| Thursday, 25th January 2024, 3:40 pm

ഇതാണ് ആ സര്‍പ്രൈസ്; ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 246ന് ഓള്‍ ഔട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് 246 ഓള്‍ ഔട്ട്. ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. 61.3 ഓവര്‍ പിന്നിട്ടപ്പോള്‍ 246 റണ്‍സിനാണ് ത്രീ ലയേണ്‍സ് തകര്‍ന്നത്.

ഓപ്പണര്‍മാരായ സാക്ക് ക്രോളി 20 (40), ബെന്‍ ഡക്കറ്റ് 35 (39) എന്നിവരെ പറഞ്ഞയച്ചു കൊണ്ടായിരുന്നു ഇന്ത്യന്‍ സ്പിന്‍ മാന്ത്രികം ആരംഭിച്ചത്. രവിചന്ദ്രന്‍ അശ്വിന്‍ ആണ് ഇരുവരുടെയും വിക്കറ്റ് നേടിയത്.

ശേഷം ഇറങ്ങിയ ഒല്ലി പോപ് 1 (11), ജോ റൂട്ട് 29 (60) എന്നിവരെ രവിചന്ദ്ര ജഡേജയും കീഴടക്കിയതോടെ ഇംഗ്ലണ്ടിന്റെ ടോപ്പ് ഓര്‍ഡര്‍ തകിടം മറിയുകയായിരുന്നു. ഒലി പോപ്പിന്റെ വിക്കറ്റ് സ്ലിപ്പില്‍ രോഹിത് ശര്‍മ ഐതിഹാസികമായ ഒരു ഡൈവില്‍ കയ്യില്‍ ഒതുക്കുകയായിരുന്നു.

മധ്യനിരയിലിറങ്ങിയ ജോണി ബെയര്‍‌സ്റ്റോ 58 പന്തില്‍ 37 റണ്‍സ് നേടി നില്‍ക്കെ അക്‌സര്‍ പട്ടേലിന്റെ പന്തില്‍ പുറത്താകുകയായിരുന്നു. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സിന്റെ മികവിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍ എത്തിയത്. 88 പന്തില്‍ മൂന്ന് സിറുകളും ആറ് ബൗണ്ടറികളും അടക്കം 70 റണ്‍സാണ് താരം നേടിയത്. അവസാന ഘട്ടത്തില്‍ ബുംറയാണ് സ്റ്റോക്‌സിന്റെ വിക്കറ്റ് നേടിയത്.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബെന്‍ ഫോക്‌സ് 24 പന്ത് കളിച്ചെങ്കിലും നാല് റണ്‍സിന് മടങ്ങുകയായിരുന്നു. അക്‌സര്‍ പട്ടേല്‍ ആണ് താരത്തിന്റെ വിക്കറ്റ് നേടിയത്.

13 റണ്‍സിന് രഹാന്‍ അഹമ്മദിനെ പുറത്താക്കി ജസ്പ്രീത് ബുംറ ആദ്യ വിക്കറ്റ് നേടുകയും ചെയ്തു. മിഡില്‍ ഓര്‍ഡര്‍ തകര്‍ച്ചയില്‍ 23 (24) റണ്‍സ് നേടിയ ടോം ഹാര്‍ട്ട്‌ലിയെ പുറത്താക്കി ജഡേജ വീണ്ടും വിക്കറ്റ് വീഴ്ത്തി. 11 റണ്‍സ് നേടിയ മാര്‍ക്ക് വുഡിനെ പുറത്താക്കി അശ്വിനും മൂന്നാം വിക്കറ്റ് തികച്ചു.

ഇന്ത്യന്‍ സ്പിന്‍ ബൗളിങ്ങിന്റെ കരുത്തിലാണ് ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ തളച്ചത്.

Content Highlight: England were all out for 246 runs in the first innings

We use cookies to give you the best possible experience. Learn more