| Monday, 6th February 2023, 8:45 am

പടിക്കൽ കലമുടച്ച് മാഞ്ചസ്റ്റർ സിറ്റി; ആഴ്സണലിനെ ഇനി പിടിച്ചാൽ കിട്ടില്ലെന്ന്‌ ആരാധകർ

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സംഭവ ബഹുലമായ ഒരാഴ്ച്ചയാണ് കടന്ന് പോയത്. ശക്തന്മാർ എന്ന് അറിയപ്പെടുന്ന ക്ലബ്ബുകൾക്ക് അടിപതറുന്നതും പല ചെറിയ ക്ലബ്ബുകളും അട്ടിമറി നടത്തുന്നതും കണ്ട ടൂർണമെന്റിൽ മാറിമറിഞ്ഞിരിക്കുകയാണ് പോയിന്റ് ടേബിളിന്റെ അവസ്ഥ.

നിലവിൽ പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്തേക്ക് കയറിയതാണ് പ്രീമിയർ ലീഗിൽ സംഭവിച്ച പ്രധാനപ്പെട്ട കാര്യം. ഈ സീസണിലെ കറുത്ത കുതിരകൾ എന്നറിയപ്പെട്ടിരുന്ന ന്യൂ കാസിൽ യുണൈറ്റഡ് വെസ്റ്റ് ഹാം ക്ലബ്ബിനോട് സമനില വഴങ്ങിയതോടെയാണ് മാൻ യുണൈറ്റഡ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് കയറി വന്നത്.

എന്നാൽ ഞായറാഴ്ചത്തെ മത്സരങ്ങളോടെ ഈ ആഴ്ചത്തെ പ്രീമിയർ ലീഗ് മത്സരങ്ങൾ അവസാനിക്കുമ്പോൾ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കനത്ത വിമർശനം ഉയർത്തി മുന്നോട്ട് വരികയാണ് ആരാധകർ.

ഫെബ്രുവരി 4ന് എവർട്ടണോട് നടന്ന മത്സരത്തിൽ ആഴ്സണൽ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. സീസണിലെ രണ്ടാം മത്സരത്തിൽ മാത്രം തോൽവി വഴങ്ങിയ ആഴ്സണലുമായി പോയിന്റ് ടേബിളിലുള്ള അകലം കുറക്കാൻ ഇതോടെ രണ്ടാം സ്ഥാനത്തുള്ള മാൻ സിറ്റിക്ക് മികച്ച അവസരമാണ് ഒത്തുവന്നത്.

എന്നാൽ ഞായറാഴ്ച നടന്ന സൂപ്പർ സൺ‌ഡേ പോരാട്ടത്തിൽ ലണ്ടൻ ക്ലബ്ബായ ടോട്ടൻഹാം ഹോട്സ്പറിനോട് എതിരില്ലാത്ത ഒരു ഗോളിന് സിറ്റി പരാജയം ഏറ്റുവാങ്ങി. സ്പേഴ്സ് ക്യാപ്റ്റൻ ഹാരി കെയ്നാണ് മത്സരത്തിലെ വിജയ ഗോൾ സ്വന്തമാക്കിയത്. ഇതോടെ വീണ്ടും സിറ്റിയുടെ ആഴ്സണലുമായുള്ള ഗോൾ വ്യത്യാസം അഞ്ചായി തുടരും.

20 മത്സരങ്ങളിൽ നിന്നും ആഴ്സണലിന് 50 പോയിന്റുള്ളപ്പോൾ 21 മത്സരങ്ങളിൽ നിന്നും 45 പോയിന്റുകളാണ് സിറ്റിയുടെ സമ്പാദ്യം.
യുണൈറ്റഡ് 42 പോയിന്റുകളുമായി മൂന്നാം സ്ഥാനത്തുണ്ട്.

അതേസമയം ഫെബ്രുവരി 11ന് ഇന്ത്യൻ സമയം രാത്രി 8:30 ന് ബ്രന്റ്ഫോർഡിനെതിരെയാണ് ആഴ്സണലിന്റെ അടുത്ത മത്സരം.
ഫെബ്രുവരി 12ന് ഇന്ത്യൻ സമയം രാത്രി 10ന് ആസ്റ്റൺ വില്ലയെയാണ് മാഞ്ചസ്റ്റർ സിറ്റി നേരിടുക.

Content Highlights:english premiur league football became unpredictable, manchester city miss the chance to overtake arsenal

We use cookies to give you the best possible experience. Learn more