| Saturday, 27th August 2022, 8:34 am

ഹാഫ് സെഞ്ച്വറി തികക്കുമ്പോ ദേ ഇങ്ങനെ നേടണം, എന്താ ഒരു ക്ലാസ്! എന്താ ഒരു സ്‌റ്റൈല്‍! തരംഗമായി സ്‌റ്റോക്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടതിന്റെ വാശി തീര്‍ക്കാന്‍ ഇറങ്ങിയ ഇംഗ്ലണ്ടിന് പിഴച്ചില്ല. ബാസ് ബോളിനെ കളിയാക്കിയവര്‍ക്കുള്ള മറുപടിയായിരുന്നു ത്രീ ലയണ്‍സിന്റെ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സ്.

ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തൂത്തുവാരിയ പ്രോട്ടീസ് സ്വപ്‌നത്തില്‍ പോലും ഇങ്ങനെ ഒരു തിരിച്ചടി പ്രതീക്ഷിച്ചുകാണില്ല. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്കക്ക് തുടക്കം മുതല്‍ തന്നെ പിഴക്കുന്ന കാഴ്ചയായിരുന്നു കണ്ടത്.

ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍ 42 പന്തില്‍ നിന്നും 12 റണ്‍സ് മാത്രമെടുത്ത് പുറത്തായപ്പോള്‍ സഹ ഓപ്പണര്‍ സാരെല്‍ എര്‍വി മൂന്ന് റണ്‍സ് മാത്രമാണ് നേടിയത്. മുന്‍നിര ബാറ്റര്‍മാരെല്ലാം പതറിയപ്പോള്‍ പേസര്‍ കഗീസോ റബാദയായിരുന്നു പിടിച്ചുനിന്നത്.

വമ്പനടിക്ക് പേരുകേട്ട സൗത്ത് ആഫ്രിക്കന്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നടിഞ്ഞപ്പോള്‍ റബാദ ടീമിന്റെ ടോപ് സ്‌കോററായി മാറുന്ന കാഴ്ചയായിരുന്നു കണ്ടത്. 72 പന്തില്‍ നിന്നും 36 റണ്‍സാണ് റബാദ സ്വന്തമാക്കിയത്. 21 റണ്‍സ് വീതം സ്വന്തമാക്കിയ കീഗന്‍ പീറ്റേഴ്‌സണും കൈല്‍ വെരെയെന്നെയുമാണ് ടീമിന്റെ അടുത്ത റണ്‍വേട്ടക്കാര്‍.

ഒടുവില്‍ പത്ത് വിക്കറ്റും കയ്യില്‍ നിന്നും പോകുമ്പോള്‍ 151 റണ്‍സ് മാത്രമാണ് പ്രോട്ടീസിന് സ്വന്തമാക്കാനായത്.

ജെയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. ഒലി റോബിന്‍സണും സാക്ക് ലീച്ചുമാണ് ഇംഗ്ലണ്ടിനായി വിക്കറ്റ് വീഴ്ത്തിയ മറ്റ് ബൗളര്‍മാര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബെന്‍ ഫോക്‌സിന്റെയും ചിറകിലേറി പറപറന്നു. ഇരുവരും സെഞ്ച്വറി തികക്കുകയും മറ്റ് താരങ്ങള്‍ പിന്തുണ നല്‍കുകയും ചെയ്തതോടെ ഇംഗ്ലീഷ് സ്‌കോര്‍ 415ലേക്കുയര്‍ന്നു. ഒടുവില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതായി അറിയിക്കുകയായിരുന്നു.

ഇംഗ്ലണ്ടിന്റെ മാസ്മരിക തിരിച്ചുവരവിന് പുറമെ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ ഇന്നിങ്‌സാണ് ശ്രദ്ധ നേടുന്നത്. താരം അര്‍ധ സെഞ്ച്വറി നേടിയ ഷോട്ടാണ് ക്രിക്കറ്റ് ആരാധകര്‍ ഇപ്പോള്‍ ആഘോഷമാക്കുന്നത്.

പ്രോട്ടീസ് ബൗളര്‍ സൈമണ്‍ ഹാമ്മറിനെ സിക്‌സറിന് തൂക്കിയായിരുന്നു സ്‌റ്റോക്‌സ് അര്‍ധ സെഞ്ച്വറി തികച്ചത്. സ്‌റ്റോക്‌സ് അടിച്ചുപറത്തിയ പന്ത് ചെന്നെത്തിയതാവട്ടെ ഇംഗ്ലണ്ട് ഡ്രസ്സിങ് റൂമിലും.

സിക്‌സറിന്റെ വീഡിയോയും ഇംഗ്ലണ്ടിന്റെ മികച്ച പ്രകടനവും ആരാധകര്‍ ആഘോഷമാക്കുന്നുണ്ട്.

അതേസമയം, രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ സൗത്ത് ആഫ്രിക്ക ഒമ്പത് ഓവറില്‍ വിക്കറ്റ് നഷ്‌പ്പെടാതെ 23 റണ്‍സ് എന്ന നിലയിലാണ്. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ പ്രോട്ടീസ് ഇനി 241 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കണം.

Content Highlight: England vs South Africa, England Captain Ben Stokes Scores Half Century In Style

Latest Stories

We use cookies to give you the best possible experience. Learn more