| Sunday, 25th August 2019, 9:07 pm

ഇതാണ് ആഷസ്, ഇതാവണം ആഷസ്; ലീഡ്‌സില്‍ സ്റ്റോക്‌സിന്റെ വക ഇംഗ്ലീഷ് പൂരം; ഓസീസിന്റെ തോല്‍വി ഒരു വിക്കറ്റിന്

സ്പോര്‍ട്സ് ഡെസ്‌ക്

ലീഡ്‌സ്: ക്രിക്കറ്റിന്റെ ലാലിഗയെന്നു വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടമാണ് ആഷസ്. ഇത്രയധികം ആവേശം നിറഞ്ഞ മത്സരം സമീപകാലത്ത് ആഷസിലുണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. ആദ്യ ഇന്നിങ്‌സില്‍ വെറും 67 റണ്‍സിന് തകര്‍ന്നടിഞ്ഞിട്ടും രണ്ടാം ഇന്നിങ്‌സില്‍ റെക്കോഡ് സ്‌കോര്‍ പിന്തുടര്‍ന്ന് ഒരു വിക്കറ്റിനു ജയിച്ച ആതിഥേയരായ ഇംഗ്ലണ്ട് ലീഡ്‌സില്‍ നിറഞ്ഞിരുന്ന സ്വന്തം കാണികളെപ്പോലും അതിശയിപ്പിച്ചു.

359 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിട്ടും വിജയിച്ചുകയറിയെങ്കില്‍ ബെന്‍ സ്റ്റോക്‌സ് എന്ന ഇടംകൈയനോട് കടപ്പെട്ടിരിക്കണം.

അഞ്ചാം വിക്കറ്റ് വീണശേഷം കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണിട്ടും ഒരറ്റത്തു നിന്ന് അവസാന റണ്‍സ് വരെ അടിച്ചെടുത്ത സ്റ്റോക്‌സ് 219 പന്തില്‍ നിന്നു നേടിയത് 135 റണ്‍സാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കളി തീരാന്‍ ഒരു ദിവസം കൂടി ശേഷിക്കെയാണ് ഇംഗ്ലണ്ടിന്റെ വിജയം. പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കേ ഇംഗ്ലണ്ട് ഒപ്പത്തിനൊപ്പമെത്തി. ആദ്യ മത്സരത്തില്‍ ഓസീസ് ജയിച്ചിരുന്നു. രണ്ടാം മത്സരം സമനിലയാവുകയാണു ചെയ്തത്.

ടെസ്റ്റ് ക്രിക്കറ്റില്‍ പിന്തുടര്‍ന്ന് ജയിക്കുന്ന കളികളില്‍ സ്‌കോര്‍ കണക്കില്‍ അഞ്ചാം സ്ഥാനത്താണ് ഈ മത്സരം.

നേരത്തേ 359 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ത്തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. 15 റണ്‍സെത്തി നില്‍ക്കുമ്പോഴേക്കും രണ്ട് ഓപ്പണര്‍മാരെയും ഇംഗ്ലണ്ടിനു നഷ്ടപ്പെട്ടിരുന്നു.

എന്നാല്‍ വണ്‍ ഡൗണായിറങ്ങിയ ജോ റൂട്ടും നാലാമനായി ഇറങ്ങിയ ജോ ഡെന്‍ലിയും അര്‍ധ സെഞ്ചുറികള്‍ നേടിയപ്പോള്‍ ആ കൂട്ടുകെട്ട് 126 റണ്‍സ് പിന്നിട്ടു. റൂട്ട് 77 റണ്‍സും ഡെന്‍ലി 50 റണ്‍സും നേടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പിന്നീട് വന്ന സ്റ്റോക്‌സിനു മികച്ച പിന്തുണ നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. 36 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. അതേസമയം ഒരറ്റത്ത് സ്റ്റോക്‌സ് തകര്‍ക്കുകയായിരുന്നു.

11 ഫോറിന്റെയും എട്ട് സിക്‌സറിന്റെയും പിന്തുണയോടെയാണ് സ്‌റ്റോക്‌സ് 219 പന്തില്‍ 135 റണ്‍സ് നേടിയത്. കരിയറിലെ ഏഴാം ടെസ്റ്റ് സെഞ്ചുറിയാണ് സ്റ്റോക്‌സിന്റേത്.

പാറ്റ് കമ്മിന്‍സ് എറിഞ്ഞ പന്തില്‍ സ്റ്റോക്‌സ് ബൗണ്ടറി നേടി വിജയം ഉറപ്പിക്കുകയായിരുന്നു. ഓസീസിനു വേണ്ടി ജോഷ് ഹേസല്‍വുഡ് നാല് വിക്കറ്റും നഥാന്‍ ലിയോണ്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

ആദ്യ ഇന്നിങ്‌സില്‍ 179 റണ്‍സിന് ഓസീസിനെ വീഴ്ത്തിയ ഇംഗ്ലണ്ട് 67 റണ്‍സിന് തകര്‍ന്നടിഞ്ഞിരുന്നു. ഹേസല്‍വുഡ് അന്ന് അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവെച്ചു. രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് നേടിയത് 246 റണ്‍സാണ്.

We use cookies to give you the best possible experience. Learn more