കെണിയൊരുക്കി കൊഹ്‌ലിയെ പൂട്ടണമെന്ന് മൈക്കല്‍ വോണ്‍; ഇന്ത്യ ആധിപത്യം പുലര്‍ത്തുമെന്ന് ജഡേജ
Cricket
കെണിയൊരുക്കി കൊഹ്‌ലിയെ പൂട്ടണമെന്ന് മൈക്കല്‍ വോണ്‍; ഇന്ത്യ ആധിപത്യം പുലര്‍ത്തുമെന്ന് ജഡേജ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 31st July 2018, 11:27 pm

എഡ്ജ്ബാസ്റ്റണ്‍: ഇന്ത്യയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ജയിക്കാനുള്ള തന്ത്രം പറഞ്ഞ് കൊടുത്ത് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ആക്രമിച്ചു കളിക്കുന്ന കോലിയെ ആക്രമിച്ചു തന്നെ നേരിടണമെന്നാണ് വോണിന്റെ ഉപദേശം. എഡ്ജ്ബാസ്റ്റണില്‍ കളിക്കുന്നു എന്നതാണ് ഇംഗ്ലണ്ടിനുള്ള മുന്‍തൂക്കമെന്നും അവിടെ നമ്മള്‍ തോല്‍ക്കില്ലെന്നും വോണ്‍ പറഞ്ഞു.

“എഡ്ജ്ബാസ്റ്റണില്‍ കളിക്കുന്നു എന്നതാണ് ഇംഗ്ലണ്ടിനുള്ള മുന്‍തൂക്കം. അവിടെ നമ്മള്‍ തോല്‍ക്കില്ല. ബ്രോഡും ആന്‍ഡേഴ്സണും ഈ ഗ്രൗണ്ടില്‍ ബൗള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്. അവര്‍ കോലിയെ ചലഞ്ച് ചെയ്ത് ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ നിര്‍ബന്ധിതനാക്കണം. ഓഫ് സ്റ്റമ്പിന് പുറത്ത് വേണം പന്തെറിയാന്‍. അതിനിടയില്‍ ഒരു പന്ത് സ്ട്രൈറ്റായി ചെയ്യണം. അതോടെ കോലി ലൈനിന് കുറുകെ കളിക്കാന്‍ നിര്‍ബന്ധിതനാകും. ആ സമയം മുതലെടുക്കണം.” മൈക്കല്‍ വോണ്‍ പറയുന്നു.


Read Also : അനുഭവത്തിന്റെ ചൂടില്‍ അങ്ങയെ ഓര്‍മിപ്പിക്കുന്നു; അമേരിക്കയില്‍ പോകുന്ന മുഖ്യമന്ത്രിക്ക് ജി കാര്‍ത്തികേയന്റെ ഭാര്യയുടെ കുറിപ്പ്


 

കോലി ഓഫ് സൈഡിലേക്ക് ഫ്രണ്ട് ഫൂട്ടില്‍ കയറി കളിക്കുമെന്നും അതോടെ ഓഫ് സ്റ്റമ്പ് എവിടെയാണെന്നതില്‍ ആശങ്കയാകുമെന്നും ഈ സാഹചര്യത്തില്‍ കോലി ഔട്ട് സൈഡ് എഡ്ജായി പുറത്താകാനുള്ള സാധ്യത കൂടുതലാണെന്നും മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ പറയുന്നു. ഏകദിനത്തില്‍ ഇംഗ്ലണ്ട് ഇതുമുമ്പ് പരീക്ഷിച്ചിട്ടുണ്ടെന്നും വോണ്‍ വ്യക്തമാക്കുന്നു,

എന്നാല്‍ പരമ്പരയില്‍ ഇന്ത്യ ആധിപത്യം പുലര്‍ത്തുമെന്നാണ് രവീന്ദ്ര ജഡേജ തറപ്പിച്ച് പറയുന്നത്. ആദ്യ മത്സരത്തിലെ പ്രകടനമാണ് ഏറെ പ്രധാനമെന്ന് പറഞ്ഞ ജഡേജ ആ ഫലത്തെ ആശ്രയിച്ചാവും പരമ്പര നിശ്ചയിക്കപ്പെടുന്നതെന്നും വ്യ്ക്തമാക്കി. 2014ലെ അപേക്ഷിച്ച് ഇത്തവണ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കുവാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നാണ് ജഡേജ പറഞ്ഞത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ടീമിലെ താരങ്ങള്‍ക്ക് കൂടുതല്‍ പരിചയ സമ്പത്തുണ്ടെന്നാണ് ജഡേജ പറഞ്ഞത്.

2014ലെ ടീമിലെ അംഗങ്ങള്‍ക്ക് ഇംഗ്ലണ്ടില്‍ അന്തരീക്ഷത്തെക്കുറിച്ച് മുന്‍ ധാരണയില്ലായിരുന്നു. എന്നാല്‍ ഇത്തവണ അതല്ല സ്ഥിതി. ടെസ്റ്റ് ക്രിക്കറ്റിലും ആവശ്യത്തിനു മുന്‍ പരിചയം സ്വായത്തമാക്കുവാന്‍ ടീമംഗങ്ങള്‍ക്കായിട്ടുണ്ട് എന്ന് ജഡേജ പറഞ്ഞു.