Football
മെസിയുമല്ല റോണോയുമല്ല! ഫുട്ബോൾ കളിക്കാൻ പ്രേരിപ്പിച്ചത്‌ അദ്ദേഹം; വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് താരം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Aug 17, 08:11 am
Saturday, 17th August 2024, 1:41 pm

ആഴ്‌സണലിന്റെ ഇംഗ്ലീഷ് യുവതാരം എതാന്‍ നവാനേരി ഫുട്‌ബോളില്‍ താന്‍ ബാല്യകാലങ്ങളില്‍ ആരാധിച്ചിരുന്ന താരത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെല്‍ജിയം സൂപ്പര്‍താരം കെവിന്‍ ഡി ബ്രൂയ്‌നെയാണ് താന്‍ ചെറുപ്പകാലത്ത് ആരാധിച്ചിരുന്നതെന്നാണ് ഇംഗ്ലണ്ട് താരം പറഞ്ഞത്. സെന്റര്‍ ഗോള്‍സിലൂടെ സംസാരിക്കുകയായിരുന്നു എതാന്‍.

‘ഞാന്‍ വളര്‍ന്നു വന്നപ്പോള്‍ എന്റെ ആരാധനാപാത്രം തീര്‍ച്ചയായും കെവിന്‍ ഡി ബ്രൂയ്ന്‍ ആയിരുന്നു. അവന്‍ കളിക്കുന്ന രീതി, അവന്റെ പാസിങ് ശൈലികള്‍ ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുമായിരുന്നു. അദ്ദേഹം ചെയ്യുന്നതെല്ലാം ചെറുപ്പത്തില്‍ ഞാന്‍ അനുകരിക്കാന്‍ ശ്രമിച്ചിരുന്നു,’ ഇംഗ്ലണ്ട് താരം പറഞ്ഞു.

ആധുനിക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളാണ് കെവിന്‍ ഡി ബ്രൂയ്ന്‍. മുന്നേറ്റ നിരക്ക് കൃത്യമായി ഗോളടിപ്പിക്കാനായി പന്തെത്തിക്കാനുള്ള കഴിവാണ് ഡി ബ്രൂയ്‌നെ വ്യത്യസ്തനാക്കുന്നത്.

ഈ സമ്മറില്‍ ബെൽജിയൻ താരത്തെ സ്വന്തമാക്കാന്‍ സൗദി അറേബ്യയില്‍ നിന്നും വമ്പന്‍ ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്നുകൊണ്ട് കെവിൻ ഈ സീസണിലും പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ നിലയുറപ്പിക്കുകയായിരുന്നു.

അതേസമയം പുതിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിലെ പീരങ്കി പടയുടെ പ്രകടനങ്ങളില്‍ പ്രധാന പങ്കു വഹിക്കാന്‍ സാധ്യത കല്‍പ്പിക്കുന്ന ഏറ്റവും മുന്‍നിരയിലുള്ള താരങ്ങളില്‍ ഒരാളാണ് എതാന്‍. സീസണ്‍ തുടങ്ങുന്നതിനു മുന്നോടിയായുള്ള പ്രീ സീസണ്‍ മത്സരങ്ങളില്‍ ഇംഗ്ലണ്ട് യുവതാരം നടത്തിയ മിന്നും പ്രകടനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.

ഇന്നാണ് ആഴ്‌സണല്‍ പുതിയ സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. പീരങ്കിപ്പടയുടെ തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വോള്‍വെസിനെയാണ് ആര്‍ട്ടേട്ടയും കൂട്ടരും നേരിടുക.

 

Content Highlight: England Young player Talks About Kevin De Bruyne