പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന ദി ഗ്രേറ്റ് മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുണൈറ്റഡിനെ തരിപ്പണമാക്കി സിറ്റി. മൂന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് പെപ്പിന്റെ കുട്ടികള്‍ ചുവന്ന ചെകുത്താന്‍മാരെ നിഷ്പ്രഭരാക്കിയത്.
മത്സരത്തിന്റെ എട്ടാം മിനിട്ടില്‍ തന്നെ സിറ്റി ലീഡ് നേടി. ഫില്‍ ഫോഡനായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് 34ാം മിനിട്ടിലും 37ാം മിനിട്ടിലും ഹാലണ്ട് സ്‌കോര്‍ ചെയ്തപ്പോള്‍ ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിട്ട് മാത്രം ബാക്കി നില്‍ക്കെ ഫോഡന്‍ വീണ്ടും യുണൈറ്റഡ് വല കുലുക്കി.
ഇതോടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ തന്നെ 4-0 എന്ന വ്യക്തമായ ലീഡായിരുന്നു സിറ്റിക്കുണ്ടായിരുന്നത്.
മത്സരത്തിന്റെ 56ാം മിനിട്ടിലാണ് യുണൈറ്റഡ് തങ്ങളുടെ ആദ്യ ഗോള്‍ നേടിയത്. ബ്രസീല്‍ സൂപ്പര്‍ താരം ആന്റണിയായിരുന്നു ഗോള്‍ സ്‌കോറര്‍.
യുണൈറ്റഡിന്റെ ആദ്യ ഗോള്‍ പിറന്ന് പത്ത് മിനിട്ട് തികയും മുമ്പേ 64ാം മിനിട്ടില്‍ മറ്റൊരു ഗോള്‍ കൂടി നേടി എര്‍ലിങ് ഹാലണ്ട് ഹാട്രിക്ക് തികച്ചപ്പോള്‍ 73ാം മിനിട്ടില്‍ ഫോഡനും തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി.
മത്സരത്തിന്റെ 84ാം മിനിട്ടിലും അധിക സമയത്ത് ലഭിച്ച പെനാല്‍ട്ടിയും വലയിലെത്തിച്ചാണ് ആന്തണി മാര്‍ഷ്വല്‍ യുണൈറ്റഡിനെ മൂന്നിലെത്തിച്ചത്.
ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ എത്തിഹാഡ് സ്‌റ്റേഡിയമൊന്നാകെ ആര്‍ത്തിരമ്പുകയായിരുന്നു. ‘മാഞ്ചസ്റ്റര്‍ ഇസ് ബ്ലൂ’ എന്ന് സിറ്റി തെളിയിച്ച മത്സരമായിരുന്നു പ്രീമിയര്‍ ലീഗിലേത്.
മത്സരത്തിന്റെ സമസ്ത മേഖലയിലും ആധിപത്യം നിലനിര്‍ത്തിയാണ് ഗ്വാര്‍ഡിയോളയുടെ കുട്ടികള്‍ കളം നിറഞ്ഞ് കളിച്ചത്. ഷോട്ടും ഷോട്ട്‌സ് ഓണ്‍ ടാര്‍ഗെറ്റും ബോള്‍ പൊസെഷനുമെല്ലാം സിറ്റിയുടെ കൈയില്‍ തന്നെയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന് പിന്നാലെ രണ്ടാം സ്ഥാനം നിലനിര്‍ത്താനും സിറ്റിക്കായി. എട്ട് മത്സരത്തില്‍ നിന്നും ആറ് ജയവും രണ്ട് സമനിലയുമായി സിറ്റി തങ്ങളുടെ അണ്‍ബീറ്റണ്‍ സ്ട്രീക്ക് തുടരുകയാണ്.
ഏഴ് കളിയില്‍ നിന്നും നാല് ജയവും മൂന്ന് തോല്‍വിയുമായി 12 പോയിന്റോടെ പോയിന്റ് പട്ടികയില്‍ ആറാമതാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.
അടുത്ത വര്‍ഷം ജനുവരി 23ലെ മാഞ്ചസ്റ്റര്‍ ഡെര്‍ബിക്കാണ് ഇനി ഒരോ യുണൈറ്റഡ് ആരാധകര്‍ കാത്തിരിക്കുന്നത്. തങ്ങളുടെ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ച് സിറ്റിയെ തോല്‍പിക്കാനുള്ള കണക്കുകൂട്ടല്‍ തന്നെയാവും യുണൈറ്റഡ് ആരാധകര്‍ക്കുണ്ടാവുക.