'എത്ര പണം വേണമെങ്കിലും മുടക്കും; അര്‍ജന്റീനക്കെതിരെ കളിക്കണം'; വരുന്നു ഇംഗ്ലണ്ട്-അര്‍ജന്റീന ക്ലാസിക് പോരാട്ടം 🔥
Football
'എത്ര പണം വേണമെങ്കിലും മുടക്കും; അര്‍ജന്റീനക്കെതിരെ കളിക്കണം'; വരുന്നു ഇംഗ്ലണ്ട്-അര്‍ജന്റീന ക്ലാസിക് പോരാട്ടം 🔥
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 22nd August 2023, 1:09 pm

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീന –  ഇംഗ്ലണ്ട് ക്ലാസിക് പോരാട്ടം അരങ്ങേറാനൊരുങ്ങുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ മത്സരം സംഘടിപ്പിക്കുക എന്ന ലക്ഷ്യവുമായി ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി ചര്‍ച്ച നടത്തിയതായാണ് സൂചന.

ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഒരു സൗഹൃദ മത്സരം നടത്താന്‍ ആവശ്യപ്പെടുന്ന തുക 50 ലക്ഷം ഡോളറാണ്. ഇംഗ്ലണ്ടിനെതിരായ ലയണല്‍ മെസിയുടെ ആദ്യ മത്സരത്തിന് എത്ര പണം വേണമെങ്കിലും മുടക്കാന്‍ തയ്യാറാണെന്നാണ് ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ ചീഫ് എക്‌സ്‌ക്യൂട്ടീവ് മാര്‍ക്ക് ബുള്ളിങ്ഹാം പറഞ്ഞത്.

നിലവിലെ ഇന്റര്‍ നാഷണല്‍ കലണ്ടര്‍ പ്രകാരം വളരെ കുറച്ച് മത്സരം മാത്രമാണ് ഇംഗ്ലണ്ടിന് കളിക്കാന്‍ കഴിയുക. പക്ഷെ അര്‍ജന്റീനക്കെതിരെ എന്തായാലും ഒരു മത്സരമെങ്കിലും കളിക്കണമെന്ന് തന്നെയാണ് ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്റെ തീരുമാനം.

ലോക ഫുട്‌ബോളിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളില്‍ ഇംഗ്ലണ്ട്-അര്‍ജന്റീന മത്സരങ്ങള്‍ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. 1986ലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. മറഡോണയുടെ ‘ദൈവത്തിന്റെ കൈ’യും മാസ്മരിക ഗോളും ചേര്‍ന്ന മത്സരത്തില്‍ അര്‍ജന്റീന 2-1ന് വിജയിച്ചിരുന്നു. 1996, 1998, 2002 ലോകകപ്പുകളിലും ഇരു രാജ്യങ്ങളും തമ്മില്‍ അവിസ്മരണീയ പോരാട്ടം നടത്തിയിരുന്നു.

2005ലാണ് ഇരു രാജ്യങ്ങളും അവസാനമായി കൊമ്പുകോര്‍ത്തത്. ജനീവയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ഇംഗ്ലണ്ട് 3-2ന് ജയിക്കുകയായിരുന്നു. ഇരട്ട ഗോളുമായി മൈക്കല്‍ ഓവനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയശില്പി. എന്നിരുന്നാലും, ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള മാസ്മരിക പോരാട്ടത്തിനായി.

അതേസമയം, വെംബ്ലിയിലാണ് അര്‍ജന്റീന-ഇംഗ്ലണ്ട് പോരിനായി വേദിയൊരുങ്ങുക.

Content Highlights: England wants to play friendly match against Argentina