കൊല്‍ക്കത്ത: ഇതാണ് ഫൈനല്‍… കൗമാരലോകകപ്പിന്റെ മുഴുവന്‍ ആവേശവും കാലുകളില്‍ നിറച്ച് യൂറോപ്യന്‍ കരുത്തന്‍മാരായ ഇംഗ്ലണ്ടും സ്‌പെയിനും കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് മൈതാനത്ത പന്ത് തട്ടിയപ്പോള്‍ ആവേശം അണപൊട്ടി. യൂറോ കപ്പിലെ തോല്‍വിക്ക് ഇംഗ്ലണ്ടിന്റെ കൗമാരപ്പട കണക്കുതീര്‍ത്തു.
ഇന്ത്യ ആതിഥേയത്വം വഹിച്ച കൗമാര ലോകകപ്പില്‍ സ്‌പെയിനിനെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ട് കിരീടമുയര്‍ത്തി. ആദ്യ പകുതിയില്‍ രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്.
കളിയുടെ ആദ്യമിനിറ്റില്‍ത്തന്നെ സ്‌പെയിനിനെ വിറപ്പിച്ചുകൊണ്ടാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ഗിബ്‌സ് വൈറ്റും ബ്രൂസ്റ്ററും ചേര്‍ന്നുള്ള തുടക്കത്തിലെ ആക്രമണം നിര്‍ഭാഗ്യം കൊണ്ടാണ് ഫലം കാണാതെ പോയത്. എന്നാല്‍ ഇംഗ്ലണ്ടിന് പിഴച്ചത് സപെയിന് പിഴച്ചില്ല.
കളിയുടെ പത്താം മിനിറ്റില്‍ തന്നെ സെര്‍ജിയോ ഗോമസിലൂടെ സ്‌പെയിന്‍ മുന്നിലെത്തി. ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ഇംഗ്ലണ്ട് സ്‌പെയിന്‍ ഗോള്‍ പോസ്റ്റില്‍ നിരന്തരം പന്തുമായി എത്തി.
ആക്രമണപ്രത്യാക്രമണവുമായി ഇരുടീമുകളും നിലയുറപ്പിച്ചതോടെ കളി ആവേശത്തിലായി. ഇരുപതുമിനിറ്റിനു ശേഷം സെര്‍ജിയോ ഗോമസ് വീണ്ടും ഇംഗ്ലീഷ് പ്രതിരോധം തകര്‍ത്ത് വലകുലുക്കി. സ്‌പെയിനിന്റെയും ഗോമസിന്റെയും ഫൈനലിലെ രണ്ടാം ഗോള്‍.
തിരിച്ചടിക്കായി വെമ്പുന്ന ഇംഗ്ലണ്ടിനെയായിരുന്നു പിന്നീട് കണ്ടത്. ടൂര്‍ണ്ണമെന്റിലെ ഗോള്‍ വേട്ടക്കാരനായ ബ്രൂസ്റ്ററിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് നിരന്തരം കറ്റാലന്‍ ഗോള്‍മുഖത്ത് ഭീഷണി സൃഷ്ടിച്ചു.
നിരന്തരമായ പ്രയത്‌നങ്ങളുടെ ഫലമായി ആദ്യ പകുതി അവസാനിക്കാനിരിക്കെ ഇംഗ്ലണ്ട് ഗോള്‍ മടക്കി. ബ്രൂസ്റ്ററിന്റെ തകര്‍പ്പനൊരു ഹെഡറോടെ ഇംഗ്ലണ്ട് ഗോള്‍ പട്ടിക തുറക്കുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ട് സമനില ഗോളും നേടി. 58 ാംമിനിറ്റില്‍ ബ്രൂസ്റ്ററിനൊപ്പം ഇംഗ്ലീഷ് മുന്നേറ്റങ്ങള്‍ക്ക് ചുവടു പിടിച്ച വൈറ്റ് പന്തു വലയിലാക്കി.
സമനില ഗോളിന്റെ ആവേശം അടങ്ങും മുന്‍പെ ഇംഗ്ലണ്ട് ലീഡ്ു നേടി. 69 ാം മിനിറ്റില്‍ ഫില്‍ ഫോഡന്‍ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. ലീഡ് വഴങ്ങിയ സ്‌പെയിന്‍ പിന്നീട് ആക്രമണവുമായി ഇംഗ്ലണ്ട് ഗോള്‍മുഖത്ത് ഇടക്കെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.
കളിയവസാനിക്കാന്‍ ആറുമിനിറ്റുമാത്രം ശേഷിക്കെ ഗുവേഹിയിലൂടെ ഇംഗ്ലണ്ട് നാലാം ഗോളും നേടി. 88 ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കിന്റെ അനന്തരം ഫോഡന്‍ മത്സരത്തിലെ തന്റെ രണ്ടാം ഗോളും നേടിയതോടെ സ്‌പെയിനിനെതിരെ ഇംഗ്ലണ്ട് ജയവും ലോകകപ്പും സ്വന്തമാക്കി.