| Saturday, 14th July 2018, 11:28 pm

ഏകദിന പരമ്പരയില്‍ 'റൂട്ട്' ഉറപ്പിച്ച് ഇംഗ്ലണ്ട്; ഇന്ത്യയ്ക്ക് തോല്‍വി

സ്പോര്‍ട്സ് ഡെസ്‌ക്

ലോര്‍ഡ്‌സ്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 237 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ പരമ്പര 1-1 എന്ന നിലയിലാകുകയും മൂന്നാം ഏകദിനം നിര്‍ണായകമാവുകയും ചെയ്തു.

ജോ റൂട്ടിന്റെ സെഞ്ച്വറി മികവില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ ഇംഗ്ലണ്ട് കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കി.

ALSO READ: ചരിത്ര നേട്ടവുമായി ധോണി; ഏകദിനത്തില്‍ 10000 റണ്‍സ്

ഇന്ത്യയ്ക്കായി സുരേഷ് റെയ്‌ന 46 ഉം നായകന്‍ വിരാട് കോഹ്‌ലി 45 ഉം റണ്‍സെടുത്തു. മികച്ച തുടക്കം കിട്ടിയെങ്കിലും ധവാന്‍ വീണ്ടും നിരാശപ്പെടുത്തി. 36 റണ്‍സാണ് ഈ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ കുറിച്ചത്. ധോണി 37 റണ്‍സും പാണ്ഡ്യ 21 ഉം റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി പ്ലങ്കറ്റ് 4 വിക്കറ്റെടുത്തപ്പോള്‍ ആദില്‍ റഷീദ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ക്കായി ഓപ്പണര്‍മാരായ ജേസണ്‍ റോയും ജോണി ബെയര്‍സ്‌റ്റോവും മികച്ച തുടക്കമാണ് നല്‍കിയത്. 40 റണ്‍സെടുത്ത റോയും 38 റണ്‍സെടുത്ത ബെയര്‍സ്‌റ്റോവും പുറത്തായശേഷം ഇറങ്ങിയ റൂട്ടും മോര്‍ഗനും ഇംഗ്ലണ്ട് ഇന്നിംഗ്‌സ് മുന്നോട്ട് നയിച്ചു.

ALSO READ: നദാലിനെ വീഴ്ത്തി ദ്യോക്കോവിച്ച് ഫൈനലില്‍

മോര്‍ഗന്‍ പുറത്താശേഷം ബെന്‍ സ്‌റ്റോക്‌സും ജോസ് ബട്‌ലറും മോയിന്‍ അലിയും പെട്ടെന്ന് കൂടാരം കയറിയെങ്കിലും വാലറ്റത്ത് ഡേവിഡ് വില്ലി റൂട്ടിനൊപ്പം ചേര്‍ന്നതോടെ ഇംഗ്ലീഷ് സ്‌കോര്‍ 300 കടന്നു. വില്ലി 50 റണ്‍സെടുത്ത് പുറത്തായപ്പോള്‍ റൂട്ട് സെഞ്ച്വറിയുമായി അപരാജിതനായി നിന്നു.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് 3 വിക്കറ്റ് വീഴ്ത്തി. നേരത്തെ ടി-20 പരമ്പര ഇന്ത്യ നേടിയിരുന്നു.

We use cookies to give you the best possible experience. Learn more