ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് ടെസ്റ്റ് മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നാം ദിനം പിന്നിട്ടപ്പോള്‍ ഇംഗ്ലണ്ടിന് 5 വിക്കറ്റ് ബാക്കി വിജയിക്കാന്‍ നില്‍ക്കെ 61 റണ്‍സ് വേണം . 77 റണ്ണുമായി ജോ റൂട്ട് ക്രീസില്‍ നില്‍പ്പുണ്ട്.
മൂന്നാം ദിനം ഇംഗ്ലണ്ടിന്റെ ബാറ്റിംഗിനിടെ 2019 ലോകകപ്പിലെ ഫെയ്മസായ ഒരു രംഗം ആവര്‍ത്തിച്ചു. ക്രിക്കറ്റ് പ്രേമികള്‍ ആരും പെട്ടെന്ന് മറക്കാന്‍ ഇടയില്ലാത്ത രംഗമായിരുന്നു അവസാന ഓവറില്‍ ബെന്‍ സ്‌റ്റോക്‌സിനെ റണ്‍ ഔട്ടാക്കാനായി എറിഞ്ഞ ത്രോ അയാളുടെ ബാറ്റില്‍ തട്ടി ഫോര്‍ പോയ രംഗം.
രണ്ട് കൈകളും ഉയര്‍ത്തിക്കൊണ്ട് സ്‌റ്റോക്‌സ് അപ്പോള്‍ തന്നെ ക്ഷമാപണം നടത്തിയിരുന്നു. എങ്കിലും ആ ഒരു ഇന്‍സിഡെന്റില്‍ ന്യൂസിലാന്‍ഡ് മത്സരം തോല്‍ക്കുകയായിരുന്നു.
ഇപ്പോഴിതാ ആ ഒരു രംഗത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള സംഭവം വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. മൂന്നാം ദിവസത്തെ അവസാന സെഷനിലായിരുന്നു സംഭവം നടക്കുന്നത്.
ഇംഗ്ലണ്ട് നായകന്‍ സ്റ്റോക്സ് നോണ്‍-സ്‌ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കുന്നു, മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ട് ട്രെന്റ് ബോള്‍ട്ടിന്റെ പന്ത് പുള്‍ ഷോട്ട് കളിക്കുന്നു. കിവീസ് താരം മികച്ച രീതിയല്‍ ഫീല്‍ഡ് ചെയതുകൊണ്ട് ബൗളറുടെ എന്‍ഡിലേക്ക് പന്ത് തിരികെ എറിയുകയും ചെയ്തു.
റണ്‍ എടുക്കുന്നതിനായി ക്രീസില്‍ നിന്നിറങ്ങിയ സ്റ്റോക്സിനെ ഉടന്‍ തന്നെ റൂട്ട് മടക്കി അയച്ചു. സ്റ്റോക്‌സ് കൃത്യസമയത്ത് തിരിച്ച് ക്രീസിലെത്തിയപ്പോള്‍, ത്രോ അയാളുടെ ബാറ്റില്‍ തട്ടി ഒരു ഓവര്‍ത്രോയായി മാറി, ഫീല്‍ഡിലുള്ള കളിക്കാരെയും കമന്ററി ബോക്സിലുമുള്ളവരെയും ഓര്‍മ്മകള്‍ 2019 ജൂലൈ 14-ലേക്ക് തിരികെ കൊണ്ടുപോയി.
ബെന്‍ സ്‌റ്റോക്‌സും, റൂട്ടും അന്നത്തെപോലെ കൈ ഉയര്ത്തികൊണ്ട് മാപ്പ് അപേക്ഷിച്ചു. ബോള്‍ട്ട് ചിരിച്ചുകൊണ്ട് പഴയ ഓര്‍മകളിലേക്ക് പോകുകയും ചെയ്തു. 2019ലും ഇന്നും ഈ സംഭവങ്ങള്‍ നടന്നത് ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സിലായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
2019 ലോകകപ്പ് ഫൈനലിന്റെ അവസാന മൂന്ന് പന്തില്‍ ഒമ്പത് റണ്‍സ് വേണ്ടിയിരുന്നപ്പോള്‍, ഒരു റണ്‍ പൂര്‍ത്തിക്കുകയായിരുന്നു സ്റ്റോക്‌സ് ഡൈവ് ചെയ്യുകയും സ്റ്റോക്‌സിന്റെ ബാറ്റില്‍ തട്ടിയ ത്രോ ബൗണ്ടറിയിലേക്ക് നയിക്കുകയും ചെയ്തു.
ഇംഗ്ലണ്ട് അതിനകം രണ്ട് റണ്‍സ് ഓടി നേടിയതിനാല്‍, അവര്‍ക്ക് ആ പന്തില്‍ നിന്നും ആറ് റണ്‍സ് ലഭിച്ചു. മത്സരം നാടകീയമായ ടൈയില്‍ അവസാനിച്ചു. പിന്നീട് കളിച്ച സൂപ്പര്‍ ഓവറും ടൈയില്‍ അവസാനിച്ചപ്പോള്‍ ഗെയിമില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയതിന്റെ അടിസ്ഥാനത്തില്‍ ഇയോണ്‍ മോര്‍ഗന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ലോകകപ്പ് ജേതാക്കളാകുകയും ചെയതു.
ഇരുവരും ആദ്യ ലോകകപ്പിനായി പോരാടിയ മത്സരമായിരുന്നു ആ ഫൈനല്‍. ഒടുവില്‍ ഭാഗ്യം ഇഗ്ലണ്ടിന്റെ കൂടെ നില്‍ക്കുകയായിരുന്നു. ഒരുപാട് ചര്‍ച്ചകള്‍ക്ക് ഈ ഫൈനല്‍ വഴിയൊരുക്കിയരുന്നു.
Content Highlights: Ben Stokes and Trent Boult recreated Icc worldcup 2019 scene