ഓക്‌ലന്‍ഡ്: ലോകകപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനമായി ഒരു മത്സരം. ഇത്തവണ ബൗണ്ടറിയെണ്ണി വിവാദമായില്ല. പക്ഷേ ലോകകപ്പ് സ്മരണകളുണര്‍ത്തി മത്സരം ഇംഗ്ലണ്ട് തന്നെ സ്വന്തമാക്കി. അന്ന് സ്വന്തം നാട്ടിലെ സാഹചര്യങ്ങളില്‍ നിന്നായിരുന്നു ഇംഗ്ലണ്ട് മത്സരം ജയിച്ചതെങ്കില്‍, ഇത്തവണ ന്യൂസിലന്‍ഡിനെ അവരുടെ നാട്ടില്‍ച്ചെന്നാണ് ഇംഗ്ലീഷ് ടീം തോല്‍പ്പിച്ചത്.
ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ നടന്ന അഞ്ചാം ട്വന്റി20 മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ എട്ട് റണ്‍സിന്റെ അനായാസ ജയമാണ് ഇംഗ്ലീഷ് ടീം നേടിയത്. മത്സരം നിശ്ചിത ഓവറില്‍ ടൈയിലേക്കു നീങ്ങിയതിനെത്തുടര്‍ന്നാണ് സൂപ്പര്‍ ഓവറില്‍ വിജയിയെ നിശ്ചയിക്കാന്‍ തീരുമാനിച്ചത്.
മോശം കാലാവസ്ഥ മൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 147 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട്, അത്രയും ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ എടുത്തത് 146 റണ്‍സാണ്. തുടര്‍ന്ന് സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഇംഗ്ലണ്ടിന് 17 റണ്‍സെടുക്കാനായി.
ആറു പന്തുകള്‍ നേരിട്ട കിവീസ് ബാറ്റ്‌സ്മാന്മാര്‍ക്ക് ഒമ്പത് റണ്‍സെടുക്കാനേ സാധിച്ചിട്ടുള്ളൂ. അവസാന ഓവറില്‍ പക്വതയോടെ പന്തെറിഞ്ഞ ക്രിസ് ജോര്‍ദാനും നാലാം പന്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടിം സീഫര്‍ട്ടിനെ പിന്നോട്ടോടി കൈപ്പിടിയിലൊതുക്കിയ ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനുമാണ് ഇംഗ്ലീഷ് ടീമിന്റ വിജയശില്‍പ്പി.
നേരത്തേ 11 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് കിവീസ് 146 റണ്‍സെടുത്തത്. 20 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്ടില്‍, 21 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത കോളിന്‍ മണ്‍റോ, 16 പന്തില്‍ 39 റണ്‍സെടുത്ത സീഫര്‍ട്ട് എന്നിവരാണ് കിവീസിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനു വേണ്ടി ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ 18 പന്തില്‍ 47 റണ്‍സാണ് അടിച്ചെടുത്തത്. 11 പന്തില്‍ 24 റണ്‍സെടുത്ത സാം കുറാനും മികച്ച പ്രകടനം നടത്തി.
സമാനതകളില്ലാത്ത പോരാട്ടമായിരുന്നു ഈ വര്‍ഷം ജൂലൈ 14-ന് ഇംഗ്ലീഷ് മണ്ണില്‍ നടന്നത്. അന്നത്തെ ലോകകപ്പ് ഫൈനലില്‍ സൂപ്പര്‍ ഓവറിലും മത്സരം സമനിലയിലായതിനെത്തുടര്‍ന്ന് ബൗണ്ടറിക്കണക്കിലാണു വിജയിയെ തീരുമാനിച്ചത്. ഇത് ഏറെ വിവാദമായിരുന്നു.
സൂപ്പര്‍ ഓവറില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 16 റണ്‍സെന്ന ലക്ഷ്യത്തെ സധൈര്യം നേരിട്ട ന്യൂസിലന്‍ഡിന് അവസാന പന്തില്‍ റണ്‍ ഔട്ടിന്റെ രൂപത്തില്‍ ലോര്‍ഡ്സിലെ ഭൂതം പിടികൂടുമെന്ന് ആരും വിചാരിച്ചുകാണില്ല.
അവസാന ഓവറെറിഞ്ഞ ജോഫ്ര ആര്‍ച്ചറും തോല്‍വിയിലേക്കു നീങ്ങിയ ടീമിനെ ഒറ്റയ്ക്കു തോളില്‍ ചുമന്ന് വിജയത്തിലേക്കു നയിച്ച ബെന്‍ സ്റ്റോക്സും കണ്ണുനീരൊഴുക്കിയായിരുന്നു ആ ലോകകപ്പ് വിജയത്തെ സ്വീകരിച്ചത്.