മെല്‍ബണില്‍ അവസാന ചിരി ഇംഗ്ലണ്ടിന്. ഐ.സി.സി ടി-20 ലോകകപ്പ് 2022ല്‍ കിരീടം ചൂടി ഇംഗ്ലണ്ട്. പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ഇംഗ്ലണ്ട് കിരീടം ചൂടിയത്.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനം ബൗളര്‍മാര്‍ പുറത്തെടുത്തപ്പോള്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 138 റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ട് അനായാസം മറികടക്കുകയായിരുന്നു.
പാകിസ്ഥാന് വേണ്ടി ക്യാപ്റ്റന്‍ ബാബര്‍ അസം 32 റണ്‍സ് നേടിയപ്പോള്‍ ഷാന്‍ മസൂദ് 38 റണ്‍സും സ്വന്തമാക്കി. ഒടുവില്‍ 137 റണ്‍സിന് എട്ട് വിക്കറ്റ് എന്ന നിലയില്‍ പാകിസ്ഥാന്‍ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.
നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സാം കറനാണ് പാകിസ്ഥാനെ എറിഞ്ഞിട്ടത്.
താനെറിഞ്ഞ 24 പന്തില്‍ 15 എണ്ണവും ഡോട്ട് ബോളെറിഞ്ഞാണ് സാം കറന്‍ പാകിസ്ഥാനെ വരിഞ്ഞുമുറുക്കിയത്. മുഹമ്മദ് റിസ്വാന്‍, ഷാന്‍ മസൂദ്, മുഹമ്മദ് നവാസ് എന്നിവരാണ് കറന്റെ പേസിന്റെ ചൂടറിഞ്ഞത്.
സാം കറന് പുറമെ ആദില്‍ റഷീദും ക്രിസ് ജോര്‍ദനും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് കഴിഞ്ഞ മത്സരത്തിലെ ടോപ് സ്‌കോറര്‍ അലക്‌സ് ഹേല്‍സിനെ ഒറ്റ റണ്‍സ് മാത്രമെടുത്ത് നില്‍ക്കവെ നഷ്ടമായിരുന്നു. ഷഹീന്‍ ഷാ അഫ്രിദിയുടെ പേസിന് മുമ്പില്‍ ഉത്തരമില്ലാതെ താരം ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.
മൂന്നാമനായി ഇറങ്ങിയ ഫില്‍ സോള്‍ട്ടിനെയും നഷ്ടമായതോടെ ഇംഗ്ലണ്ട് അപകടം മണത്തു. എങ്കിലും ജോസ് ബട്‌ലര്‍ മറുവശത്ത് നിന്നും ആഞ്ഞടിച്ചുകൊണ്ടിരുന്നു. എന്നാല്‍ ആ ആളിക്കത്തലും പാകിസ്ഥാന്‍ വെള്ളമൊഴിച്ച് കെടുത്തിയിരുന്നു.
2010ലെ ലോകകപ്പ് വിജയത്തിന് ശേഷം ടി-20 ലോകകപ്പില്‍ കിരീട നേട്ടം ആവര്‍ത്തിക്കാനും ഇതോടെ ഇംഗ്ലണ്ടിനായി. രണ്ട് തവണ കിരീടം നേടിയെന്ന ഖ്യാതി ഒറ്റക്ക് കയ്യടക്കിവെച്ച വിന്‍ഡീസിനൊപ്പം ആ നേട്ടം പങ്കിടാനും ത്രീ ലയണ്‍സിന് സാധിച്ചു.