ലണ്ടന്‍: ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയ്‌ക്കെതിരായ വംശീയ അധിക്ഷേപത്തില്‍ മാപ്പ് പറഞ്ഞ് സോമര്‍സെറ്റ് പേസ് ബൗളര്‍ ജാക്ക് ബ്രൂക്ക്സ്. 2012 ല്‍ കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിനിടെ താന്‍ പൂജാരയെ സ്റ്റീവ് എന്ന് വിളിച്ചിരുന്നെന്ന് ബ്രൂക്ക്‌സ് പറഞ്ഞു.
പേരിന്റെ ആദ്യഭാഗം ഉച്ഛരിക്കാന്‍ പ്രയാസമാണെന്നും അതിനാല്‍ സ്റ്റീവ് എന്ന ഇരട്ടപ്പേര് ഉപയോഗിക്കുകയാണെന്നും ബ്രൂക്ക്സ് പൂജാരയോട് പറയുകയായിരുന്നു.
അന്ന് അതില്‍ വംശീയതയൊന്നും കണ്ടില്ലായിരുന്നെന്നും എന്നാല്‍ അങ്ങനെ ചെയ്യുന്നത് തെറ്റാണെന്ന് ഇപ്പോള്‍ മനസിലാക്കുന്നുവെന്നും ബ്രൂക്ക്‌സ് പറഞ്ഞു.
നേരത്തെ ഇംഗ്ലണ്ട് താരം ആദില്‍ റഷീദും യോര്‍ക്ക്ഷൈര്‍ താരം അസീം റഫീഖും മുന്‍ നായകന്‍ മൈക്കല്‍ വോഗന്‍ വംശീയ അധിക്ഷേപം നടത്തിയെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.
2009ല്‍ ഏഷ്യന്‍ വംശജരായ യോര്‍ക്ക്ഷൈര്‍ ക്ലബിലെ കളിക്കാരുടെ മുന്നില്‍ വെച്ച് അവരെ അപമാനിക്കുന്ന തരത്തില്‍ മൈക്കല്‍ വോഗന്‍ സംസാരിച്ചിരുന്നു എന്ന് മുന്‍ പാക് ക്രിക്കറ്റര്‍ റാണ നാവെദ്-ഉല്‍-ഹസന്‍ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് റഷീദും സംസാരിക്കുകയായിരുന്നു.
”നിങ്ങള്‍ വളരെയധികം പേരുണ്ട്. ഇതില്‍ എന്തെങ്കിലും ചെയ്തേ മതിയാകൂ,” എന്നായിരുന്നു ഏഷ്യന്‍ കളിക്കാരുടെ മുന്നില്‍ വെച്ച് വോഗന്‍ പരിഹാസരൂപേണ പറഞ്ഞത്. ഇംഗ്ലീഷ് ക്ലബ് യോര്‍ക്ക്ഷൈറിന് വേണ്ടി മുമ്പ് കളിച്ചിട്ടുള്ള റഫീഖും വോഗന്റെ പരാമര്‍ശത്തെക്കുറിച്ച് സംസാരിച്ചു.
”മൈക്കല്‍ അത് ഓര്‍മിക്കണമെന്നില്ല. എന്നാല്‍ ഞാനും ആദിലും റാണയും അത് ഓര്‍ക്കുന്നുണ്ട്,” എന്നായിരുന്നു ഇതേപ്പറ്റി റഫീഖ് പ്രതികരിച്ചത്.
നേരത്തെ യോര്‍ക്ക്ഷൈര്‍ ക്ലബിന് വേണ്ടി കളിച്ച സമയത്ത് താന്‍ നേരിടേണ്ടി വന്ന വംശീയ അധിക്ഷേപങ്ങളെക്കുറിച്ച് റഫീഖ് അധികൃതര്‍ക്ക് മുന്നില്‍ സംസാരിച്ചിരുന്നു. പാകിസ്ഥാനില്‍ ജനിച്ച തന്നെയും മറ്റ് ഏഷ്യന്‍ വംശജരേയും അധിക്ഷേപിക്കുന്ന തരത്തില്‍ ക്ലബ് ക്രിക്കറ്റ് കാലത്ത് പലരും കമന്റ് ചെയ്തിരുന്നെന്നാണ് റഫീഖ് പറഞ്ഞത്.
‘ഞാനും ഏഷ്യന്‍ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന മറ്റുള്ളവരും ടോയ്‌ലറ്റിനരികെ ഇരിക്കേണ്ടവരാണ്’ എന്ന രീതിയില്‍ കമന്റുകള്‍ വന്നിരുന്നെന്നും റഫീഖ് പറഞ്ഞിരുന്നു.
‘പാകി’ എന്ന പേരിലാണ് തന്നെ അഭിസംബോധന ചെയ്തിരുന്നതെന്നും മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റര്‍മാരായ മാത്യു ഹൊഗാര്‍ഡ്, ടിം ബ്രെസ്നന്‍, ഗാരി ബാലന്‍സ്, ഡേവിഡ് ലോയ്ഡ് എന്നിവര്‍ തനിക്കെതിരെ വംശീയപരമായ കമന്റുകള്‍ പറഞ്ഞിരുന്നെന്നും അധികൃതര്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിരുന്നു.