| Friday, 2nd December 2022, 11:15 pm

പ്രീ ക്വാർട്ടർ യോഗ്യത നേടിയിട്ടും രക്ഷയില്ല; ട്വിറ്ററിൽ ഇംഗ്ലീഷ് ക്യാപ്റ്റന് കൂട്ട തെറിവിളി

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പ് ഗ്രൂപ്പ്‌ ഘട്ടം അവസാനിക്കുമ്പോൾ ഗ്രൂപ്പ്‌ ബി ചാമ്പ്യൻമാരായി പ്രീ ക്വാർട്ടർ പ്രവേശനം ഉറപ്പാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് ടീം. ഡിസംബർ അഞ്ചിന് സെനഗലുമായിട്ടാണ് ഇംഗ്ലീഷ് ടീം പ്രീ ക്വാർട്ടറിൽ ഏറ്റുമുട്ടുന്നത്.

എന്നാൽ ലോകകപ്പിൽ മികച്ച മുന്നേറ്റം നടത്തിയിട്ടും ആരാധകരുടെ ഭാഗത്ത് നിന്നും വൻ വിമർശങ്ങളാണ് ഇംഗ്ലീഷ് ക്യാപ്റ്റനും ടോട്ടനം ഹോട്സ്പറിന്റെ മുന്നേറ്റ നിര താരവുമായ ഹാരി കെയ്ന് നേരിടേണ്ടി വരുന്നത്. ഖത്തർ ലോകകപ്പ് തുടങ്ങിയ ശേഷം ട്വിറ്ററിൽ ഏറ്റവും കൂടുതൽ അധിക്ഷേപം നേരിടേണ്ടി വന്ന ഇംഗ്ലീഷ് പ്ലെയറാണ് ഹാരി കെയ്ൻ എന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

ഇംഗ്ലീഷ് കളിക്കാർക്കെതിരെ ട്വീറ്റ് ചെയ്യപ്പെടുന്ന അധിക്ഷേപകരവും പരിഹസിക്കുന്നതുമായ ട്വീറ്റുകളിൽ പത്തിൽ മൂന്നെണ്ണവും ഹാരി
കെയ്നെതിരെയാണെന്നും റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു.

പ്രമുഖ ഡാറ്റാ അനലിസ്റ്റിക്ക് സ്ഥാപനമായ അലൻ ട്യൂറിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് പുറത്ത് വിടുന്ന കണക്കുകൾ പ്രകാരം ഗ്രൂപ്പ്‌ സ്റ്റേജിലെ മൂന്ന് മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ മൊത്തം 1546 അധിക്ഷേപകരമായ ട്വീറ്റുകളാണ് ഇംഗ്ലീഷ് പ്ലെയെഴ്സിനെതിരെ ട്വീറ്റ് ചെയ്യപ്പെട്ടത്.

വംശം, ലിംഗം, എന്നിവയെ അധി ക്ഷേപിക്കുന്ന തരത്തിലുള്ളതാണ് ട്വീറ്റ് ചെയ്യപ്പെടുന്ന പോസ്റ്റുകളിൽ ഭൂരിഭാഗത്തിന്റെയും കീവേർഡുകൾ എന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഇംഗ്ലീഷ് ക്യാപ്റ്റനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്യപ്പെട്ട പോസ്റ്റുകൾ മൊത്തം 426 എണ്ണമാണ്. ഇത് ഇംഗ്ലീഷ് കളിക്കാരെ അധിക്ഷേപിച്ച് ചെയ്യപ്പെട്ട മൊത്തം ട്വീറ്റുകളുടെ 28 ശതമാനത്തോളം വരും.

ഇറാനെതിരെ 6-2 ന് വിജയിച്ച മത്സരത്തിൽ ഫിഫയുടെ കർശനമായ മുന്നറിയിപ്പിനെ തുടർന്ന് വൺലവ് ആംബാൻഡ് ധരിക്കും എന്ന തീരുമാനം ഹാരികെയ്ൻ പിൻവലിച്ച ശേഷമാണ് ഹാരിക്കെതിരെ ട്വീറ്റ് ചെയ്യപ്പെടുന്ന അധിക്ഷേപകരമായ ട്വീറ്റുകളുടെ എണ്ണം വർധിച്ചത്. കൂടാതെ പ്രീമിയർ ലീഗിൽ ടോട്ടനം ഹോട്സ്പറിനായി മികച്ച ഫോമിൽ കളിക്കുന്ന ഹാരിക്ക് ആ മികവ് ലോകകപ്പിൽ പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല.

ഹാലൻണ്ടിന് പിറകെ 12 ഗോളുകളോടെ പ്രീമിയർ ലീഗിൽ ഗോൾ വേട്ടയിൽ രണ്ടാം സ്ഥാനക്കാരനാണ് ഹാരി കെയ്ൻ. ഇംഗ്ലീഷ് ടീം ലോകകപ്പിൽ ഒൻപത് ഗോളുകൾ ഗ്രൂപ്പ്‌ ഘട്ടത്തിൽ സ്കോർ ചെയ്തെങ്കിലും അതിൽ ഒന്ന് പോലും സ്വന്തം പേരിലാക്കാൻ ഹാരിക്ക് സാധിച്ചിരുന്നില്ല.
ഹാരി കെയ്ന് കഴിഞ്ഞാൽ ചെൽസി മിഡ്‌ഫീൽഡർ മേസൺ മൗണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ഹാരി മഗ്വേർ എന്നിവർക്കാണ് കൂടുതൽ അധിക്ഷേപകരമായ ട്വീറ്റുകൾ നേരിടേണ്ടി വന്നത്.

മൗണ്ടിനെതിരെ 167ഉം മഗ്വേർക്കെതിരെ 152ഉം ട്വീറ്റുകൾ പോസ്റ്റ്‌ ചെയ്യപ്പെട്ടു. അതിൽ തന്നെ യു. എസ്.എ ക്കെതിരെ ഇംഗ്ലണ്ട് സമനില വഴങ്ങിയ മത്സരത്തിലാണ് ഏറ്റവും കൂടുതൽ അധിക്ഷേപ ട്വീറ്റുകൾ വന്നത്.

Content Highlights:English Captain Harry Kane received most abusive tweets in twitter

We use cookies to give you the best possible experience. Learn more