സ്പിന്നര്‍മാരുടെ ആറാട്ട്; കങ്കാരുപ്പട ഇംഗ്ലണ്ടിനെ വരച്ച വരയില്‍ നിര്‍ത്തി
Sports News
സ്പിന്നര്‍മാരുടെ ആറാട്ട്; കങ്കാരുപ്പട ഇംഗ്ലണ്ടിനെ വരച്ച വരയില്‍ നിര്‍ത്തി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th September 2024, 10:05 pm

ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ച് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നടക്കുകയാണ്. ട്രെന്‍ഡ് ബ്രിഡ്ജില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് 49.4 ഓവറില്‍ 315 റണ്‍സിന് തകരുകയായിരുന്നു ഇംഗ്ലണ്ട്.

ഓസ്‌ട്രേലിയയുടെ തകര്‍പ്പന്‍ സ്പിന്‍ ബൗളിങ് അറ്റാക്കിലാണ് ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞത്. അരങ്ങേറ്റക്കാരനും ഫാസ്റ്റ് ബൗളറുമായ ബെന്‍ ദ്വാര്‍ഷ്യസ് എടുത്ത് ഒരു വിക്കറ്റ് ഒഴിച്ചാല്‍ ബാക്കിയുള്ള ഒമ്പത് വിക്കറ്റും പിഴിതെറിഞ്ഞത് സ്പിന്നര്‍മാരാണ്.

മാര്‍നസ് ലബുഷാന്‍, ആദം സാംപ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ട്രാവിസ് ഹെഡ് രണ്ട് വിക്കറ്റുകളും നേടി. മാറ്റ് ഷോട്ട് ഒരു വിക്കറ്റും സ്വന്തമാക്കി.

ഇംഗ്ലണ്ടിനുവേണ്ടി ഓപ്പണര്‍ ഫില്‍ സാള്‍ട്ട് 17 റണ്‍സിന് പുറത്തായപ്പോള്‍ ബെന്‍ ബക്കറ്റിന്റെ മിന്നും പ്രകടനത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. 91 പന്തില്‍ നിന്ന് 11 ഫോര്‍ അടക്കം 95 റണ്‍സാണ് താരം നേടിയത്. ശേഷം ഇറങ്ങിയ വില്‍ ജാക്‌സ് 62 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവച്ചു. തുടര്‍ന്ന് ക്യാപ്റ്റന്‍ ഹാരി ബ്രൂക് 39 റണ്‍സ് നേടി.

വിക്കറ്റ് കീപ്പര്‍ ജാമി സ്മിത് 23 റണ്‍സിന് പുറത്തായപ്പോള്‍ ലിയാം ലിവിങ്സ്റ്റണ്‍ 13 റണ്ണിനും കൂടാരം കയറി. പിന്നീട് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത് 35 റണ്‍സ് നേടിയ ജേക്കബ് ബെതെലാണ്. അവസാന ഘട്ടത്തില്‍ ബ്രൈഡന്‍ കര്‍സിനും ജോഫ്ര ആര്‍ച്ചറിനും ആദില്‍ റഷീദിനും രണ്ടക്കം കടക്കാനായില്ല.

നിലവില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ 10 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് ആണ് നേടിയത്. തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ മിച്ചല്‍ മാഷിനെ 10 റണ്‍സിന് നഷ്ടപ്പെട്ടപ്പോള്‍ ട്രാവിസ് ഹെഡ് 40 റണ്‍സുമായും സ്റ്റീവ് സ്മിത്ത് 17 റണ്‍സുമായും ക്രീസില്‍ തുടരുകയാണ്.

 

Content Highlight: England VS Australia ODI Match Update