2024 ഐ.സി.സി വിമണ്‍സ് ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവര്‍ കഴിഞ്ഞപ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സാണ് ടീമിന് നേടാന്‍ സാധിച്ചത്.
ഇംഗ്ലണ്ടിന്റെ സ്പിന്‍ ബൗളിങ് കൂട്ടുകെട്ടാണ് ചുരുങ്ങിയ സ്‌കോറില്‍ സൗത്ത് ആഫ്രിക്കന്‍ പടയെ തളക്കാന്‍ സഹായിച്ചത്. സോഫി എക്കല്‍സ്റ്റോണ്‍ രണ്ട് വിക്കറ്റും സാറാ ഗ്ലെന്‍, ലിന്‍സി സ്മിത്ത്, ചാര്‍ലി ഡീന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടിയിരുന്നു.
എന്നാല്‍ ഇംഗ്ലണ്ടിന്റെ ഈ ബൗളിങ് പ്രകടനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. 20 ഓവര്‍ മാച്ചില്‍ 16 ഓവറും സ്പിന്നര്‍മാരാണ് എറിഞ്ഞത്. ഐ.സി.സി വിണ്‍സ് ടി-20 ലോകകപ്പില്‍ ഇംഗ്ലണ്ട് രണ്ടാം തവണയാണ് 16 ഓവര്‍ സ്പിന്നര്‍മാരെ കൊണ്ട് എറിയിക്കുന്നത്. ഈ വര്‍ഷം ബംഗ്ലാദേശിനെതിരെ 16 ഓവര്‍ സ്പിന്നര്‍മാരെ കൊണ്ട് എറിയിച്ച് റെക്കോഡ് നേടാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു.
പ്രോട്ടിയാസിന് വേണ്ടി ഓപ്പണിങ് ഇറങ്ങിയ ക്യാപ്റ്റന്‍ ലോറ വോള്‍വാട്ട് 39 പന്തില്‍ 42 റണ്‍സ് നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ തസ്മിന്‍ 13 റണ്‍സിന് പുറത്താക്കുകയായിരുന്നു മാത്രമല്ല പിന്നീട് വന്ന അന്നേക് ബോസ്‌ക് 18 റണ്‍സിനും മടങ്ങി. ശേഷം മാരിസാന്‍ കാപ്പ് 26 റണ്‍സ് നേടി ഗ്രീസില്‍ പിടിച്ചുനിന്നെങ്കിലും സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കാതെ പുറത്താവുകയായിരുന്നു.
ടീമിനുവേണ്ടി അന്നേറി ഡക്കര്‍സണ്‍ 11 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 20 റണ്‍സ് നേടി അവസാന ഘട്ടത്തില്‍ പുറത്താകാതെ സ്‌കോര്‍ ഉയര്‍ത്തി. മറ്റാര്‍ക്കും തന്നെ ടീമിനുവേണ്ടി കാര്യമായ സംഭാവന ചെയ്യാന്‍ സാധിച്ചില്ലായിരുന്നു.