കാര്‍ഡിഫ്: ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരേ ആതിഥേയരായ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. ജേസണ്‍ റോയുടെയും ജോസ്ബട്‌ലറുടെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ കരുത്തിലാണ് ഇംഗ്ലീഷ് പട കൂറ്റാന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 386 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്.
ഒന്‍പതാം ഏകദിന സെഞ്ചുറി സ്വന്തമാക്കിയ ഓപ്പണര്‍ ജേസണ്‍ റോയാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. 92 പന്തില്‍ നിന്നാണ് റോയ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 5 സിക്‌സും 14 ഫോറും ഉള്‍പ്പടെ 121 പന്തില്‍ 153 റണ്‍സെടുത്താണ് റോ പുറത്തായത്.
മികച്ച തുടക്കമാണ് ഓപണര്‍മാര്‍ നല്‍കിയത്. റോയും ബെയര്‍സ്റ്റോയും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ നേടിയത് 128 റണ്‍സായിരുന്നു. 50 പന്തില്‍ നിന്ന് 51 റണ്‍സെടുത്താണ് ബെയര്‍സ്റ്റോ പുറത്തായത്. 44 പന്തില്‍ 64 റണ്‍സ് അടിച്ചെടുത്ത് ബട്‌ലറും അടിത്തറപാകി.
ആദ്യം റോയ്, പിന്നെ ബട്‌ലര്‍, ജോണി ബൈര്‍സ്റ്റോ ഒടുവില്‍ വോക്‌സും പ്ലങ്കറ്റും, ബംഗ്ലാദേശ് ബൗളര്‍മാരെ നിര്‍ത്താതെ തലങ്ങും വിലങ്ങും അടിച്ചുപറത്തി റണ്‍മല ഉയര്‍ത്തുകയായിരുന്നു ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ ഓരോന്നും.
ബംഗ്ലാദേശിനു വേണ്ടി മെഹ്ദി ഹസനും മുഹമ്മദ് സൈഫുദ്ദീനും രണ്ട് വീതം വിക്കറ്റ് നേടി.
ദക്ഷിണാഫ്രിക്കയെ 104 റണ്‍സിന് തകര്‍ത്ത് ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഉജ്വല തുടക്കം കുറിച്ചവരാണ് ആതിഥേയരായ ഇംഗ്ലണ്ട്. എന്നാല്‍, രണ്ടാമത്തെ മത്സരത്തില്‍ പാകിസ്താനോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി. ഈ പരാജയത്തില്‍ നിന്ന് വിജയവഴിയിലേയ്ക്ക് തിരിച്ചുവരിക എന്ന ലക്ഷ്യവുമായാണ് ആതിഥേയര്‍ മൂന്നാം മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിടാനിറങ്ങുന്നത്.
ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചുകൊണ്ടായിരുന്നു ബംഗ്ലാദേശിന്റെ തുടക്കം. 21 റണ്‍സിനായിരുന്നു ജയം. എന്നാല്‍, രണ്ടാം മത്സരത്തില്‍ അവര്‍ക്കും അടിപതറി. ന്യൂസീലന്‍ഡിനോട് രണ്ട് വിക്കറ്റിനായിരുന്നു തോല്‍വി. ഇംഗ്ലണ്ടിനെ പോലെ തന്നെ തോല്‍വിയുടെ ആഘാതം മറന്ന് വീണ്ടും ജയിച്ചു തുടങ്ങുകയാണ് ബംഗ്ലാദേശിന്റെയും ലക്ഷ്യം.