ലണ്ടന്‍: കിരീടം തിരിച്ചുപിടിക്കാനാകില്ലെന്ന് ഉറപ്പുണ്ടായിട്ടും ആഷസില്‍ അഭിമാന ജയത്തോടെ പോരാട്ടം അവസാനിപ്പിച്ച് ഇംഗ്ലണ്ട് പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയെ 135 റണ്‍സിന് തകര്‍ത്ത് ആതിഥേയര്‍ 2-2ന് പരമ്പര സമനിലയിലാക്കി.
രണ്ടു വീതം മത്സരങ്ങള്‍ ഇരുടീമുകളും ജയിച്ചതോടെ കഴിഞ്ഞതവണത്തെ വിജയികളായ ഓസീസ് തന്നെ ആഷസ് കപ്പ് നിലനിര്‍ത്തും.
രണ്ടാം ഇന്നിങ്‌സില്‍ 399 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസ് നാലാം ദിവസം 263 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.
മുന്‍നിര തകര്‍ന്നടിഞ്ഞ ഓസീസിനെ മാത്യു വേഡ് (117) ഒറ്റയാള്‍ പോരാട്ടത്തിലൂടെ മുന്നോട്ടു നയിച്ചെങ്കിലും അവസാന നാല് വിക്കറ്റുകള്‍ 19 റണ്‍സിന് വീഴ്ത്തി ഇംഗ്ലീഷ് ബൗളര്‍മാര്‍ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
നാല് വിക്കറ്റ് വീതം വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡ്, ജാക്ക് ലീച്ച് എന്നിവരും രണ്ട് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ ജോ റൂട്ടുമാണ് ഓസീസിനെ തകര്‍ത്തത്.
ഒറ്റയാള്‍ പ്രകടനവുമായി ടീമിനെ മുന്നോട്ടു കൊണ്ടുപോയിരുന്ന വേഡിനെ അപ്രതീക്ഷിതമായി ഒരു പന്തിലൂടെ പാര്‍ട്ട്‌ടൈം സ്പിന്നറായ റൂട്ടാണ് വീഴ്ത്തിയത്. ഇതോടെ ഓസീസ് പരാജയം സമ്മതിക്കുകയായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ആദ്യ നാല് വിക്കറ്റുകള്‍ 85 റണ്‍സിന് നഷ്ടപ്പെട്ട ഓസീസിനെ വേഡും മിച്ചല്‍ മാര്‍ഷും (24) ചേര്‍ന്നാണു കരകയറ്റിയത്. 63 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തത്. ആറാം വിക്കറ്റില്‍ പെയ്നിനൊപ്പം ചേര്‍ന്ന് വേഡ് നേടിയതാകട്ടെ, 52 റണ്‍സും.
നേരത്തേ ബെന്‍ സ്റ്റോക്സിന്റെ (67) അര്‍ധസെഞ്ചുറിയുടെയും ജോസ് ബട്ട്ലറിന്റെ (47) ഭേദപ്പെട്ട പ്രകടനത്തിന്റെയും പിന്‍ബലത്തിലാണ് ഇംഗ്ലണ്ട് 398 റണ്‍സിന്റെ രണ്ടാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയത്.