| Monday, 30th October 2023, 11:06 am

ഇംഗ്ലണ്ടിന് മറ്റൊരു പ്രഹരം കൂടി; 2025 ചാമ്പ്യന്‍സ് ട്രോഫിയും നഷ്ടമാവുമോ? സാധ്യതകള്‍ ഇങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

ഏകദിന ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് 100 റണ്‍സിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഈ തോല്‍വിക്ക് പിന്നാലെ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് അഞ്ച് മത്സരവും പരാജയപ്പെട്ട് പോയിന്റ് ടേബിളിന്റെ അവസാനസ്ഥാനത്താണ്. ഇതോടെ മറ്റൊരു കനത്ത തിരിച്ചടിനല്‍കുന്ന വാര്‍ത്തകളാണ് ഇംഗ്ലണ്ട് ടീമിനെ തേടിയെത്തുന്നത്.

2025ല്‍ പാകിസ്ഥാനില്‍ വെച്ച് നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാനുള്ള യോഗ്യത ഇംഗ്ലണ്ട് ടീമിന് നഷ്ടമാകാന്‍ സാധ്യതകളുണ്ട്. ഐ.സി.സിയുടെ ഏറ്റവും പുതിയ നിയമപ്രകാരം ഏകദിനലോകകപ്പിലെ ആദ്യ എട്ട് സ്ഥാനത്തുള്ള ടീമുകള്‍ ആയിരിക്കും 2025ല്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടുക.

നിലവില്‍ എട്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ പങ്കെടുക്കണമെങ്കില്‍ പോയിന്റ് പട്ടികയില്‍ ആദ്യം എട്ടില്‍ ഇടം നേടണം.

ഇംഗ്ലണ്ടിന് ഇതുവരെ ചാമ്പ്യന്‍സ് ട്രോഫി നേടാന്‍ സാധിച്ചിട്ടില്ല. 2013 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയോട് ഇംഗ്ലണ്ട് പരാജയപെട്ടിരുന്നു.

ലഖ്നൗവില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ 50 ഓവര്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സാണ് നേടിയത്.

താരതമ്യേന ചെറിയ ടോട്ടല്‍ പിന്തുടരാനിറങ്ങിയ ഇംഗ്ലണ്ട് 34.5 ഓവറില്‍ 129 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ് നിരയില്‍ മുഹമ്മദ് ഷമി നാല് വിക്കറ്റും ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഇന്ത്യ 100 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യയുടെ തുടര്‍ച്ചയായ ആറാം ജയമായിരുന്നു ഇത്.

തോല്‍വിയോടെ നിലവിലെ ചാമ്പ്യന്‍മാരുടെ സെമി ഫൈനല്‍ സാധ്യതകള്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. ഇംഗ്ലണ്ടിന് ഓസ്‌ട്രേലിയയുമായും നെതര്‍ലാന്‍ഡ്സുമായുമാണ് ഇനി മത്സരങ്ങളുള്ളത്.

Content Highlight: England will miss out on the 2025 ICC Champions Trophy if they do not finish in the top eight in the World Cup points table.

Latest Stories

We use cookies to give you the best possible experience. Learn more