ടി-ട്വന്റിയില്‍ ഇന്ത്യന്‍ പെണ്‍പടക്ക് ഇംഗ്ലണ്ടിനോട് തോല്‍വി
Sports News
ടി-ട്വന്റിയില്‍ ഇന്ത്യന്‍ പെണ്‍പടക്ക് ഇംഗ്ലണ്ടിനോട് തോല്‍വി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 6th December 2023, 11:38 pm

ഡിസംബര്‍ ആറിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് വിജയം. ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയച്ചപ്പോള്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് ആണ് ഇംഗ്ലണ്ട് വുമണ്‍സ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് മാത്രമാണ് നേടാനായത്.

ഇംഗ്ലണ്ടിനുവേണ്ടി ഓപ്പണര്‍ ഡാനി വൈറ്റ് 47 പന്തില്‍ രണ്ടു സിക്‌സറുകളും ഒരു ബൗണ്ടറിയും അടക്കം 75 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. മധ്യനിരയില്‍ ഇറങ്ങിയ നാറ്റ് സ്‌കൈവര്‍ ബ്രന്‍ഡ് 53 പന്തില്‍ 13 ബൗണ്ടറികളും അടക്കം 77 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇരുവരുടെയും തകര്‍പ്പന്‍ പ്രകടനത്തിലാണ് ഇംഗ്ലണ്ടിന് 197 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ നേടാനായത്. ഇരുവര്‍ക്കും പുറമേ ആമി ജോണ്‍സണ്‍ ഒമ്പത് പന്തില്‍ ഒരു സിക്‌സറും മൂന്ന് ബൗണ്ടറിയുമായി 23 റണ്‍സിന്റെ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചത് 255 എന്ന സ്‌ട്രൈക്ക് റേറ്റിലാണ്.

ഇന്ത്യയുടെ രേണുക സിങ് നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് ആണ് സ്വന്തമാക്കിയത്. ശ്രേയങ്ക പാട്ടീല്‍ 44 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി. സൈക്കാ ഇസ്ഹാക്ക് 38 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും നേടിയിരുന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യന്‍ പെണ്‍പടക്ക് ഓപ്പണര്‍ ഷഫാലി വര്‍മ്മ 42 പന്തില്‍ ഒമ്പത് ബൗണ്ടറികള്‍ അടക്കം 52 റണ്‍സ് നേടിക്കൊടുത്തു. എന്നാല്‍ സ്മൃതി മന്ദാന ആറു റണ്‍സിനും ജെമിമ റോഡ്രിക്കസ് നാല് റണ്‍സിനും പുറത്താക്കുകയായിരുന്നു. മധ്യനിരയില്‍ ഹര്‍മന്‍ പ്രീത്കൗര്‍ 21 പന്തില്‍ ഒരു സിക്‌സറും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 26 റണ്‍സും റിച്ച ഘോഷ് 16 പന്തില്‍ ഒരു സിക്‌സറും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 21 റണ്‍സും നേടി പൊരുതി. മധ്യനിരയും തകര്‍ന്നപ്പോള്‍ കനിക അഹൂജ 15 റണ്‍സും പൂജ വസ്ത്രകര്‍ 11 റണ്‍സുമെടുത്ത് ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഇംഗ്ലണ്ടിനുവേണ്ടി സോഫി എക്ലസ്റ്റോണ്‍ നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തു. നാറ്റ് സ്‌കൈവര്‍, ഫ്രെയ ക്രെമ്പ്, സാറ ഗ്ലന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി ഇന്ത്യന്‍ നിരയില്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചു. ഇംഗ്ലണ്ടിന്റെ ശക്തമായ ബാറ്റിങ് നിരയും ബൗളിങ് നിരയും ഇന്ത്യയെ തോല്‍വിയിലേക്ക് പറഞ്ഞയച്ചത്.

Content Highlight: England Women’s Win  Against India