ഇന്ത്യക്കായി തന്റെ നൂറാം മത്സത്തില്‍ പന്തെറിഞ്ഞാണ് അശ്വിന്‍ ധര്‍മശാലയില്‍ തന്റെ കരിയറിനെ സമ്പൂര്‍ണമാക്കിയത്. മത്സരത്തില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. ഇതിന് പുറമെ സീനിയര്‍ താരമെന്ന നിലയില്‍ കുല്‍ദീപ് യാദവ് അടക്കമുള്ള താരങ്ങളുടെ കോണ്‍ഫിഡന്‍സ് ലെവല്‍ വര്‍ധിപ്പിക്കാനും ‘ആഷ് ഭായി’ക്ക് സാധിച്ചിരുന്നു.
അവസാന മത്സരത്തില്‍ ഒമ്പത് വിക്കറ്റാണ് അശ്വിന്‍ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ കരിയറിലെ 36ാം ഫൈഫറും സ്വന്തമാക്കി.
ആദ്യ ഇന്നിങ്‌സില്‍ ബെന്‍ ഫോക്‌സ്, ടോം ഹാര്‍ട്‌ലി, മാര്‍ക് വുഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരെ മടക്കിയ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണര്‍മാരായ സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, സൂപ്പര്‍ താരം ഒല്ലി പോപ്പ്, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്, ബെന്‍ ഫോക്‌സ് എന്നിവരെയും പുറത്താക്കി.
രണ്ടാം ഇന്നിങ്‌സിലെ അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും അശ്വിന്‍ സ്വന്തമാക്കിയിരുന്നു. കരിയറിലെ നൂറാം ടെസ്റ്റില്‍ ഫൈഫര്‍ നേടുന്ന ചരിത്രത്തിലെ നാലാമത് മാത്രം ബൗളര്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.
നൂറാം ടെസ്റ്റില്‍ ഫൈഫര്‍ നേടിയ താരങ്ങള്‍
(താരം – ടീം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ഷെയ്ന്‍ വോണ്‍ – ഓസ്ട്രേലിയ – സൗത്ത് ആഫ്രിക്ക – 2002
അനില്‍ കുംബ്ലെ – ഇന്ത്യ – ശ്രീലങ്ക – 2005
മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – ബംഗ്ലാദേശ് – 2006
ആര്‍. അശ്വിന്‍ – ഇന്ത്യ – ഇംഗ്ലണ്ട് – 2024
ബൗളിങ്ങില്‍ തിളങ്ങിയെങ്കിലും തന്റെ കരിയര്‍ മൈല്‍ സ്‌റ്റോണില്‍ ബാറ്റുകൊണ്ട് തിളങ്ങാന്‍ അശ്വിന് സാധിച്ചിരുന്നില്ല. എട്ടാം നമ്പറില്‍ ഇന്ത്യക്കായി ചരിത്രത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരത്തിന് എന്നാല്‍ നൂറാം ടെസ്റ്റില്‍ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ പവലിയനിലേക്ക് തിരിച്ചുനടക്കാനായിരുന്നു വിധി.
ധര്‍മശാലയില്‍ ഇന്ത്യ ഇന്നിങ്‌സ് വിജയം നേടിയതോടെ നൂറാം ടെസ്റ്റില്‍ ഒറ്റ റണ്‍സ് കണ്ടെത്താനും അശ്വിന് സാധിച്ചില്ല.
ഇതോടെ ഒരു മോശം റെക്കോഡും അശ്വിനെ തേടിയെത്തിയിരുന്നു. നൂറാം ടെസ്റ്റില്‍ പൂജ്യത്തിന് പുറത്താകുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് അശ്വിന്‍ ചെന്നെത്തിപ്പെട്ടത്.
ക്രിക്കറ്റ് ഇതിഹാസം അലന്‍ ബോര്‍ഡര്‍ മുതല്‍ ന്യൂസിലാന്‍ഡ് ലെജന്‍ഡും ഇംഗ്ലണ്ട് പരിശീലകനുമായ ബ്രണ്ടന്‍ മക്കെല്ലവും അശ്വിന് മുമ്പ് ഇന്ത്യക്കായി 100ാം ടെസ്റ്റ് കളിച്ച ചേതേശ്വര്‍ പൂജാരയും ഉള്‍പ്പെടുന്ന ലിസ്റ്റിലേക്കാണ് അശ്വിമനുമെത്തിയത്.
നൂറാം ടെസ്റ്റില്‍ പൂജ്യത്തിന് പുറത്താകുന്ന താരങ്ങള്‍
(താരം – ടീം എന്നീ ക്രമത്തില്‍)
ദിലീപ് വെങ്സര്‍ക്കാര്‍ – ഇന്ത്യ
സര്‍ അലന്‍ ബോര്‍ഡര്‍ – ഓസ്ട്രേലിയ
കോട്നി വല്‍ഷ് – വെസ്റ്റ് ഇന്‍ഡീസ്
മാര്‍ക് ടെയ്ലര്‍ – ഓസ്ട്രേലിയ
സ്റ്റീഫന്‍ ഫ്ളെമിങ് – ന്യൂസിലാന്‍ഡ്
അലിസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട്
ബ്രണ്ടന്‍ മക്കെല്ലം – ന്യൂസിലാന്‍ഡ്
ചേതേശ്വര്‍ പൂജാര – ഇന്ത്യ
ആര്‍. അശ്വിന്‍ – ഇന്ത്യ
Content Highlight: England vs India: Ashwin with good and bad record in 100th test