| Sunday, 9th July 2023, 8:25 pm

ആഷസാകുമ്പോള്‍ അങ്ങനെ തോറ്റുകൊടുക്കാന്‍ പറ്റില്ലല്ലോ; പരമ്പര കൈവിടാതെ പോരാട്ട വീര്യവുമായി ത്രീ ലയണ്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ പൊരുതി വിജയിച്ച് ഇംഗ്ലണ്ട്. നാലാം ദിവസത്തെ രണ്ടാം സെഷനില്‍ തന്നെ ഓസീസ് ഉയര്‍ത്തിയ വിജയലക്ഷ്യം മറികടന്നാണ് ഇംഗ്ലണ്ട് പരമ്പര പരാജയപ്പെടാതെ കാത്തത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 2-1 എന്ന നിലയിലേക്ക് നില മെച്ചപ്പെടുത്താനും ഇംഗ്ലണ്ടിനായി.

ഹെഡിങ്‌ലി ഓവലില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. ഓസീസ് ഉയര്‍ത്തിയ 251 റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ട് 50 ഓവറില്‍ മറികടക്കുകയായിരുന്നു.

സ്‌കോര്‍

ഓസ്‌ട്രേലിയ

ആദ്യ ഇന്നിങ്‌സ് : 263
രണ്ടാം ഇന്നിങ്‌സ് : 224

ഇംഗ്ലണ്ട്

ആദ്യ ഇന്നിങ്‌സ് : 237
രണ്ടാം ഇന്നിങ്‌സ് : 254/7

സൂപ്പര്‍ താരം ഹാരി ബ്രൂക്കിന്റെ അര്‍ധ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. സാധാരണ കളിക്കുന്ന മൂന്നാം നമ്പറില്‍ നിന്നും താഴേക്കിറങ്ങി അഞ്ചാം നമ്പറിലാണ് ബ്രൂക്ക് ബാറ്റേന്തിയത്. 93 പന്തില്‍ നിന്നും ഒമ്പത് ബൗണ്ടറിയുടെ അകമ്പടിയോടെ 75 റണ്‍സാണ് താരം നേടിയത്.

സാക്ക് ക്രോളി (55 പന്തില്‍ നിന്നും 44), ക്രിസ് വോക്‌സ് (47 പന്തില്‍ നിന്നും 32) ബെന്‍ ഡക്കറ്റ് (31 പന്തില്‍ 23) ജോ റൂട്ട് (33 പന്തില്‍ 21) എന്നിവരാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍.

വിക്കറ്റൊന്നും നഷ്ടപ്പെടാതെ 27 റണ്‍സിന് നാലാം ദിവസം ആരംഭിച്ച ഇംഗ്ലണ്ടിന് നൂറ് റണ്‍സ് തികക്കും മുമ്പ് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഡക്കറ്റിനെയും മോയിന്‍ അലിയെയും വീഴ്ത്തി ഓസീസിനെ ഡ്രൈവിങ് സീറ്റിലിരുത്തിയ മിച്ചല്‍ സ്റ്റാര്‍ക് മൂന്നാം ടെസ്റ്റില്‍ തന്നെ ആഷസ് ട്രോഫി ഓസ്‌ട്രേലിയയിലെത്തിക്കുമെന്ന് തോന്നിച്ചിരുന്നു.

ഡക്കറ്റിനും അലിക്കും പുറമെ ഹാരി ബ്രൂക്ക്, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ എന്നിവരെയും സ്റ്റാര്‍ക് മടക്കിയിരുന്നു. സ്റ്റാര്‍ക്കിന് പിന്തുണ നല്‍കാന്‍ മറ്റ് ബൗളര്‍മാര്‍ക്ക് സാധിക്കാതെ വന്നതോടെ ഇംഗ്ലണ്ട് പരമ്പര കൈവിടാതെ കാക്കുകയായിരുന്നു.

ഇനിയുള്ള രണ്ട് ടെസ്റ്റ് മത്സരത്തില്‍ രണ്ടിലും വിജയിച്ചാല്‍ ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാം. രണ്ട് മത്സരത്തില്‍ രണ്ടും വിജയിക്കുയോ, ഒരു മത്സരത്തില്‍ വിജയിക്കുകയോ രണ്ട് മത്സരവും സമനിലയില്‍ കലാശിക്കുകയോ ചെയ്താല്‍ ഓസീസിന് ആഷസ് നിലനിര്‍ത്താം.

ജൂലൈ 19നാണ് പരമ്പരയിലെ നാലാം മത്സരം. ഓള്‍ഡ് ട്രാഫോര്‍ഡാണ് വേദി.

Content highlight: England wins Ashes 3rd test

We use cookies to give you the best possible experience. Learn more