമില്ലാത്ത പിരിമുറുക്കമുള്ള രാത്രികളും പകലുകളുമാണ് ഞാന്‍ ചെലവിട്ടത്.

ഇതൊരു മികച്ച ടീം വര്‍ക്കാണെന്നതിലും എനിക്ക് സംശയമില്ല. അത് എല്ലാവരേയും ഒരുമിച്ച് നിര്‍ത്തുമെന്നതിലും എനിക്ക് സംശയമില്ല.

പക്ഷേ, അതിന് വല്ലിയമ്മാളിന്റെയോ ഭൂരഹിതരായ തേയിലത്തോട്ടത്തിലെ എന്റെ പൂര്‍വ്വികരുടെയോ ചരിത്രമില്ലെന്ന് അര്‍ത്ഥമില്ല. എന്റെ ഓരോ പാട്ടിലും തലമുറകളുടെ അടിച്ചമര്‍ത്തലിന്റെ പാട്ടുകള്‍ ഉണ്ടാകും.

ഇത് പോലെ, ഈ നാട്ടില്‍ 10000 നാടന്‍ പാട്ടുകളുണ്ട് എന്റെ പൂര്‍വ്വികരുടെ ശ്വാസം, അവരുടെ വേദന, അവരുടെ ജീവിതം, സ്‌നേഹം, അവരുടെ ചെറുത്തുനില്‍പ്പ്, അവരുടെ അസ്ഥിത്വം എല്ലാം പേറുന്ന ഗാനങ്ങളാണ് അവയെല്ലാം. രക്തവും വിയര്‍പ്പും കലര്‍ന്ന വിമോചന കലകളുടെ ഈണങ്ങളായി മാറിയ ഒരു തലമുറയാണ് ഞങ്ങളുടേത്.

പാട്ടുകളിലൂടെ ഞങ്ങള്‍ പൈതൃകം വഹിക്കുന്നുണ്ട്. നിങ്ങള്‍ ഉറങ്ങുമ്പോള്‍ ആര്‍ക്കും നിങ്ങളുടെ നിധി തട്ടിയെടുക്കാം. നിങ്ങള്‍ ഉണര്‍ന്നിരിക്കുമ്പോള്‍ ഒരിക്കലും അതിന് കഴിയില്ല. ജയ് ഭീം. സത്യം എല്ലായ്പ്പോഴും വിജയിക്കും,’ അറിവ് പറയുന്നു.


സ്വതന്ത്ര സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്ന എ.ആര്‍. റഹ്മാന്റെ മ്യൂസിക് ലേബല്‍ മജ്ജയും സംഗീതസംവിധായകന്‍ സന്തോഷ് നാരായണന്‍ ചേര്‍ന്നായിരുന്നു ഗാനത്തിന്റെ നിര്‍മാണം. യൂട്യൂബില്‍ 42 കോടിയിലധികം കാഴ്ചക്കാരാണ് എന്‍ജോയ് എന്‍ജാമിക്കുള്ളത്. അറിവും ഡീയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Content Highlight : Enjoy Enjaami creator Arivu reacts to not being invited with Dhee to perform song in chess olympiad inuagration cermony

We use cookies to give you the best possible experience. Learn more