[] ന്യൂദല്‍ഹി: സിവില്‍ സര്‍വീസ് അഭിരുചി പരീക്ഷയ്ക്ക് ഇംഗ്ലീഷിന്റെ മാര്‍ക്ക് പരിഗണിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2011ല്‍ പരീക്ഷ എഴുതിയവര്‍ക്ക് 2015ല്‍ ഒരവസരം കൂടി നല്‍കുമെന്നും ജിതേന്ദ്ര സിംഗ് അറിയിച്ചു. നേപ്പാളില്‍ നിന്നും തിരിച്ചെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് ചേരുന്ന യോഗത്തില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവും.
ഈ വിഷയത്തില്‍ സര്‍ക്കാര്‍ തികഞ്ഞ ഗൗരവത്തോടെയാണ് കാര്യങ്ങളെ സമീപിച്ചിരിക്കുന്നത്. എല്ലാ വിഭാഗം ഉദ്യോഗാര്‍ത്ഥികളുടെയും ആശങ്ക കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചു കൊണ്ടാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും സിങ് വിശദീകരിച്ചു.
ഇംഗ്ലീഷിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് വഴി പരീക്ഷകളില്‍ മുന്നിലെത്താന്‍ കഴിയുന്നില്ലെന്ന് പ്രാദേശിക നിലവാരത്തില്‍ പഠിച്ച ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. 2010 മുതലാണ് ഉദ്യോഗാര്‍ത്ഥിയുടെ ഇംഗ്ലീഷ് ഗ്രാഹ്യശക്തി അളക്കാന്‍ 20 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ അടങ്ങിയ സി സാറ്റ് പേപ്പറും അഭിരുചി പരീക്ഷയ്‌ക്കൊപ്പം ഉള്‍പ്പെടുത്തിയത്.