ലണ്ടന്‍: ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനലിലേക്ക് നയിച്ചതില്‍ സുപ്രധാന പങ്ക് വഹിച്ച താരമാണ് മാര്‍സലോ ബ്രോസോവിച്ച്. മധ്യനിരയിലെ ബ്രോസോവിച്ചിന്റെ പ്രകടനങ്ങളാണ് പലപ്പോഴും ക്രൊയേഷ്യയുടെ രക്ഷക്കെത്തിയത്.
മോഡ്രിച്ചും റാക്കിട്ടിച്ചും ആദ്യമത്സരങ്ങളില്‍ പിന്നില്‍ കളിച്ചപ്പോള്‍ ക്രൊയേഷ്യയുടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച ഉണ്ടായിരുന്നില്ല. പിന്നീട് ബ്രോസോവിച്ച് വന്നതോടെയാണ് ബാഴ്‌സിലോണയുടേയും റയല്‍ മാഡ്രിഡിന്റേയും താരങ്ങള്‍ക്ക് ധൈര്യത്തോടെ മുന്നോട്ട് കയറാന്‍ പറ്റിയത്. ഇതിന് ശേഷം ക്രൊയേഷ്യയുടെ കളികളും ഉഷാറായി.
ഇപ്പോഴിതാ താരത്തെ തേടി പല പ്രീമിയര്‍ ലീഗ് വമ്പന്‍ മാരും രംഗത്ത് വന്നു എന്നാണ് ബ്രോസോവിച്ചിന്റെ ഏജന്റ് പറയുന്നത്. 50 മില്യണ്‍ യൂറോയുടെ വരെ ഓഫറുകള്‍ പല ക്ലബുകളും താരത്തിനായി നല്‍കിയത്രെ. നിലവില്‍ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാന്റെ താരമാണ് ബ്രോസോവിച്ച്.
കഴിഞ്ഞ ജനുവരിയില്‍ താരത്തെ സ്വന്തമാക്കാന്‍ ഇറ്റാലിയന്‍ ക്ലബായ യുവന്റസ് ഇംഗ്ലീഷ് ക്ലബുകളായ എവര്‍ട്ടണ്‍, ആര്‍സനല്‍ എന്നിവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ട്രാന്‍സ്ഫര്‍ പൂര്‍ണ്ണമാക്കാന്‍ ആര്‍ക്കും സാധിച്ചില്ല.
എന്തായാലും ലോകകപ്പിലെ മിന്നും പ്രകടനത്തോടെ താരം ഒരു മുന്‍നിര ക്ലബിലേക്ക് ഉടന്‍ കൂടുമാറും എന്ന കാര്യം ഉറപ്പാണ്.
ഞായറാഴ്ചയാണ് ഫൈനലില്‍ ക്രൊയേഷ്യ ഫ്രാന്‍സിനെ നേരിടുക. ബ്രോസോവിച്ചിനെ കൂടാതെ ക്രൊയേഷ്യന്‍ താരങ്ങളായ വ്രസാല്‍ക്കോ, പെരിസിച്ച് എന്നിവരേയും പ്രീമിയര്‍ ലീഗ് ക്ലബുകള്‍ നോട്ടമിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.