സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ ടീമിന്റെ പ്രധാന പരിശീലകന്‍ തോമസ് ടുഷേലിനെ പുറത്താക്കി ചെല്‍സി എഫ്.സി. സീസണിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് ചെല്‍സി ടുഷേലിനെ പുറത്താക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നടന്ന മത്സരത്തില്‍ ഡിനാമോക്കെതിരെ ചെല്‍സി ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ചെല്‍സി കോച്ചിനെ തന്നെ പുറത്താക്കാനുള്ള നീക്കവുമായി ടീം മുന്നോട്ട് പോയത്.
തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലൂടെയാണ് ചെല്‍സി ടുഷേലിനെ പുറത്താക്കിയ വിവരം ആരാധകരുമായി പങ്കുവെച്ചത്. തോമസ് ടുഷേലിന്റെ ചിത്രത്തിനൊപ്പം ‘ചെല്‍സി ഫുട്‌ബോള്‍ ക്ലബ്ബ് പാര്‍ട് കമ്പനി വിത്ത് തോമസ് ടുഷേല്‍ (Chelsea Football Club part company with Thomas Tuchel) എന്ന ക്യാപ്ഷനൊപ്പമാണ് ചെല്‍സി ഇക്കാര്യം ആരാധകരെ അറിയിച്ചത്.
Chelsea Football Club part company with Thomas Tuchel.
‘ചെല്‍സി എഫ്.സിയിലെ എല്ലാവരുടെയും പേരില്‍ അദ്ദേഹത്തിന് നന്ദി രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ചാമ്പ്യന്‍സ് ലീഗും ക്ലബ്ബ് ലോകകപ്പും സൂപ്പര്‍ കപ്പും നേടിത്തന്ന അദ്ദേഹം ചെല്‍സിയുടെ ചരിത്രത്തില്‍ തന്നെ ഇടം നേടിയവനാണ്,’ ടീം പങ്കുവെച്ച ട്വീറ്റില്‍ പറയുന്നു.
പുതിയ ഉടമസ്ഥര്‍ ചുമതലയേറ്റ് നൂറ് ദിവസമായെന്നും, ടീമിനെ മുന്നോട്ട് നയിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ നടപടിയെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ടുഷേലിന്റെ പകരക്കാരനെ ടീം ഇനിയും കണ്ടെത്തിയില്ല എന്നും ഉടന്‍ തന്നെ പുതിയ കോച്ചിനെ നിയമിക്കാനുള്ള നടപടിയുമായി ടീം മുന്നോട്ട് പോവുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം, ചാമ്പ്യന്‍സ് ലീഗില്‍ ഡിനാമോയോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചെല്‍സി പരാജയപ്പെട്ടത്. ഗ്രൂപ്പ് ഇയിലെ മത്സരത്തിലായിരുന്നു ചെല്‍സിയുടെ പരാജയം.
അതേസമയം, പ്രീമിയര്‍ ലീഗില്‍ ആറ് മത്സരത്തില്‍ നിന്നും മൂന്ന് തോല്‍വിയും രണ്ട് ജയവും ഒരു സമനിലയുമാണ് ചെല്‍സിക്കുള്ളത്. 10 പോയിന്റോടെ ആറാം സ്ഥാനത്താണ് ‘ദി പെന്‍ഷനേഴ്‌സ്’.
സെപ്റ്റംബര്‍ പത്തിനാണ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ അടുത്ത മത്സരം. ഫുള്‍ഹാമാണ് എതിരാളികള്‍. പുതിയ കോച്ചിന് കീഴിലെ ചെല്‍സിയുടെ ആദ്യ മത്സരമാവും ഫുള്‍ഹാമിനെതിരെ നടക്കുന്നത്.