| Friday, 23rd February 2024, 10:10 am

ആകാശിന് അരങ്ങേറ്റം...ഇംഗ്ലണ്ടിന് ടോസ്; നാലാം ടെസ്റ്റ് പൊടി പൊടിക്കാന്‍ ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് റാഞ്ചിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. മത്സരത്തില്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറക്ക് പകരം ആകാശ് ദീപിന് ടീമില്‍ എത്താന്‍ സാധിച്ചിട്ടുണ്ട്. താരത്തിന്റെ ആദ്യത്തെ ടെസ്റ്റ് മത്സരമാണിത്. തുടര്‍ച്ചയായ ടെസ്റ്റില്‍ നിന്നും ബുംറക്ക് നേരത്തെ ടീം മാനേജ്മെന്റ് വിശ്രമം അനുവദിച്ചിരുന്നു.

റാഞ്ചിയിലെ ജെ.എസ്.സി.എ സ്റ്റേഡിയത്തിലെ പിച്ച് വെല്ലുവിളി ഉയര്‍ത്തുമെന്ന് ഇന്ത്യന്‍ ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ പറഞ്ഞിരുന്നു. പിച്ച് സ്പിന്‍ ബൗളിങ്ങിന് മികവ് പുലര്‍ത്തുന്ന പിച്ചാണ് റാഞ്ചിയിലുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യന്‍ നിരയില്‍ രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവരാണ് കളത്തിലിറങ്ങിയത്. പേസ് നിര നയിക്കുന്നത് മുഹമ്മദ് സിറാജും ആകാശ് ദീപുമാണ്.

ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ 2-1 എന്ന നിലയില്‍ ഇന്ത്യയാണ് മുന്നില്‍. മൂന്നാം ടെസ്റ്റില്‍ 434 റണ്‍സിനാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. രണ്ടാമത്തെ ടെസ്റ്റില്‍ 106 റണ്‍സിന്റെ വിജയവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ 28 റണ്‍സിന്റെ വിജയം സ്വന്തമാക്കിയത് ഇംഗ്ലണ്ടായിരുന്നു.

ഇനി അവശേഷിക്കുന്നത് വെറും രണ്ട് ടെസ്റ്റാണ്. നിര്‍ണായകമായ രണ്ട് ടെസ്റ്റിലും വിജയിച്ചാല്‍ മാത്രമാണ് ഇംഗ്ലണ്ടിന് പരമ്പര വിജയിക്കാന്‍ സാധിക്കുക. എന്നാല്‍ ഇന്ത്യക്കിനി ഒരു മത്സരം മാത്രം വിജയിച്ചാല്‍ പരമ്പര വിജയമുറപ്പിക്കാം.

നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍:

ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍‌സ്റ്റോ, ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ടോം ഹാര്‍ട്ട്‌ലി, ഒല്ലി റോബിന്‍സണ്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഷോയിബ് ബഷീര്‍.

നാലാം ടെസ്റ്റിലെ ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, രജത് പതിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.

Content Highlight: England Won The Toss In Fourth Test Against India

We use cookies to give you the best possible experience. Learn more